വുദുവെടുക്കാനും, കുളിക്കാനും ഉപയോഗിക്കാവുന്ന വെള്ളത്തിന് ത്വഹൂർ എന്നാണ് പറയുക. കഴിഞ്ഞ കുറിപ്പിൽ അക്കാര്യം നാം വിശദീകരിച്ചിരുന്നു. ഭൂമിയിൽ ശുദ്ധീകരണത്തിനായുള്ള വെള്ളം അല്ലാഹു പല രൂപങ്ങളിൽ ഒരുക്കി തന്നിരിക്കുന്നു. അവയെല്ലാം ശുദ്ധീകരണത്തിന് ഉപയോഗിക്കാം എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമുണ്ട്.
قَالَ ابْنُ رُشْدٍ: «أَجْمَعَ العُلَمَاءُ عَلَى أَنَّ جَمِيعَ أَنْوَاعِ المِيَاهِ طَاهِرَةٌ فِي نَفْسِهَا مُطَهِّرَةٌ لِغَيْرِهَا، إِلَّا مَاءَ البَحْرِ؛ فَإِنَّ فِيهِ خِلَافًا فِي الصَّدْرِ الأَوَّلِ شَاذًّا» [بداية المجتهد: 1/23]
ഇബ്നു റുശ്ദ് -رَحِمَهُ اللَّهُ- പറഞ്ഞു: “സമുദ്രവെള്ളത്തിന്റെ കാര്യത്തിൽ വളരെ ഒറ്റപ്പെട്ട അഭിപ്രായവ്യത്യാസം ആദ്യകാലത്തുണ്ടായത് ഒഴിച്ചു നിർത്തിയാൽ, (ത്വഹൂറായ) വെള്ളം ഏതു രൂപത്തിലുള്ളതാകട്ടെ, അവയെല്ലാം ശുദ്ധിയുള്ളതും, ശുദ്ധീകരിക്കാൻ ഉപയോഗിക്കാവുന്നതും ആണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.” (ബിദായതുൽ മുജ്തഹിദ്: 23/1)
താഴെ പറയുന്നവ ശുദ്ധീകരണത്തിന് ഉപയോഗിക്കാവുന്ന ത്വഹൂറായ വെള്ളത്തിന്റെ ചില ഉദാഹരണങ്ങളാണ്.
1- മഴവെള്ളം.
2- സമുദ്രത്തിലെ വെള്ളം.
3- നദികൾ, അരുവികൾ തുടങ്ങിയവയിലെ വെള്ളം.
4- കിണറുകളിലെ വെള്ളം.
5- മഞ്ഞ്, ആലിപ്പഴം തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന വെള്ളം.
6- ഉറവകളിലെ വെള്ളം.
7- സംസം വെള്ളം.