അനുഗ്രഹീതമായ വെള്ളമാണ് സംസം വെള്ളം. ഇസ്ലാമിന്റെ ചരിത്രത്തിൽ സംസമിന് മഹത്തരമായ സ്ഥാനവും പങ്കുമുണ്ട്. സംസം ഒരേ സമയം വിശക്കുന്നവന് ഭക്ഷണവും, കുടിക്കുന്നവന് പാനീയവുമാണെന്ന് നബി -ﷺ- അറിയിച്ചതായി കാണാം.
സംസം വെള്ളം വുദു എടുക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് അനുവദനീയമാണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1] ഈ വിഷയത്തിൽ ഇജ്മാഉണ്ട് എന്നും ചില പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
ഇമാം ഹത്വാബ് -رَحِمَهُ اللَّهُ- പറഞ്ഞു: “അവയവങ്ങൾ (മാലിന്യമില്ലാതെ) ശുദ്ധിയുള്ള വ്യക്തി സംസം കൊണ്ട് വുദു എടുക്കുന്നത് അനുവദനീയമാണെന്നതിൽ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല. മറിച്ച്, സംസം കൊണ്ട് വുദു എടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട മുസ്തഹബ്ബായ കാര്യമാണെന്ന് വരെ ഇബ്നു ഹുബൈബിനെ പോലുള്ളവരിൽ നിന്ന് ചിലർ നിവേദനം ചെയ്തിട്ടുണ്ട്. സംസം കൊണ്ട് കുളിക്കുന്ന വിഷയവും ഇതു പോലെ തന്നെ.” (മവാഹിബുൽ ജലീൽ: 1/64)
നബി -ﷺ- സംസം വെള്ളം കൊണ്ട് വുദു എടുത്തത് ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ: أَنَّ النَّبِيَّ -ﷺ- دَعَا بسَجْلٍ مِنْ مَاءِ زَمْزَمَ، فَشَرِبَ مِنْهُ وَتَوَضَّأَ.
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു പ്രാത്രത്തിൽ സംസം വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടുന്ന് അതിൽ നിന്ന് കുടിക്കുകയും, വുദു എടുക്കുകയും ചെയ്തു.” (അഹ്മദ്: 564, ഹദീഥിന്റെ സനദ് ഹസനാണെന്ന് അൽബാനി -رَحِمَهُ اللَّهُ- വിലയിരുത്തിയിട്ടുണ്ട്.)
[1] الحنفية: الدر المختار للحصكفي وحاشية ابن عابدين: 1/180، حاشية الطحطاوي: ص 16.
المالكية: مواهب الجليل للحطَّاب: 1/64-66، حاشية العدوي: 1/200.
الشافعية: المجموع للنووي: 1/90،91، 2/120، تحفة المحتاج لابن حجر الهيتمي: 1/76.
الحنابلة: شرح منتهى الإرادات للبهوتي: 1/16.