മനുഷ്യർ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി ശുദ്ധിയുള്ളതാണ്. ഈ വിധി എല്ലാവർക്കും ഒരു പോലെ ബാധകമാണ്. മുസ്‌ലിമെന്നോ കാഫിറെന്നോ ഇക്കാര്യത്തിൽ വ്യത്യാസമില്ല. ജനാബതുകാരനോ ആർത്തവകാരിയോ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കിയാണെങ്കിലും വിധി ഒന്നു തന്നെ. വെള്ളം ശുദ്ധിയുള്ളതാണ് എന്നതിൽ വ്യത്യാസമില്ല. നാല് മദ്‌ഹബുകളും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. [1]

عَنْ عَائِشَةَ قَالَتْ: كُنْتُ أَشْرَبُ وَأَنَا حَائِضٌ، ثُمَّ أُنَاوِلُهُ النَّبِيَّ -ﷺ- فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ، فَيَشْرَبُ، وَأَتَعَرَّقُ الْعَرْقَ وَأَنَا حَائِضٌ، ثُمَّ أُنَاوِلُهُ النَّبِيَّ -ﷺ- فَيَضَعُ فَاهُ عَلَى مَوْضِعِ فِيَّ.

ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ് ഈ വിഷയത്തിൽ വ്യക്തമായ തെളിവാണ്. അവർ പറഞ്ഞു: “ഞാൻ ആർത്തവകാരിയായിരിക്കെ പാത്രത്തിൽ നിന്ന് (വെള്ളമോ മറ്റോ) കുടിക്കുകയും, ശേഷം നബി -ﷺ- ക്ക് അത് നൽകുകയും ചെയ്യാറുണ്ടായിരുന്നു. എന്റെ വായ ഞാൻ വെച്ചയിടത്ത് തന്നെ അവിടുന്ന് തന്റെ വായ വെക്കുകയും, ശേഷം അതിൽ നിന്ന് കുടിക്കുകയും ചെയ്യുമായിരുന്നു. ആർത്തവകാരി ആയിരിക്കെ തന്നെ, കുറച്ചു മാത്രം മാംസമുള്ള എല്ലിൻകഷ്ണം ഞാൻ കടിക്കുകയും, ശേഷം അവിടുത്തേക്ക് നൽകുകയും ചെയ്യുമായിരുന്നു; അപ്പോൾ ഞാൻ എന്റെ വായ വെച്ചയിടത്ത് തന്നെ അവിടുന്ന് തന്റെ വായ വെക്കുമായിരുന്നു.” (മുസ്‌ലിം: 300)

قَالَ الشَّوْكَانِيُّ: «الحَدِيثُ يَدُلُّ عَلَى أَنَّ رِيقَ الحَائِضِ طَاهِرٌ، وَلَا خِلَافَ فِيهِ فِيمَا أَعْلَمُ، وَعَلَى طَهَارَةِ سُؤْرِهَا مِنْ طَعَامٍ أَوْ شَرَابٍ، وَلَا أَعْلَمُ فِيهِ خِلَافًا» [نيل الأوطار: 1/349]

ഈ ഹദീഥിനെ വിശദീകരിച്ചു കൊണ്ട് ഇമാം ശൗകാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ആർത്തവകാരിയുടെ ഉമിനീര് ശുദ്ധിയുള്ളതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അതിൽ ഒരു അഭിപ്രായവ്യത്യാസം ഉള്ളതായി എനിക്കറിയില്ല. ആർത്തവകാരിയുടെ ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ശിഷ്ടവും ശുദ്ധിയുള്ളതാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അതിലും അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല.” (നയ്‌ലുൽ അവ്‌ത്വാർ: 1/349)

ആർത്തവകാരിയുടെ വസ്ത്രവും അവർ ഉപയോഗിച്ച വസ്തുക്കളും ഭക്ഷണവും പാനീയവുമെല്ലാം അശുദ്ധമാണെന്ന ചിന്ത യഹൂദർക്കുണ്ടായിരുന്നു. നമ്മുടെ നാട്ടിലുള്ള വിഗ്രഹാരാധകരായ ജനങ്ങൾക്കിടയിലും ഇതേ ചിന്താഗതി നിലനിൽക്കുന്നതായി കാണാം. ശുദ്ധിയുടെ പേരിലുള്ള ഇത്തരം അതിരുകവിഞ്ഞ മാറ്റിനിർത്തലുകളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അന്യമതസ്ഥരുടെ ആചാരങ്ങളുടെ സ്വാധീനഫലമായി മുസ്‌ലിംകളിൽ ചിലർക്ക് ഇത്തരം ചിന്താഗതികൾ വന്നുപെട്ടിട്ടുണ്ട് എന്നത് സങ്കടകരമാണ്. ഏറ്റവും ശുദ്ധിയുള്ളവരായിരുന്ന നബി -ﷺ- യുടെ മാതൃക പിൻപറ്റാൻ ഒരു മുസ്‌ലിമിനും മടിയുണ്ടായിക്കൂടാ എന്നു മാത്രം അക്കൂട്ടരെ ഓർമ്മപ്പെടുത്തട്ടെ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: