ജനാബതുകാരൻ കുളിച്ചു ശുദ്ധിയാകുന്നതിന് മുൻപ് ഭക്ഷണമോ വെള്ളമോ കഴിക്കാൻ ഉദ്ദേശിക്കുകയോ, ഉറങ്ങാൻ തീരുമാനിക്കുകയോ ചെയ്താൽ അതിന് മുൻപ് വുദൂഅ് എടുക്കുക എന്നത് സുന്നത്താണ്. ശാഫിഈ, ഹമ്പലീ മദ്ഹബുകളിലെ അഭിപ്രായം ഇപ്രകാരമാണ്. [1]
عَنِ ابْنِ عُمَرَ، أَنَّ عُمَرَ بْنَ الخَطَّابِ، سَأَلَ رَسُولَ اللَّهِ -ﷺ- أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: «نَعَمْ إِذَا تَوَضَّأَ أَحَدُكُمْ، فَلْيَرْقُدْ وَهُوَ جُنُبٌ»
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ചു: “ജനാബതുകാരനായിരിക്കെ ഒരാൾക്ക് ഉറങ്ങാൻ പാടുണ്ടോ?” നബി -ﷺ- പറഞ്ഞു: “അതെ! (ഉറങ്ങാം). ഒരാൾ വുദൂഅ് എടുത്തുവെങ്കിൽ അവൻ ജനാബതുകാരനായി ഉറങ്ങിക്കൊള്ളട്ടെ.” (ബുഖാരി: 287, മുസ്ലിം: 306)
عَنِ ابْنِ عُمَرَ، قَالَ: ذَكَرَ عُمَرُ بْنُ الْخَطَّابِ، لِرَسُولِ اللَّهِ -ﷺ- أَنَّهُ تُصِيبُهُ جَنَابَةٌ مِنَ اللَّيْلِ، فَقَالَ لَهُ رَسُولُ اللَّهِ -ﷺ-: «تَوَضَّأْ وَاغْسِلْ ذَكَرَكَ، ثُمَّ نَمْ»
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. നബി -ﷺ- പറഞ്ഞു: “നീ വുദൂഅ് എടുക്കുകയും, നിന്റെ ഗുഹ്യസ്ഥാനം കഴുകുകയും, ശേഷം ഉറങ്ങുകയും ചെയ്യുക.” (മുസ്ലിം: 306)
عَنْ عَائِشَةَ قَالَتْ: «كَانَ رَسُولُ اللَّهِ -ﷺ- إِذَا كَانَ جُنُبًا، فَأَرَادَ أَنْ يَأْكُلَ أَوْ يَنَامَ، تَوَضَّأَ وُضُوءَهُ لِلصَّلَاةِ»
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ജനാബത്തുകാരനായിരിക്കെ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഉദ്ദേശിച്ചാൽ നിസ്കാരത്തിന് വുദൂഅ് എടുക്കുന്നത് പോലെ വുദൂഅ് എടുക്കുമായിരുന്നു.” (മുസ്ലിം: 305)
ഇമാം ഇബ്നു ഹസ്മ് -رَحِمَهُ اللَّهُ- പറയുന്നു: “ജനാബതുകാരൻ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ, സലാം മടക്കാനോ, ദിക്ർ ചൊല്ലാനോ ഉദ്ദേശിക്കുന്നെങ്കിൽ വുദൂഅ് എടുക്കുക എന്നത് സുന്നത്താണ്. എന്നാൽ അത് ചെയ്യുക എന്ന നിർബന്ധമില്ല.” (മുഹല്ലാ: 1/100)
[1] الشافعية: المجموع للنووي (2/156)، مغني المحتاج للشربيني (1/63)
الحنابلة: الإنصاف للمرداوي (1/260)، كشاف القناع للبهوتي (1/157)