വേട്ട തേടുന്ന മൃഗങ്ങളായ ചെന്നായ, പുലി, സിംഹം പോലുള്ള മൃഗങ്ങളും, പരുന്തിനെ പോലുള്ള പക്ഷികളും വന്യമൃഗങ്ങളിലാണ് ഉൾപ്പെടുക. ഇവയുടെ ഉമിനീരും, ഇവ കഴിച്ച ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ബാക്കിയും ശുദ്ധിയുള്ളതാണ്. മാലികീ, ശാഫിഈ, മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [1] ഇമാം അഹ്മദിൽ നിന്ന് ഈ അഭിപ്രായം ചില നിവേദനങ്ങളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. [2] ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- യുടെ അഭിപ്രായവും [3], ലജ്‌നതുദ്ദാഇമയുടെ ഫത്‌വയും ഇപ്രകാരം തന്നെ [4].

ശൈഖ് ഇബ്‌നു ഉസൈമീൻ -رَحِمَهُ اللَّهُ- ഈ വിധി ചില നിബന്ധനകളോടെയാണെന്ന് വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “വേട്ടയാടുന്ന മൃഗങ്ങൾ തലയിട്ട വെള്ളം ധാരാളമുണ്ടെങ്കിൽ -അവ തലയിട്ടതിനാൽ അതിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റമുണ്ടായിട്ടില്ലെങ്കിൽ- പ്രസ്തുത വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കാം. എന്നാൽ വെള്ളം കുറച്ചു മാത്രമേ ഉള്ളൂ എന്നതിനൊപ്പം, മേൽ പറയപ്പെട്ട മൃഗങ്ങൾ തലയിട്ടതിനാൽ വെള്ളത്തിന്റെ ഗുണങ്ങൾക്ക് മാറ്റം സംഭവിച്ചുവെങ്കിൽ അത് നജിസാണ്. ഉപയോഗിക്കാവുന്നതല്ല.” (ശർഹുൽ മുംതിഅ്: 1/461-463)

ഇത്തരം മൃഗങ്ങളുടെ ഭക്ഷണപാനീയങ്ങളുടെ ബാക്കി ശുദ്ധിയാണെന്ന അഭിപ്രായം സ്വീകരിക്കാനുള്ള കാരണങ്ങൾ ഇവയാണ്:

1- ഇവയുടെ ഭക്ഷണപാനീയങ്ങളുടെ ബാക്കി അശുദ്ധമാണെന്ന് നിശ്ചയിക്കുന്നത് ജനങ്ങൾക്ക് പൊതുവെ പ്രയാസം സൃഷ്ടിക്കുന്നതാണ്. പ്രത്യേകിച്ച് വനപ്രദേശങ്ങളിലും മറ്റും താമസിക്കുന്നവർക്ക്. ജനങ്ങൾക്ക് പൊതുവെ പ്രയാസകരമായി തീരുന്ന കാര്യങ്ങളിൽ ഇസ്‌ലാം ഇളവ് നിശ്ചയിക്കാറുണ്ട്.

2- പൂച്ചയുടെ ഭക്ഷണപാനീയങ്ങളുടെ ബാക്കി ശുദ്ധിയുള്ളതാണ് എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. മേൽ പറയപ്പെട്ട മൃഗങ്ങളും പൂച്ചയും ഒരേ ഇനത്തിൽ ഉൾപ്പെടുത്തപ്പെടാവുന്നവയാണ്. കാരണം -അവയെ പോലെ- പൂച്ചയും വേട്ടയാടുകയും, നജിസ് ഭക്ഷിക്കുകയും ചെയ്യുന്ന ജീവികളിൽ പെട്ടതാണ്. [5]

[1]  المالكية: الشرح الكبير للدردير: 1/34، 35، مواهب الجليل للحطاب: 1/107، وينظر: المدونة الكبرى لسحنون: 1/115.

الشافعية: المجموع للنووي: 1/171، وينظر: الأم للشافعي: 1/18.

[2]  الشرح الكبير لابن قدامة: 1/310.

[3]  الشرح الممتع لابن عثيمين: 1/461-463.

[4]  فتاوى اللجنة الدائمة (المجموعة الأولى) : 5/380، رقم: 8052.

[5]  الشرح الكبير لابن قدامة: 1/312.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: