ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം പൂച്ചയുടെ ഉമിനീരും, അത് കഴിച്ച ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും ബാക്കിയും ശുദ്ധിയുള്ളതാണെന്നാണ്. മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [1] ഈ അഭിപ്രായം സ്വീകരിക്കാനുള്ള തെളിവ് നബി -ﷺ- യുടെ ഹദീഥാണ്:
عَنْ كَبْشَةَ بِنْتِ كَعْبِ بْنِ مَالِكٍ وَكَانَتْ عِنْدَ ابْنِ أَبِي قَتَادَةَ، أَنَّ أَبَا قَتَادَةَ دَخَلَ عَلَيْهَا، قَالَتْ: فَسَكَبْتُ لَهُ وَضُوءًا، قَالَتْ: فَجَاءَتْ هِرَّةٌ تَشْرَبُ، فَأَصْغَى لَهَا الإِنَاءَ حَتَّى شَرِبَتْ، قَالَتْ كَبْشَةُ: فَرَآنِي أَنْظُرُ إِلَيْهِ، فَقَالَ: أَتَعْجَبِينَ يَا بِنْتَ أَخِي؟ فَقُلْتُ: نَعَمْ، فَقَالَ: إِنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّهَا لَيْسَتْ بِنَجَسٍ، إِنَّمَا هِيَ مِنَ الطَّوَّافِينَ عَلَيْكُمْ، أَوِ الطَّوَّافَاتِ»
കബ്ശ ബിൻത് കഅ്ബ് -رَضِيَ اللَّهُ عَنْهَا- പറയുന്നു: (കബ്ശയുടെ ഭർതൃപിതാവായ) അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- എന്റെ വീട്ടിൽ വന്നു. അദ്ദേഹത്തിന് വുദുവെടുക്കാനുള്ള വെള്ളം ഞാൻ ഒഴിച്ചു വെച്ചു. അപ്പോൾ ഒരു പൂച്ച വരികയും, അതിന് വെള്ളം കുടിക്കാനായി അദ്ദേഹം തന്റെ പാത്രം ചരിച്ചു കൊടുക്കുകയും ചെയ്തു. ഞാൻ (അത്ഭുതത്തോടെ) ഇത് നോക്കിനിൽക്കുന്നത് കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു: “നിനക്ക് അത്ഭുതം തോന്നുന്നുണ്ടോ?” ഞാൻ പറഞ്ഞു: “അതെ.” അപ്പോൾ അദ്ദേഹം പറഞ്ഞു: നബി -ﷺ- പറഞ്ഞിട്ടുണ്ട്: “പൂച്ച നജിസല്ല. നിങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ജീവികളാണവ.” (അബൂദാവൂദ്: 75, തിർമിദി: 92, നസാഈ: 68, ഇബ്നു മാജഃ: 367, അഹ്മദ്: 22633, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
പൂച്ച ശുദ്ധിയുള്ള ജീവിയാണെന്നും, അതിന്റെ ഉമനീരും, ഭക്ഷണ പാനീയങ്ങളുടെ ബാക്കിയും ശുദ്ധിയുള്ളതാണെന്നും ഈ ഹദീഥ് അറിയിക്കുന്നു. പൂച്ച എപ്പോഴും മനുഷ്യരെ ചുറ്റിപ്പറ്റി കഴിയുന്ന ജീവിയാണ് എന്ന് നബി -ﷺ- ഓർമ്മപ്പെടുത്തിയതിൽ നിന്ന് അവ നിഷിദ്ധമാണെന്ന് വിധിക്കുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം കൂടി പരിഗണിക്കപ്പെട്ടതായി മനസ്സിലാക്കാം.
[1] المالكية: مواهب الجليل للحطَّاب: 1/108، وينظر: التمهيد لابن عبدِ البَرِّ: 1/324.
الشافعية: روضة الطالبين للنووي: 1/33، المجموع للنووي: 1/172.
الحنابلة: كشاف القناع للبهوتي: 1/195، وينظر: الشرح الكبير لشمس الدين ابن قدامة: 1/312، الشرح الممتع لابن عثيمين: 1/458.