നദികളിലെ വെള്ളം ശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്നതാണ് എന്നതാണ് അടിസ്ഥാനനിയമം.

അല്ലാഹു പറയുന്നു:

وَسَخَّرَ لَكُمُ الْأَنْهَارَ ﴿٣٢﴾

“നദികളെയും അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു.” (ഇബ്രാഹീം: 32)

നദികളിലെ വെള്ളം ശുദ്ധിയുള്ളതാണ് എന്നതിന് ഈ ആയത്ത് തെളിവാണ്. കാരണം നജസായ ഒരു വസ്തു നൽകിയെന്നത് അല്ലാഹു അനുഗ്രഹമായി എടുത്തു പറയുകയില്ലല്ലോ?

കിണറ്റിലെ വെള്ളവും ശുദ്ധീകരിക്കാൻ ഉപയോഗിക്കാവുന്നതാണ്.

عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ: قِيلَ: يَا رَسُولَ اللَّهِ، أَنَتَوَضَّأُ مِنْ بِئْرِ بُضَاعَةَ؟ -وَهِيَ بِئرٌ يُلْقَى فِيهَا الحِيَضُ وَلُحُومُ الكِلَابِ وَالنَّتْنُ، فَقَالَ رَسُولُ اللَّهِ -ﷺ-: «إنَّ الماءَ طَهورٌ لا يُنجِّسُه شيءٌ»

അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ചിലർ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ബുദ്വാഅഃ കിണറിൽ നിന്ന് ഞങ്ങൾ വുദു എടുത്തു കൊള്ളട്ടെ?” ആർത്തവകാരിയുടെ ഉപയോഗിക്കുന്ന തുണിയും, നായയുടെ മാംസവും, ചീഞ്ഞ വസ്തുക്കളും ആളുകൾ അതിൽ കൊണ്ടിടാറുള്ള കിണറാണ് ബുദ്വാഅഃ. അപ്പോൾ നബി -ﷺ- പറഞ്ഞു: “തീർച്ചയായും വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണ്. അതിനെ ഒന്നും തന്നെ അശുദ്ധമാക്കുകയില്ല.” (അബൂദാവൂദ്: 66, തിർമിദി: 66, നസാഈ: 326, അഹ്മദ്: 11275, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ഈ ഹദീഥിൽ നിന്ന് കിണർ വെള്ളം ശുദ്ധിയുള്ളതാണ് എന്ന് മനസ്സിലാക്കാം. കിണറ്റിൽ എന്തെങ്കിലും നജസായ വസ്തു വീഴുകയോ കൊണ്ടിടുകയോ ചെയ്യുകയും, ആ നജസ് കാരണത്താൽ വെള്ളത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ മാറ്റം സംഭവിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രസ്തുത വെള്ളം ശുദ്ധിയുള്ളതാണെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: