1- മൂക്കിൽ വെള്ളം കയറ്റുന്നതിന് മുൻപ് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുന്നതാണ് സുന്നത്ത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാകുന്നു. [1]

عَنْ عَبْدِ اللَّهِ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ -فِي وَصْفِ وُضُوءِ النَّبِيِّ -ﷺ-، وَفِيهِ-: «فَمَضْمَضَ، وَاسْتَنْشَقَ، وَاسْتَنْثَرَ ثَلَاثًا بِثَلَاثِ غَرَفَاتٍ مِنْ مَاءٍ»

വുദൂഅ് വിശദീകരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ നബി -ﷺ- യുടെ വുദൂഅ് വിവരിക്കവെ അദ്ദേഹം പറഞ്ഞു: “ശേഷം നബി -ﷺ- വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, അത് ചീറ്റിക്കളയുകയും ചെയ്തു. ഇതെല്ലാം മൂന്ന് തവണ, വെള്ളം മൂന്നു കോരലുകൾ എടുത്തു കൊണ്ടാണ് നബി -ﷺ- നിർവ്വഹിച്ചത്.” (ബുഖാരി: 192, മുസ്‌ലിം: 235)

2- വായിൽ വെള്ളം കൊപ്ലിക്കുന്നതും, മൂക്കിൽ വെള്ളം കയറ്റുന്നതും കൂടുതൽ ശക്തിയിൽ ചെയ്യുന്നത് സുന്നത്താണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. [2]

عَنْ أَبِيهِ لَقِيطِ بْنِ صَبْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَسْبِغِ الْوُضُوءَ، وَخَلِّلْ بَيْنَ الْأَصَابِعِ، وَبَالِغْ فِي الِاسْتِنْشَاقِ إِلَّا أَنْ تَكُونَ صَائِمًا»

ലഖീത്വ് ബ്നു സ്വബിറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നീ വുദൂഅ് പൂർണ്ണമാക്കുക. നിന്റെ വിരലുകൾക്കിടയിൽ കോർത്തു കഴുകുകയും ചെയ്യുക. മൂക്കിൽ വെള്ളം കയറ്റുന്നത് ശക്തിയിലാക്കുക; നോമ്പുകാരനാണെങ്കിലൊഴികെ.” (അബൂ ദാവൂദ്: 142, അല്‍ബാനി സ്വഹീഹ് എന്ന്‍ വിലയിരുത്തി.)

മൂക്കിൽ വെള്ളം ശക്തിയായി കയറ്റുക (الاسْتِنْشَاقُ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മൂക്കിന്റെ -സാധ്യമായതിൽ- ഏറ്റവും അറ്റം വരെ വെള്ളം കയറ്റുക എന്നതാണ്.

വായിൽ വെള്ളം കൊപ്ലിക്കുന്നത് ശക്തിയിൽ ചെയ്യണം എന്നത് പ്രത്യേകം സ്ഥിരപ്പെടുത്തുന്ന ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ ഇത് സുന്നത്താണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ പറയപ്പെടാവുന്ന അഭിപ്രായവ്യത്യാസമില്ല. [3]

വായിൽ വെള്ളം കൊപ്ലിക്കുന്ന സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടത്:

(1) വായയുടെ അറ്റം മുതൽ -മുൻപല്ലുകളും പല്ലിന്റെ ഊനുകളും- നല്ലവണ്ണം നനയുന്ന രൂപത്തിൽ,

(2) തൊണ്ടയുടെ അറ്റത്തേക്ക് വെള്ളം എത്തുന്ന തരത്തിൽ,

(3) വായുടെ മുഴുവൻ ഭാഗവും -അല്ലെങ്കിൽ ഭൂരിഭാഗം ഭാഗവും- നനവെത്തുന്നത് വരെ,

വെള്ളം വായിലിട്ട് കുലുക്കുകയും കൊപ്ലിക്കുകയുമാണ് ചെയ്യേണ്ടത്. [4]

മേലെ നൽകിയ ഹദീഥിൽ പ്രത്യേകം പരാമർശിക്കപ്പെട്ടതു പോലെ, നോമ്പുകാർ ഈ രണ്ടു കാര്യങ്ങളും നിർവ്വഹിക്കുമ്പോൾ മിതത്വം പാലിക്കേണ്ടതുണ്ട്. കാരണം നോമ്പുള്ള സന്ദർഭത്തിൽ മൂക്കിലും വായിലും വെള്ളം ശക്തിയായി പ്രവേശിപ്പിക്കുന്നത് ചിലപ്പോൾ തൊണ്ടയിലേക്ക് വെള്ളം ഇറങ്ങിപ്പോകാൻ കാരണമാകും.

3- വായിലും മൂക്കിലും വെള്ളം കയറ്റുന്നത് ഒരു കോരൽ കൊണ്ടാവുക.

ഒരു കോരൽ വെള്ളം എടുത്ത ശേഷം അത് വായിലേക്ക് പ്രവേശിപ്പിച്ച് കൊപ്ലിക്കുകയും, പിന്നീട് മൂക്കിൽ പ്രവേശിപ്പിക്കുകയും, വായിലെ വെള്ളം തുപ്പിക്കളയുകയും, മൂക്കിലെ വെള്ളം ചീറ്റിക്കളയുകയും ചെയ്യുക. ഇവ ചെയ്തു കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ കോരി വെള്ളം എടുക്കുക. പിന്നീട് മേലെ പറഞ്ഞതെല്ലാം അതേ കോരൽ വെള്ളം കൊണ്ട് നിർവ്വഹിക്കുക.

ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. മാലികീ മദ്‌ഹബിലും ചിലർക്ക് ഈ വീക്ഷണമുണ്ട്. [5] ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങി അനേകം പണ്ഡിതന്മാർ ഈ അഭിപ്രായത്തെ ബലപ്പെടുത്തിയവരാണ്. [6]

عَنْ عَبْدِ اللَّهِ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ -فِي وَصْفِ وُضُوءِ النَّبِيِّ -ﷺ-، وَفِيهِ-: «فَمَضْمَضَ، وَاسْتَنْشَقَ، وَاسْتَنْثَرَ ثَلَاثًا بِثَلَاثِ غَرَفَاتٍ مِنْ مَاءٍ»

വുദൂഅ് വിശദീകരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ നബി -ﷺ- യുടെ വുദൂഅ് വിവരിക്കവെ അദ്ദേഹം പറഞ്ഞു: “ശേഷം നബി -ﷺ- വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, അത് ചീറ്റിക്കളയുകയും ചെയ്തു. ഇതെല്ലാം മൂന്ന് തവണ, വെള്ളം മൂന്നു കോരലുകൾ എടുത്തു കൊണ്ടാണ് നബി -ﷺ- നിർവ്വഹിച്ചത്.” (ബുഖാരി: 192, മുസ്‌ലിം: 235) ചില നിവേദനങ്ങളിൽ ഇപ്രകാരം കൂടിയുണ്ട്: “നബി -ﷺ- വായിൽ വെള്ളം കൊപ്ലിച്ചതും മൂക്കിൽ വെള്ളം കയറ്റിയതും ഒരു കൈപ്പത്തി കൊണ്ടാണ്. (മുസ്‌ലിം: 235)

ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറയുന്നു: “വായും മൂക്കും ഒരൊറ്റ കോരൽ കൊണ്ട് കഴുകലാണ് വേണ്ടത്. നബി -ﷺ- ചെയ്തതു പോലെ, മൂന്ന് തവണയും അത് ആവർത്തിക്കുക. എന്നാൽ വായ ഒരു കോരൽ കൊണ്ടും, മൂക്ക് മറ്റൊരു കോരൽ കൊണ്ടും കഴുകിയാൽ അതിൽ കുഴപ്പമില്ല. പക്ഷേ, അല്ലാഹുവിന്റെ റസൂൽ -ﷺ- ചെയ്തതു പോലെ ഒരു കോരൽ കൊണ്ട് രണ്ടും ചെയ്യലാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്.” (ഫതാവാ നൂറുൻ അലദ്ദർബ് / ശുവൈഇർ: 5/51)

4-മൂക്കിൽ നിന്ന് വെള്ളം ചീറ്റി പുറത്തേക്ക് കളയുക എന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തില്‍ യോജിച്ചിരിക്കുന്നു. [7]

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ، ثُمَّ لِيَنْثُرْ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും വുദൂഅ് എടുക്കുകയാണെങ്കിൽ അവൻ തന്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ.” (ബുഖാരി: 162, മുസ്‌ലിം: 237)

മൂക്കിലുള്ള വെള്ളം പുറത്തേക്ക് ചീറ്റിക്കളയുമ്പോൾ ശ്രദ്ധിക്കേണ്ടത്;

(1) മൂക്കിലേക്ക് വെള്ളം പ്രവേശിപ്പിക്കുന്നത് വലതു കൈ കൊണ്ടായിരിക്കുക.

(2) മൂക്കിൽ നിന്ന് വെള്ളം പുറത്തേക്ക് ചീറ്റിക്കളയുന്നത് ഇടതു കൈ കൊണ്ടായിരിക്കുക.

عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ: أَنَّهُ دَعَا بوَضُوءٍ، فَتَمَضْمَضَ وَاسْتَنْشَقَ، وَنَثَرَ بِيَدِهِ اليُسْرَى، فَفَعَلَ هَذَا ثَلَاثًا، ثُمَّ قَالَ: هَذَا طُهُورُ نَبِيِّ اللَّهِ -ﷺ-.

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം വുദു എടുക്കാനുള്ള വെള്ളം ആവശ്യപ്പെട്ടു. ശേഷം വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, തന്റെ ഇടതു കൈ കൊണ്ട് അത് ചീറ്റിക്കളയുകയും ചെയ്തു. ഇപ്രകാരം മൂന്ന് തവണ അദ്ദേഹം ചെയ്തു. ശേഷം പറഞ്ഞു: “നബി -ﷺ- യുടെ ശുദ്ധീകരണം ഇപ്രകാരമാണ്.” (അബൂദാവൂദ്: 112, നസാഈ: 91, അഹ്മദ്: 1133, അല്‍ബാനി സ്വഹീഹ് എന്ന്‍ വിലയിരുത്തി.)

[1]  بدائع الصنائع للكاساني (1/ 21)، الخرشي (1/ 138)، المغني لابن قدامة (1/ 84)، المجموع للنووي: (1/400)

[2]  الحنفية: البحر الرائق لابن نجيم (1/22)، وينظر: فتح القدير للكمال ابن الهمام (1/23).

المالكية: مواهب الجليل للحطاب (1/354)، وينظر: الفواكه الدواني للنفراوي (1/386).

الشافعية: المجموع للنووي (1/356)، وينظر: الحاوي الكبير للماوردي (1/106).

الحنابلة: الإنصاف للمرداوي (1/133)، كشاف القناع للبهوتي (1/94).

[3]  المجموع للنووي: (1/396)

[4]  موسوعة أحكام الطهارة: 9/201.

[5]  الشافعية: المجموع للنووي (1/358، 359)، نهاية المحتاج للرملي (1/188)

الحنابلة: المبدع لبرهان الدين ابن مفلح (1/87)، وينظر: المغني لابن قدامة (1/89).

المالكية -قول عندهم-: مواهب الجليل للحطاب (1/355).

[6]  ابن تيمية: الفتاوى الكبرى لابن تيمية (5/303).

ابن القيم: زاد المعاد (1/185).

ابن باز:  فتاوى نور على الدرب لابن باز بعناية الشويعر (5/51).

ابن عثيمين:  الشرح الممتع (1/171).

[7]  الحنفية: البحر الرائق لابن نجيم (1/22)، وينظر: فتح القدير للكمال ابن الهمام (1/27).

المالكية: الكافي لابن عبدِ البَرِّ (1/170)، وينظر: القوانين الفقهية لابن جزي (ص: 20).

الشافعية: المجموع للنووي (1/357)، مغني المحتاج (1/58).

الحنابلة: الإقناع للحجاوي (1/26)، كشاف القناع للبهوتي (1/105).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: