ഇസ്‌ലാമിൽ പ്രത്യേക പരിഗണന നൽകപ്പെട്ട, പരിശുദ്ധവും അനുഗ്രഹീതവുമായ വെള്ളമാണ് സംസം വെള്ളം. കഅ്ബയോട് ചേർന്നുള്ള അല്ലാഹുവിന്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിലൊന്നാണ് സംസം. സംസമിന്റെ ചരിത്രം ആരംഭിച്ചത് വിശദമായി ഹദീഥിൽ വന്നിട്ടുണ്ട്.

عَنْ سَعِيدِ بْنِ جُبَيْرٍ، قَالَ ابْنُ عَبَّاسٍ: … جَاءَ بِهَا إِبْرَاهِيمُ وَبِابْنِهَا إِسْمَاعِيلَ وَهِيَ تُرْضِعُهُ، حَتَّى وَضَعَهُمَا عِنْدَ البَيْتِ عِنْدَ دَوْحَةٍ، فَوْقَ زَمْزَمَ فِي أَعْلَى المَسْجِدِ، وَلَيْسَ بِمَكَّةَ يَوْمَئِذٍ أَحَدٌ، وَلَيْسَ بِهَا مَاءٌ، فَوَضَعَهُمَا هُنَالِكَ، وَوَضَعَ عِنْدَهُمَا جِرَابًا فِيهِ تَمْرٌ، وَسِقَاءً فِيهِ مَاءٌ، ثُمَّ قَفَّى إِبْرَاهِيمُ مُنْطَلِقًا.

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: ഇബ്രാഹീം -عَلَيْهِ السَّلَامُ- ഹാജറിനെയും തന്റെ മകൻ ഇസ്മാഈലിനെയും കൊണ്ട് മക്കയിൽ വന്നു. ഇസ്മാഈലിന് ഹാജർ മുലപ്പാൽ കൊടുക്കുന്ന സമയമാണത്. അങ്ങനെ അവരെ രണ്ട് പേരെയും കഅ്ബയുടെ അരികിൽ, ഒരു വലിയ മരത്തിന്റെ അടുത്തായി അദ്ദേഹം വിട്ടേച്ചു. സംസമിന്റെ മുകളിൽ മസ്ജിദിന്റെ മേൽ ഭാഗത്തായിരുന്നു അത്.  അന്ന് മക്കയിൽ ആരുമില്ല. അവിടെ വെള്ളവുമുണ്ടായിരുന്നില്ല. അവരെ രണ്ട് പേരെയും അവിടെ വിട്ടുകൊണ്ട് പോകുമ്പോൾ, അവർക്ക് അടുത്തായി ഈത്തപ്പഴമുള്ള ഒരു തോൽപ്പാത്രവും, വെള്ളം നിറച്ച ഒരു വെള്ളപ്പാത്രവും അദ്ദേഹം അവർക്ക് വെച്ചു കൊടുത്തു. ശേഷം ഇബ്രാഹീം അവരെ വിട്ടുകൊണ്ട് തിരിഞ്ഞു നടന്നു.

فَتَبِعَتْهُ أُمُّ إِسْمَاعِيلَ فَقَالَتْ: يَا إِبْرَاهِيمُ، أَيْنَ تَذْهَبُ وَتَتْرُكُنَا بِهَذَا الوَادِي، الَّذِي لَيْسَ فِيهِ إِنْسٌ وَلاَ شَيْءٌ؟ فَقَالَتْ لَهُ ذَلِكَ مِرَارًا، وَجَعَلَ لاَ يَلْتَفِتُ إِلَيْهَا، فَقَالَتْ لَهُ: آللَّهُ الَّذِي أَمَرَكَ بِهَذَا؟ قَالَ نَعَمْ، قَالَتْ: إِذَنْ لاَ يُضَيِّعُنَا.

ഇസ്മാഈലിന്റെ ഉമ്മ (ഹാജർ) അദ്ദേഹത്തെ പിന്തുടർന്നു. അവർ പറഞ്ഞു: ഇബ്രാഹീം! ഒരു മനുഷ്യനോ ഒന്നുമില്ലാത്ത ഈ താഴ്വാരത്തിൽ ഞങ്ങളെ ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?! അവർ പല തവണ ചോദിച്ചെങ്കിലും ഇബ്രാഹീം അവരെ നോക്കിയതേയില്ല. ഹാജർ ചോദിച്ചു: അല്ലാഹുവാണോ താങ്കളോട് ഇപ്രകാരം കൽപ്പിച്ചത്?! അദ്ദേഹം പറഞ്ഞു: അതെ! അപ്പോൾ അവർ പറഞ്ഞു: എങ്കിൽ അവൻ ഞങ്ങളെ ഉപേക്ഷിക്കുകയില്ല.

ثُمَّ رَجَعَتْ، فَانْطَلَقَ إِبْرَاهِيمُ حَتَّى إِذَا كَانَ عِنْدَ الثَّنِيَّةِ حَيْثُ لاَ يَرَوْنَهُ، اسْتَقْبَلَ بِوَجْهِهِ البَيْتَ، ثُمَّ دَعَا بِهَؤُلاَءِ الكَلِمَاتِ، وَرَفَعَ يَدَيْهِ فَقَالَ: رَبِّ {إِنِّي أَسْكَنْتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ المُحَرَّمِ} [إبراهيم: 37]- حَتَّى بَلَغَ – {يَشْكُرُونَ} [إبراهيم: 37]

അങ്ങനെ അവർ തിരിച്ചു പോയി. മലമുകളിലുള്ള വഴിയിൽ -അവർക്ക് അദ്ദേഹത്തെ കാണാൻ സാധിക്കാത്തിടത്ത്- എത്തിയപ്പോൾ ഇബ്രാഹീം കഅ്ബയിലേക്ക് തിരിഞ്ഞു നിന്നു കൊണ്ട്, തന്റെ കൈകളുയർത്തി ഈ പ്രാർത്ഥന പ്രാർത്ഥിച്ചു. അദ്ദേഹം പറഞ്ഞു: “എന്റെ റബ്ബേ! എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! അവര്‍ നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചേക്കാം.”

وَجَعَلَتْ أُمُّ إِسْمَاعِيلَ تُرْضِعُ إِسْمَاعِيلَ وَتَشْرَبُ مِنْ ذَلِكَ المَاءِ، حَتَّى إِذَا نَفِدَ مَا فِي السِّقَاءِ عَطِشَتْ وَعَطِشَ ابْنُهَا، وَجَعَلَتْ تَنْظُرُ إِلَيْهِ يَتَلَوَّى، أَوْ قَالَ يَتَلَبَّطُ، فَانْطَلَقَتْ كَرَاهِيَةَ أَنْ تَنْظُرَ إِلَيْهِ.

അങ്ങനെ ഇസ്മാഈലിന്റെ ഉമ്മ ഇസ്മാഈലിന് മുലപ്പാൽ കൊടുത്തു കൊണ്ടിരുന്നു. അവർ (ഇബ്രാഹീം വെച്ചു കൊടുത്ത) വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തു. അങ്ങനെ പാത്രത്തിലെ വെള്ളം കഴിഞ്ഞപ്പോൾ അവർക്കും അവരുടെ കുഞ്ഞിനും ദാഹിക്കാൻ തുടങ്ങി. കുട്ടിയാകട്ടെ ദാഹം കാരണത്താൽ മരണലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. കുട്ടിയെ നോക്കാൻ സാധിക്കാതെ അവർ അവിടെ നിന്ന് മാറിനിന്നു.

فَوَجَدَتِ الصَّفَا أَقْرَبَ جَبَلٍ فِي الأَرْضِ يَلِيهَا، فَقَامَتْ عَلَيْهِ، ثُمَّ اسْتَقْبَلَتِ الوَادِيَ تَنْظُرُ هَلْ تَرَى أَحَدًا فَلَمْ تَرَ أَحَدًا، فَهَبَطَتْ مِنَ الصَّفَا حَتَّى إِذَا بَلَغَتِ الوَادِيَ رَفَعَتْ طَرَفَ دِرْعِهَا، ثُمَّ سَعَتْ سَعْيَ الإِنْسَانِ المَجْهُودِ حَتَّى جَاوَزَتِ الوَادِيَ، ثُمَّ أَتَتِ المَرْوَةَ فَقَامَتْ عَلَيْهَا وَنَظَرَتْ هَلْ تَرَى أَحَدًا فَلَمْ تَرَ أَحَدًا، فَفَعَلَتْ ذَلِكَ سَبْعَ مَرَّاتٍ, قَالَ ابْنُ عَبَّاسٍ: قَالَ النَّبِيُّ -ﷺ-: «فَذَلِكَ سَعْيُ النَّاسِ بَيْنَهُمَا»

അവരോട് ഏറ്റവും അടുത്തുള്ള മല സ്വഫാ മലയാണെന്ന് കണ്ട അവർ അതിന്റെ മേൽ കയറി. ശേഷം താഴ്വാരത്തിൽ ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. പക്ഷേ അവർ ആരെയും കണ്ടില്ല. അങ്ങനെ അവർ സ്വഫയിൽ നിന്നിറങ്ങി താഴ്വാരത്തിലേക്കെത്തി. തന്റെ വസ്ത്രത്തിന്റെ അറ്റം ഉയർത്തിപ്പിടിച്ചു കൊണ്ട്, പരിക്ഷീണയായി കൊണ്ട് അവർ ഓടാൻ തുടങ്ങി. അങ്ങനെ താഴ്വാരം കടന്ന് മർവയുടെ മുകളിൽ അവർ എത്തി. അതിന്റെ മേലെ നിന്നു കൊണ്ട് ആരെയെങ്കിലും കാണുന്നുണ്ടോ എന്ന് അവർ നോക്കി. പക്ഷേ ആരെയും കണ്ടില്ല. അങ്ങനെ ഏഴ് തവണ അവർ ചെയ്തു. നബി -ﷺ- പറഞ്ഞു: സ്വഫാക്കും മർവക്കും ഇടയിൽ ജനങ്ങൾ ഏഴുതവണ ഓടുന്നത് അതുകൊണ്ടാണ്.

فَلَمَّا أَشْرَفَتْ عَلَى المَرْوَةِ سَمِعَتْ صَوْتًا، فَقَالَتْ صَهٍ – تُرِيدُ نَفْسَهَا -، ثُمَّ تَسَمَّعَتْ، فَسَمِعَتْ أَيْضًا، فَقَالَتْ: قَدْ أَسْمَعْتَ إِنْ كَانَ عِنْدَكَ غِوَاثٌ.

അങ്ങനെ അവർ മർവക്ക് മുകളിലെത്തിയപ്പോൾ ഒരു ശബ്ദം കേട്ടു. (ശബ്ദം എന്താണെന്ന് ശ്രദ്ധിക്കുന്നതിനായി) അവർ സ്വന്തത്തോട് തന്നെ പറഞ്ഞു: ‘മിണ്ടാതിരിക്ക്!’ ശേഷം അവർ കാതോർത്തു. അപ്പോൾ അവർ വീണ്ടും ആ ശബ്ദം കേട്ടു. അപ്പോൾ അവർ പറഞ്ഞു: നീ ശബ്ദം കേൾപ്പിച്ചിരിക്കുന്നു. നിങ്ങളുടെ പക്കൽ എന്തെങ്കിലും സഹായമുണ്ടെങ്കിൽ (എന്നെ സഹായിക്കൂ).

فَإِذَا هِيَ بِالْمَلَكِ عِنْدَ مَوْضِعِ زَمْزَمَ، فَبَحَثَ بِعَقِبِهِ، أَوْ قَالَ بِجَنَاحِهِ، حَتَّى ظَهَرَ المَاءُ، فَجَعَلَتْ تُحَوِّضُهُ وَتَقُولُ بِيَدِهَا هَكَذَا، وَجَعَلَتْ تَغْرِفُ مِنَ المَاءِ فِي سِقَائِهَا وَهُوَ يَفُورُ بَعْدَ مَا تَغْرِفُ.

അപ്പോഴതാ ഒരു മലക്ക് സംസമിന്റെ സ്ഥാനത്ത് നിൽക്കുന്നു. തന്റെ കാല് കൊണ്ട് -അല്ലെങ്കിൽ ചിറക് കൊണ്ട്- മലക്ക് ഒരു കുഴിയെടുത്തു. അങ്ങനെ വെള്ളം പുറത്തു വന്നു. ഹാജർ അത് കെട്ടിനിർത്താൻ ശ്രമിച്ചു. കൈ കൊണ്ട് ഇപ്രകാരം അവർ ചെയ്തുകൊണ്ടിരുന്നു. തന്റെ വെള്ളപാത്രത്തിൽ ആ വെള്ളം അവർ നിറച്ചു. വെള്ളമാകട്ടെ, പാത്രം നിറഞ്ഞ ശേഷവും പുറത്തേക്കൊഴുകുകയാണ്.

قَالَ ابْنُ عَبَّاسٍ: قَالَ النَّبِيُّ -ﷺ-: «يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ، لَوْ تَرَكَتْ زَمْزَمَ – أَوْ قَالَ: لَوْ لَمْ تَغْرِفْ مِنَ المَاءِ -، لَكَانَتْ زَمْزَمُ عَيْنًا مَعِينًا»

നബി -ﷺ- പറഞ്ഞു: “അല്ലാഹു ഇസ്മാഈലിന്റെ ഉമ്മയുടെ മേൽ കാരുണ്യം ചൊരിയട്ടെ! അവ സംസമിനെ വെറുതെ വിട്ടിരുന്നെങ്കിൽ -അതല്ലെങ്കിൽ അവർ അതിൽ നിന്ന് (പാത്രത്തിലേക്ക്) കോരിയെടുത്തിരുന്നില്ലെങ്കിൽ- സംസം ഒഴുകുന്ന ഉറവയായിരുന്നേനേ!”

قَالَ: فَشَرِبَتْ وَأَرْضَعَتْ وَلَدَهَا، فَقَالَ لَهَا المَلَكُ: لاَ تَخَافُوا الضَّيْعَةَ، فَإِنَّ هَا هُنَا بَيْتَ اللَّهِ، يَبْنِي هَذَا الغُلاَمُ وَأَبُوهُ، وَإِنَّ اللَّهَ لاَ يُضِيعُ أَهْلَهُ.

അങ്ങനെ ഹാജർ അതിൽ നിന്ന് കുടിക്കുകയും, തന്റെ കുഞ്ഞിന് മുലപ്പാൽ നൽകുകയും ചെയ്തു. മലക്ക് അവരോട് പറഞ്ഞു: നിങ്ങൾ നാശം ഭയക്കേണ്ടതില്ല. ഇവിടെയാണ് അല്ലാഹുവിന്റെ ഭവനമുണ്ടാവുക. ഈ കുട്ടിയും അദ്ദേഹത്തിന്റെ പിതാവും ആ ഭവനം പടുത്തുയർത്തുന്നതാണ്. തീർച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ അവഗണിക്കുകയില്ല.” (ബുഖാരി: 3364)

ഇതാണ് സംസിന്റെ ആരംഭചരിത്രം. ഇതോടു കൂടി തന്നെയാണ് മക്കയിലെ ജനവാസത്തിന്റെ ചരിത്രവും ആരംഭിക്കുന്നത്. അതിന് മുൻപ് മക്കയിൽ വെള്ളമില്ലാത്തതിനാൽ ജനവാസമുണ്ടായിരുന്നില്ല. എന്നാൽ സംസം വന്നതോടെ അതിന്റെ ചുറ്റുമായി ജനങ്ങൾ വന്നു താമസിക്കുകയും മക്ക വളരുകയും വികസിക്കുകയും ചെയ്തു.

പിന്നീട് അവിടുന്നങ്ങോട്ട് ഇസ്‌ലാമിന്റെ ചരിത്രത്തിലും, അതിന് മുൻപ് ജാഹിലിയ്യ കാലഘട്ടത്തിലും സംസം വളരെ പ്രാധാന്യത്തോടും ആദരവോടും കൂടി കൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്മാഈലിന്റെ -عَلَيْهِ السَّلَامُ- കാലം മുതൽ ഇതു വരെ എത്ര കോടി മനുഷ്യർ ആ കിണറിൽ നിന്ന് കുടിച്ചു കഴിഞ്ഞു. എന്നിട്ടും സംസം വറ്റുകയോ, അതിലെ വെള്ളം കുറയുകയോ ചെയ്യുന്നില്ല എന്നതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment