ഇസ്‌ലാമിക കർമ്മശാസ്ത്രം (ഫിഖ്‌ഹ്) ആരംഭിക്കുന്നത് ശുദ്ധിയെ (ത്വഹാറത്) കുറിച്ച് ചർച്ച ചെയ്തു കൊണ്ടാണ്. ഇസ്‌ലാം കാര്യങ്ങളിൽ ശഹാദത് കലിമ കഴിഞ്ഞാൽ പിന്നെ ആദ്യത്തെ കർമ്മം നിസ്കാരമാണെങ്കിലും ശുദ്ധിയെ കുറിച്ചുള്ള ചർച്ചകളിൽ നിന്ന് കർമ്മശാസ്ത്ര പാഠങ്ങൾ ആരംഭിക്കുന്നത് നിസ്കാരം സ്വീകരിക്കണമെങ്കിൽ ശുദ്ധി വേണമെന്നത് കൊണ്ടാണ്. ശുദ്ധിയെ കുറിച്ചുള്ള പാഠങ്ങൾ ആരംഭിക്കുന്നത് വെള്ളത്തെ കുറിച്ച് പറഞ്ഞു കൊണ്ടുമാണ്.

കാരണം വെള്ളമാണ് ശുദ്ധിയുടെ അടിസ്ഥാനം. ചെറിയ അശുദ്ധിയിൽ നിന്ന് വുദുവെടുത്ത് ശുദ്ധിയാകാനും, വലിയ അശുദ്ധിയിൽ നിന്ന് കുളിച്ച് ശുദ്ധിയാകാനും വെള്ളം അനിവാര്യമാണ് എന്നതിനാൽ തന്നെ കർമ്മശാസ്ത്രം ഈ വിഷയത്തിൽ നിന്ന് ആരംഭിക്കുന്നത് തീർത്തും അനുയോജ്യവുമാണ്.

അല്ലാഹുവിന്റെ മഹത്തരമായ അനുഗ്രഹമാണ് വെള്ളം. അതു കൊണ്ടുള്ള അനേകം പ്രയോജനങ്ങൾ അല്ലാഹു ഖുർആനിൽ എടുത്തു പറഞ്ഞിട്ടുണ്ട്. നിസ്കാരത്തിനും മറ്റുമെല്ലാം മുൻപ് ശുദ്ധി വരുത്താൻ കൂടി വേണ്ടിയാണ് വെള്ളം എന്നറിയിക്കുന്ന ആയത്തുകൾ ഖുർആനിൽ വന്നിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

«وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ»

“നിങ്ങളെ ശുദ്ധീകരിക്കുന്നതിന് ആകാശത്ത് നിന്ന് നിങ്ങള്‍ക്ക് മേല്‍ അവന്‍ വെള്ളം വര്‍ഷിക്കുന്നു.” (അന്‍ഫാല്‍: 11)

അല്ലാഹു വെള്ളം പടച്ചിരിക്കുന്നത് ശുദ്ധീകരിക്കാനുള്ള കഴിവോട് കൂടെയാണ് എന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. ശുദ്ധീകരിക്കാന്‍ കഴിവുള്ള വെള്ളത്തിന് ‘ത്വഹൂര്‍’ എന്നാണ് അറബിയില്‍ പറയുക. അല്ലാഹു -تَعَالَى- പറഞ്ഞു:

«وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا»

“ആകാശത്ത് നിന്ന് ‘ത്വഹൂറായ’ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.” (ഫുര്‍ഖാന്‍: 48)

സമുദ്രത്തിലെ വെള്ളത്തിനെ കുറിച്ച് നബി -ﷺ- പറഞ്ഞു:

«هُوَ الطَّهُورُ مَاؤُهُ، وَالحِلُّ مَيْتَتُهُ»

“അതിലെ വെള്ളം ‘ത്വഹൂറാണ്’; അതിലെ ശവം ഹലാലുമാണ്.” (അബൂദാവൂദ്: 4862, തിര്‍മിദി: 69, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

വെള്ളവുമായി ബന്ധപ്പെട്ട ചില കർമ്മശാസ്ത്ര വിധികൾ ഇനിയുള്ള ചോദ്യോത്തരങ്ങളിൽ വായിക്കാം. ഇൻശാ അല്ലാഹ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment