വുദു എടുക്കാനോ കുളിക്കാനോ വേണ്ടി എടുത്ത വെള്ളം ശുദ്ധിയുള്ളതാണോ നജിസായതാണോ എന്ന സംശയം ചിലർക്ക് ഉണ്ടാകാറുണ്ട്. ബക്കറ്റിൽ വെച്ച വെള്ളത്തിൽ കുട്ടി മൂത്രമൊഴിച്ചിട്ടുണ്ടായിരിക്കുമോ?, വെള്ളത്തിന്റെ പരിസരത്ത് ഉണ്ടായിരുന്ന എന്തെങ്കിലും വസ്തു അതിലേക്ക് വീണിട്ടുണ്ടായിരിക്കുമോ?, എന്നെല്ലാമുള്ള സംശയങ്ങൾ ഉദാഹരണം.
ഇത്തരം സന്ദർഭത്തിൽ തനിക്ക് ഉറപ്പുണ്ടായിരുന്നത് എന്താണോ, അത് സ്വീകരിക്കുകയും, സംശയം തള്ളിക്കളയുകയുമാണ് വേണ്ടത്. ‘ഉറപ്പുള്ള കാര്യം സംശയത്തിന്റെ പേരിൽ ഒഴിവാക്കരുത്’ (اليَقِينُ لَا يَزُولُ بِالشَّكِّ) എന്ന പൊതുനിയമം ഈ സന്ദർഭത്തിൽ പ്രായോഗികമാണ്. നാല് മദ്ഹബുകളും പൊതുവെ ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]
ഉദാഹരണത്തിലൂടെ വിശദമാക്കാം. കിണറ്റിൽ നിന്ന് ശുദ്ധിയുള്ള വെള്ളം ഒരാൾ ബക്കറ്റിൽ ശേഖരിച്ചു വെച്ചു എന്ന് കരുതുക; തന്റെ ചെറിയ കുട്ടിയെ അടുത്തിരുത്തിയ ശേഷം എന്തെങ്കിലും ആവശ്യത്തിനായി അയാൾ മാറിപ്പോവുകയും ചെയ്തു. തിരിച്ചു വന്നപ്പോൾ കുട്ടി മൂത്രമൊഴിച്ചിരിക്കുന്നു. കുട്ടിയുടെ മൂത്രം ബക്കറ്റിലെ വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന സംശയം പിടികൂടിയാൽ എന്തു ചെയ്യണം എന്നതാണ് ചോദ്യം.
ഉത്തരമായി മേലെ സൂചിപ്പിച്ച പൊതുതത്വം പ്രാവർത്തികമാക്കി നോക്കാം. വെള്ളം ശുദ്ധിയുള്ളതായിരുന്നു എന്നത് ഉറപ്പുള്ള കാര്യമായിരുന്നു. കുട്ടിയുടെ മൂത്രം വെള്ളത്തിൽ കലർന്നിട്ടുണ്ടായിരിക്കുമോ എന്നത് സംശയമുള്ള കാര്യവും. ഈ സന്ദർഭത്തിൽ ഉറപ്പുള്ള കാര്യം സ്വീകരിക്കുക; അതായത് വെള്ളം ശുദ്ധിയുള്ളതാണെന്ന് മനസ്സിലാക്കുകയും, അതു കൊണ്ട് ശുദ്ധീകരണം നടത്തുകയും ചെയ്യുക.
മറ്റൊരു ഉദാഹരണം കൂടി പറയാം. ഒരാളുടെ പക്കൽ നജസായ കുറച്ചു വെള്ളം ബക്കറ്റിലുണ്ട്. ബക്കറ്റിലെ വെള്ളം പിന്നീട് എടുത്തു കളയാം എന്ന ഉദ്ദേശത്തിൽ മറ്റെന്തെങ്കിലും കാര്യത്തിലേക്ക് അയാൾ മാറിപ്പോയെന്ന് കരുതുക. തിരിച്ചു വന്നപ്പോൾ താൻ ബക്കറ്റിൽ വെച്ചിരുന്ന നജസായ വെള്ളം ആരെങ്കിലും എടുത്തു മാറ്റുകയും, ശുദ്ധിയുള്ള വെള്ളം അതിലേക്ക് വെക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അയാൾക്ക് സംശയമുണ്ടാവുകയും ചെയ്തുവെന്ന് കരുതുക. എന്താണയാൾ ചെയ്യേണ്ടത്?
നേരത്തെ പറഞ്ഞ പൊതുതത്വം ഇവിടെയും പ്രാവർത്തികമാക്കാം. ബക്കറ്റിലുണ്ടായിരുന്ന വെള്ളം നജസാണെന്നത് അയാൾക്ക് ഉറപ്പുള്ള കാര്യമായിരുന്നു. ഇപ്പോൾ ബക്കറ്റിലുള്ള വെള്ളം ശുദ്ധിയുള്ളതാണോ എന്നത് സംശയകരമായ കാര്യവും. ഈ സന്ദർഭത്തിൽ ഉറപ്പുള്ള കാര്യം സ്വീകരിക്കുകയും, സംശയം ഒഴിവാക്കുകയും ചെയ്യുക. അതായത്, വെള്ളം നജസാണെന്ന് മനസ്സിലാക്കുകയും അത് ഒഴിച്ചു കളയുകയും ചെയ്യുക.
ഇത്രയും പറഞ്ഞതിനുള്ള തെളിവ് നബി -ﷺ- യുടെ ഹദീഥാണ്. ‘ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിലൊന്ന് വിവരിക്കുന്ന, കർമ്മശാസ്ത്രത്തിലെ മഹത്തരമായ പൊതുതത്വം ഉൾക്കൊള്ളുന്ന ഹദീഥ്’ എന്ന് ഇമാം നവവി -رَحِمَهُ اللَّهُ- വിശേഷിപ്പിച്ച പ്രസ്തുത ഹദീഥ് താഴെ നൽകാം.
عَنْ عَبْدِ اللَّهِ بْنِ زَيْدٍ الأنَصْاَرِيِّ رَضِيَ اللَّهُ عَنْهُ قَالَ: شُكِيَ إِلَى النَّبِيِّ -ﷺ- الرَّجُلُ، يُخَيَّلُ إِلَيْهِ أَنَّهُ يَجِدُ الشَّيْءَ فِي الصَّلَاةِ، قَالَ: «لَا يَنْصَرِفُ حَتَّى يَسْمَعَ صَوْتًا، أَوْ يَجِدَ رِيحًا»
അബ്ദുല്ലാഹി ബ്നു സയ്ദ് ബ്നുൽ അൻസ്വാരീ -رَضِيَ اللَّهُ عَنْهُ- നിവേദനം: നിസ്കാരത്തിൽ വുദു നഷ്ടപ്പെട്ടു എന്ന് തോന്നിക്കപ്പെടുന്ന ഒരു വ്യക്തി നബി -ﷺ- യോട് പ്രയാസം ബോധിപ്പിച്ചു. നബി -ﷺ- പറഞ്ഞു: “(കീഴ്ശ്വാസം പോയി എന്ന് ഉറപ്പാകുന്ന തരത്തിൽ) ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ അയാൾ പിരിഞ്ഞു പോകേണ്ടതില്ല.” (ബുഖാരി: 137, മുസ്ലിം: 361)
ഈ ഹദീഥിൽ വുദു നഷ്ടമായി എന്ന് ഉറപ്പാകുന്നത് വരെ അതിനെതിരെ ഉണ്ടാകുന്ന സംശയത്തെ പരിഗണിക്കേണ്ടതില്ലെന്നും, വുദു ഉണ്ട് എന്ന ഉറപ്പിൽ നിലനിൽക്കാനും നബി -ﷺ- ഉപദേശിക്കുന്നു. ഇത് വെള്ളത്തിന്റെ കാര്യത്തിൽ സംശയമുണ്ടാകുമ്പോഴും സ്വീകരിക്കാവുന്നതാണ്. (ശർഹു മുസ്ലിം / നവവി: 4/49)
[1] الحنفية: المبسوط للسرخسي: 1/105، لكن قد يقدِّمُ الحنفيَّةُ الطَّاهِرَ لقرينةٍ. انظر: المبسوط: 1/83.
المالكية: مواهب الجليل للحطَّاب: 1/246، وينظر: الفواكه الدواني للنفراوي: 1/361.
الشافعية: المجموع للنووي: 1/167، روضة الطالبين للنووي: 1/77.
الحنابلة: الفروع لابن مفلح: 1/93، وينظر: الشرح الكبير لشمس الدين ابن قدامة: 1/46.