അല്ലാഹു ഭൂമിയിൽ നിശ്ചയിച്ച വെള്ളത്തിൽ ഏറ്റവും ശ്രേഷ്ഠമായ വെള്ളം സംസം വെള്ളമാണ്. മുസ്‌ലിംകൾ ഏറ്റവും പരിശുദ്ധമായി കാണുകയും, അവർക്കിടയിൽ ഏറ്റവും വിലപിടിപ്പുള്ള വെള്ളമായി അവർ സൂക്ഷിക്കുകയും ചെയ്യുന്ന വെള്ളം കൂടിയാണ് സംസം. മുസ്‌ലിംകളുടെ ഖിബ്ലയായ കഅ്ബയിൽ നിന്ന് മുപ്പതിമൂന്ന് മുഴം അകലെയാണ് സംസം കിണർ നിലകൊള്ളുന്നത്. ഇസ്മാഈൽ നബി -عَلَيْهِ السَّلَامُ- മുലകുടിക്കുന്ന പ്രായത്തിൽ അദ്ദേഹത്തിനും, മാതാവ് ഹാജറിനുമായി അല്ലാഹു തുറന്നു കൊടുത്ത വെള്ളമാണ് സംസം. അനേകം ശ്രേഷ്ഠതകൾ സംസമിനുള്ളതായി ഹദീഥുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ: سَمِعْتُ رَسُول اللَّهِ -ﷺ- يَقُولُ: «مَاءُ زَمْزَمَ، لِمَا شُرِبَ لَهُ»

സംസം വെള്ളത്തെ കുറിച്ച് നബി -ﷺ- പറയുകയുണ്ടായി: “സംസം വെള്ളം എന്തിനു വേണ്ടിയാണോ കുടിച്ചത്; അതിനു വേണ്ടിയാണത്.” (ഇബ്‌നുമാജ: 3062)

അബൂദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാം സ്വീകരിക്കുന്നതിനായി മക്ക ലക്ഷ്യമാക്കി പുറപ്പെട്ട സംഭവം ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. നബി -ﷺ- ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച തുടക്കകാലഘട്ടത്തിൽ അവിടുത്തെ കാണുന്നതിനായി ദൂരപ്രദേശത്ത് നിന്ന് വന്നതായിരുന്നു അബൂദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ-. മക്കയിൽ ആരും അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചില്ല. മറിച്ച്, മക്കയിലെ നിഷേധികൾ അദ്ദേഹത്തെ മർദ്ധിച്ച്, ചോരയിൽ കുളിപ്പിക്കുകയാണ് ചെയ്തത്.

قَالَ أَبُو ذَرٍّ: فَأَتَيْتُ زَمْزَمَ فَغَسَلْتُ عَنِّي الدِّمَاءَ: وَشَرِبْتُ مِنْ مَائِهَا، وَلَقَدْ لَبِثْتُ، يَا ابْنَ أَخِي ثَلَاثِينَ، بَيْنَ لَيْلَةٍ وَيَوْمٍ، مَا كَانَ لِي طَعَامٌ إِلَّا مَاءُ زَمْزَمَ، فَسَمِنْتُ حَتَّى تَكَسَّرَتْ عُكَنُ بَطْنِي، وَمَا وَجَدْتُ عَلَى كَبِدِي سُخْفَةَ جُوعٍ … قَالَ رَسُولُ اللَّهِ -ﷺ-: «إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ»

അദ്ദേഹം പറയുന്നു: “അങ്ങനെ ഞാൻ സംസമിന്റെ അരികിൽ ചെന്നു. എന്റെ മേലെയുണ്ടായിരുന്ന ചോര കഴുകിക്കളഞ്ഞു. അതിൽ നിന്ന് വെള്ളം കുടിച്ചു. സഹോദരാ! ഞാൻ ഏതാണ്ട് മുപ്പത് പകലും രാത്രിയുമായി അവിടെ കഴിഞ്ഞു കൂടി. ഭക്ഷണമായി സംസമല്ലാതെ മറ്റൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഞാൻ തടിക്കുകയും, വയറിലെ കൊഴുപ്പ് തടിച്ചു കൂടുകയും ചെയ്തു. (ആ ദിവസങ്ങളിൽ) ഞാൻ വിശപ്പിന്റെ ക്ഷീണം അറിഞ്ഞിട്ടേയില്ല.” ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: “സംസം അനുഗ്രഹീതമാണ്. കഴിക്കുന്നവന് അത് ഭക്ഷണവുമാണ്.” (മുസ്‌ലിം: 2473) മറ്റു ചില നിവേദനങ്ങളിൽ ‘സംസം രോഗം ബാധിച്ചവന് ശമനമാണ്’ എന്നും വന്നിട്ടുണ്ട്. (മുസ്നദുൽ ബസ്സാർ: 1172)

നബി -ﷺ- യുടെ ഹൃദയം പിളർന്ന് ശുദ്ധീകരിച്ച സംഭവത്തിലും സംസം വെള്ളത്തെ കുറിച്ചുള്ള പരാമർശമുണ്ട്.

عَنْ أَبِي ذَرٍّ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «فُرِجَ سَقْفِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ عَلَيْهِ السَّلاَمُ، فَفَرَجَ صَدْرِي ثُمَّ غَسَلَهُ بِمَاءِ زَمْزَمَ …»

നബി -ﷺ- പറഞ്ഞു: “ഞാൻ മക്കയിലായിരിക്കെ എന്റെ (വീടിന്റെ) മേൽക്കൂര തുറക്കപ്പെടുകയുണ്ടായി. അങ്ങനെ ജിബ്രീൽ അതിലൂടെ ഇറങ്ങിവരികയും, എന്റെ ഹൃദയം പിളർത്തുകയും, ശേഷം അത് സംസം വെള്ളം കൊണ്ട് കഴുകുകയും ചെയ്തു.” (ബുഖാരി: 1636)

രോഗങ്ങൾക്ക് ചികിത്സയായും സംസം ഉപയോഗപ്പെടുത്താൻ നബി -ﷺ- കൽപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

عَنْ ابْنِ عَبَّاسٍ قَالَ: إِنَّ رَسُولَ اللهِ -ﷺ- قَالَ: «إِنَّ الْحُمَّى مِنْ فَيْحِ جَهَنَّمَ، فَأَبْرِدُوهَا بِمَاءِ زَمْزَمَ»

“തീർച്ചയായും പനി നരകത്തിന്റെ ചൂടിൽ നിന്ന് പരന്നതാണ്. അതിനാൽ സംസം വെള്ളം കൊണ്ട് നിങ്ങളതിനെ തണുപ്പിക്കുക.” (അഹ്മദ്: 2649)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment