അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ നബി -ﷺ- യോട് ചോദിക്കുകയുണ്ടായി: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങൾ സമുദ്രത്തിൽ സഞ്ചരിക്കാറുണ്ട്. വളരെ കുറച്ചു വെള്ളമേ ഞങ്ങൾ കൂടെകരുതാറുള്ളൂ. അതു കൊണ്ട് വുദു എടുത്താൽ ദാഹം ഞങ്ങളെ പിടികൂടും. അതിനാൽ ഞങ്ങൾ സമുദ്രത്തിലെ വെള്ളം കൊണ്ട് വുദു എടുക്കട്ടെയോ?” നബി -ﷺ- പറഞ്ഞു: “സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാനുള്ളതും, അതിലെ ശവം (ഭക്ഷിക്കാൻ) അനുവദിക്കപ്പെട്ടതുമാണ്.” [1]

ഈ ഹദീഥ് നിവേദനം ചെയ്ത ശേഷം ഇമാം തിർമിദി -رَحِمَهُ اللَّهُ- പറഞ്ഞു: “(സമുദ്രത്തിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണെന്ന അഭിപ്രായം) സ്വഹാബികളിലെ ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായമാണ്. അബൂബക്‌ർ, ഉമർ, ഇബ്‌നു അബ്ബാസ് തുടങ്ങിയവർ അവരിൽ പെട്ടവരാണ്. അതിൽ യാതൊരു കുഴപ്പവും അവർ കണ്ടിരുന്നില്ല.” ശേഷം സ്വഹാബികളിൽ ഇതിന് വിരുദ്ധമായ അഭിപ്രായം പറഞ്ഞ ചിലരുടെ പേരുകൾ കൂടി അദ്ദേഹം നൽകിയിട്ടുണ്ട്. (തിർമിദി: 1/100)

وقال الترمذيُّ: «وَهُوَ قَوْلُ أَكْثَرِ الفُقَهَاءِ مِنْ أَصْحَابِ النَّبِيِّ -ﷺ-، مِنْهُمْ: أَبُو بَكْرٍ، وَعُمَرُ، وَابْنُ عَبَّاسٍ، لَمْ يَرَوْا بَأْسًا بِمَاءِ البَحْرِ، وَقَدْ كَرِهَ بَعْضُ أَصْحَابِ النَّبِيِّ -ﷺ- الوُضُوءَ بِمَاءِ البَحْرِ، مِنْهُمْ: ابْنُ عُمَرَ، وَعَبْدُ اللَّهِ بْنُ عَمْرٍو، وَقَالَ عَبْدُ اللَّهِ بْنُ عَمْرٍو: هُوَ نَارٌ» [الترمذي: 1/100]

സ്വഹാബികളുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഈ അഭിപ്രായഭിന്നത വളരെ ഒറ്റപ്പെട്ടതായിരുന്നുവെന്നും പിന്നീട് പണ്ഡിതന്മാർക്കിടയിൽ സമുദ്രവെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതാണെന്നതിൽ ഏകാഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും ഇബ്‌നു റുശ്ദ് -رَحِمَهُ اللَّهُ- വിശദീകരിച്ചതായി കാണാം.

قَالَ ابْنُ رُشْدٍ: «أَجْمَعَ العُلَمَاءُ عَلَى أَنَّ جَمِيعَ أَنْوَاعِ المِيَاهِ طَاهِرَةٌ فِي نَفْسِهَا مُطَهِّرَةٌ لِغَيْرِهَا، إِلَّا مَاءَ البَحْرِ؛ فَإِنَّ فِيهِ خِلَافًا فِي الصَّدْرِ الأَوَّلِ شَاذًّا» [بداية المجتهد: 1/23]

അദ്ദേഹം പറഞ്ഞു: “സമുദ്രവെള്ളത്തിന്റെ കാര്യത്തിൽ വളരെ ഒറ്റപ്പെട്ട അഭിപ്രായവ്യത്യാസം ആദ്യകാലത്തുണ്ടായത് ഒഴിച്ചു നിർത്തിയാൽ, (ത്വഹൂറായ) വെള്ളം ഏതു രൂപത്തിലുള്ളതാകട്ടെ, അവയെല്ലാം ശുദ്ധിയുള്ളതും, ശുദ്ധീകരിക്കാൻ ഉപയോഗിക്കാവുന്നതും ആണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.” (ബിദായതുൽ മുജ്തഹിദ്: 23/1)

[1] (അബൂദാവൂദ്: 83, തിർമിദി: 69, നസാഈ: 59, ഇബ്‌നു മാജ: 386, തിർമിദി, ഇബ്‌നു ഹിബ്ബാൻ, നവവി, ഇബ്‌നു അബ്ദിൽ ബർറ്, ഇബ്‌നുൽ ഇറാഖി, അഹ്മദ് ശാകിർ, അൽബാനി തുടങ്ങിയവർ സ്വഹീഹ് എന്ന് വിലയിരുത്തി.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: