നായയും പന്നിയും ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്തതിന്റെ ബാക്കി നജിസാണ് എന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. ഹനഫീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളിലെ അഭിപ്രായം ഇപ്രകാരമാണ്. [1]

നായയുടേത് നജിസാണെന്നതിനുള്ള തെളിവ് നബി -ﷺ- യുടെ ഹദീഥാണ്. അവിടുന്ന് പറഞ്ഞു:

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا وَلَغَ الْكَلْبُ فِي إِنَاءِ أَحَدِكُمْ فَلْيُرِقْهُ ثُمَّ لِيَغْسِلْهُ سَبْعَ مِرَارٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിൽ ആരുടെയെങ്കിലും പാത്രത്തിൽ നായ തലയിട്ടാൽ അത് അവൻ ഒഴിച്ചു കളയട്ടെ. ശേഷം ആ പാത്രം ഏഴു തവണ കഴുകുകയും ചെയ്യട്ടെ.” (മുസ്‌ലിം: 279)

നായ തലയിട്ട പാത്രത്തിലുള്ളത് ഒഴിച്ചു കളയാനും, പാത്രം ഏഴു തവണ കഴുകാനും നബി -ﷺ- പറഞ്ഞു എന്നതിൽ നിന്ന് അതിലുള്ളത് ഉപയോഗശൂന്യമാണെന്നും നജിസാണെന്നും മനസ്സിലാക്കാം. കാരണം ഉപയോഗസാധ്യതയുള്ള ഒരു വസ്തു പാഴാക്കാൻ നബി -ﷺ- കൽപ്പിക്കുകയില്ല. നജിസല്ലാത്ത ഒരു കാര്യം കഴുകാൻ നിർബന്ധിക്കുകയുമില്ല.

പന്നി കഴിക്കുകയോ കുടിക്കുകയോ ചെയ്തതിന്റെ ബാക്കി നജിസാണെന്നതിനുള്ള തെളിവ് ഖുർആനിലെ ആയത്താണ്. അല്ലാഹു പറയുന്നു:

أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ

“… പന്നിമാംസമോ ആണെങ്കിൽ (അവ നിഷിദ്ധമാണ്). കാരണം അത് മ്ലേച്ഛമത്രെ.” (അൻആം: 145)

പണ്ഡിതന്മാർ പറഞ്ഞു: പന്നി തന്നെ നജിസാണ് എന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. കാരണം ആയത്തിൽ പറയപ്പെട്ട രിജ്‌സ് എന്നതിന്റെ ഉദ്ദേശം നജിസ് എന്നാണ്. [2] പന്നിയിൽ നിന്ന് ഉടലെടുക്കുന്ന ഉമിനീരും സ്വാഭാവികമായും നജിസാണ്. അതിനാൽ അവയുടെ ഭക്ഷണത്തിന്റെ ബാക്കിയും നജിസ് തന്നെ.

[1]  الحنفية: البحر الرائق لابن نجيم: 1/134، المبسوط للسرخسي: 1/48.

الشافعية: روضة الطالبين للنووي: 1/32، وينظر: الحاوي الكبير للماوردي: 1/317.

الحنابلة: الإنصاف للمرداوي: 1/224، 248، الشرح الكبير لابن قدامة: 1/310.

[2]  جامع البيان للطبري: 12/194، فتح القدير: 2/172، تفسير القرآن الكريم: 1/198.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: