പാത്രത്തിലോ കിണറ്റിലോ വീടിന് മുകളിലുള്ള ടാങ്കിലോ കുളത്തിലോ മറ്റോ ഉള്ള വെള്ളം വെയിൽ കൊണ്ട് ചൂടായാൽ അതു കൊണ്ട് ശുദ്ധീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ചൂടായ വെള്ളം കൊണ്ട് ശുദ്ധീകരിക്കുന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണെന്നും, അത് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും പ്രസ്തുത അഭിപ്രായത്തിന് വ്യക്തമായ തെളിവില്ല.

ഹമ്പലീ മദ്‌ഹബിന്റെയും [1] ദ്വാഹിരിയ്യാക്കളുടെയും [2] മദ്‌ഹബ് ഇപ്രകാരമാണ്. മാലികീ മദ്ഹബിലെ ഒരു അഭിപ്രായവും [3], ശാഫിഈ മദ്‌ഹബിലെ നിരീക്ഷണങ്ങളില്‍ [4] ഒന്നും ഇപ്രകാരമാണ്. ഇമാം നവവി -رَحِمَهُ اللَّهُ- ഈ അഭിപ്രായമാണ് ശരിയായി തിരഞ്ഞെടുത്തത് [5]. ഇബ്‌നു തൈമിയ്യഃ [6], ഇബ്‌നുൽ ഖയ്യിം [7] തുടങ്ങിയവരുടെ അഭിപ്രായവും, ലജ്നതുദ്ദാഇമഃയുടെ [8] ഫത്‌വയും ഇപ്രകാരം തന്നെ.

ഈ അഭിപ്രായം ശരിയാണെന്ന് പറയാനുള്ള കാരണം:

1- വെയിൽ കൊണ്ട് ചൂടായ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നത് മക്റൂഹാണെന്ന് വിധിക്കാൻ അവലംബയോഗ്യമായ തെളിവുകളില്ല – നവവി.

2- വെയിൽ കൊണ്ട് ചൂടായ വെള്ളം ഉപയോഗിക്കുന്നത് ശരീരത്തിന് ഉപദ്രവമുണ്ടാക്കുമെന്ന് ഭിശ്വഗരന്മാരിൽ നിന്നും സ്ഥിരപ്പെട്ടിട്ടില്ല. – നവവി, ഇബ്‌നുൽ ഖയ്യിം.

3- ‘വെയിൽ കൊണ്ട് ചൂടായ വെള്ളം കൊണ്ട് കുളിക്കരുത്; അത് പാണ്ഡ് രോഗമുണ്ടാക്കുന്നതാണ്’ എന്ന് ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞതായി വന്ന നിവേദനം സ്ഥിരപ്പെട്ടിട്ടില്ല. സ്ഥിരപ്പെട്ടാൽ തന്നെയും അത് മതപരമായ വിധി എന്ന നിലക്കല്ലാതെ, അദ്ദേഹം അഭിപ്രായപ്പെട്ട ഭൗതികമായ ഒരു നിർദേശമായി മനസ്സിലാക്കാവുന്നതേ ഉള്ളൂ. – ഇബ്‌നു തൈമിയ്യ.

[1]  الإنصاف للمرداوي: 1/32.

[2]   المحلى لابن حزم: 1/210.

[3]  حاشية الدسوقي 1/45.

[4]  المجموع للنووي: 1/87.

[5]  روضة الطالبين: 1/11، المجموع للنووي: 1/87.

[6]  شرح العمدة: 1/81.

[7]  زاد المعاد: 4/391.

[8]   فتاوى اللجنة الدائمة- المجموعة الأولى: 5/74.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: