സംസം വെള്ളം കൊണ്ട് നജസ് വൃത്തിയാക്കിയാൽ അത് ശരിയാകുന്നതാണ്. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. [1] കാരണം;
1- സംസം കൊണ്ട് നജസ് നീക്കുന്നത് തടയുന്ന ഒരു തെളിവുമില്ല. [2]
2- ഖുറൈശികളുടെ ഉപദ്രവമേറ്റ് ശരീരത്തിൽ രക്തം പുരണ്ടപ്പോൾ സ്വഹാബിയായ അബൂദർറ് -رَضِيَ اللَّهُ عَنْهُ- സംസം കൊണ്ടാണ് തന്റെ രക്തം വൃത്തിയാക്കിയത് എന്ന് ചരിത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. [3]
3- അസ്മാഅ് ബിൻത് അബീബക്ർ -رَضِيَ اللَّهُ عَنْهَا- തന്റെ മകനായ അബ്ദുല്ലാഹി ബ്നു സുബൈറിന്റെ വെട്ടുകളേറ്റു വികൃതമാക്കപ്പെട്ട മൃതശരീരം കഴുകിയത് സംസം വെള്ളം കൊണ്ടായിരുന്നു. സ്വഹാബികളിൽ പലരും ഈ രംഗത്തിന് സാക്ഷികളാവുകയും ചെയ്തിട്ടുണ്ട്. അവരാരും ഈ പ്രവൃത്തിയെ എതിർത്തിട്ടില്ല. [4]
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “വളരെ അനുഗ്രഹീതമായ വെള്ളമാണ് സംസം. അതു കൊണ്ട് വുദു എടുക്കുകയോ, കുളിക്കുകയോ, നജസ് നീക്കുകയോ ചെയ്യുന്നതിൽ കുഴപ്പമില്ല. ഇത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണെന്ന് അഭിപ്രായപ്പെട്ട ചില കർമ്മശാസ്ത്ര പണ്ഡിതന്മാരുടെ വാദം ദുർബലവും, അസ്വീകാര്യവുമാണ്.” (നൂറുൻ അലദ്ദർബ്: 5/306)
[1] الحنفية: حاشية الطحطاوي ص: 16، حاشية ابن عابدين: 2/625، 1/180.
المالكية: مواهب الجليل للحطَّاب 1/64-66، حاشية العدوي: 1/200، وينظر: مجلة البحوث الإسلامية: 62/39.
الشافعية: المجموع للنووي 1/90،91، 2/120، مغني المحتاج للشربيني: 1/20،333، وينظر: الحاوي الكبير للماوردي: 1/167.
الحنابلة: الإنصاف للمرداوي: 1/34، كشاف القناع للبهوتي: 1/28.
[2] مغني المحتاج للشربيني: 1/20.
[3] الإقناع للشربيني: 1/20.
[4] الإقناع للشربيني: 1/20.