ഒരാളുടെ വുദൂഅ് ശരിയാകണമെങ്കിൽ അയാൾ ശ്രദ്ധിക്കേണ്ട ഏഴ് നിബന്ധനകളുണ്ട്. വുദൂഅ് എടുക്കുന്നതിന് മുൻപ് നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട ഇവയെ കുറിച്ച് ചുരുങ്ങിയ രൂപത്തിൽ താഴെ വിവരിക്കാം.

1- മുസ്‌ലിമായിരിക്കണം.

സൽകർമ്മങ്ങൾ ഇസ്‌ലാം സ്വീകരിച്ചവനിൽ നിന്ന് മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്നത് ഇസ്‌ലാമിന്റെ പ്രാഥമിക പാഠങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:

وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّـهِ وَبِرَسُولِهِ

“അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്‌.” (തൗബ: 54)

പരോപകാരപരമായ ദാനധർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ തടസ്സമായത് അത് ചെയ്തവർ ഇസ്‌ലാം സ്വീകരിച്ചില്ല എന്നതായിരുന്നു എന്ന് ഈ ആയതിൽ അല്ലാഹു ഉണർത്തുന്നു. എങ്കിൽ വ്യക്തിപരമായ ആരാധനയിൽ പെടുന്ന വുദൂഅ് മുസ്‌ലിമിൽ നിന്നല്ലാതെ സ്വീകരിക്കപ്പെടുകയില്ല എന്ന് മനസ്സിലാക്കാം.

2- ബുദ്ധിയുള്ളവനായിരിക്കണം.

عَنْ عَائِشَةَ رضى الله عنها أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «رُفِعَ الْقَلَمُ عَنْ ثَلاَثَةٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ وَعَنِ الْمُبْتَلَى حَتَّى يَبْرَأَ وَعَنِ الصَّبِىِّ حَتَّى يَكْبَرَ»

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് പേരിൽ നിന്ന് (പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറക്കത്തിൽ പെട്ട ഒരുവൻ എഴുന്നേൽക്കുന്നത് വരെയും, ബുദ്ധിഭ്രമം ബാധിച്ചവന് (രോഗം) മാറുന്നത് വരെയും, കുട്ടി വലിയവനാകുന്നത് (പ്രായപൂർത്തി) വരെയും.” (അബൂദാവൂദ്: 4400)

ബുദ്ധിയുള്ളവർക്ക് മാത്രമേ പ്രവർത്തനങ്ങൾക്ക് പിന്നിൽ നിയ്യത് (ഉദ്ദേശം) ഉണ്ടാവുകയുള്ളൂ; നിയ്യത് ഇല്ലാതെ ഒരു പ്രവർത്തനവും സ്വീകരിക്കപ്പെടുകയുമില്ല. ഇതിനാൽ വുദൂഇന്റെ നിബന്ധനകളിൽ പെട്ടതാണ് ബുദ്ധി എന്നതിൽ നാല് മദ്‌ഹബുകളും യോജിച്ചിരിക്കുന്നതായി കാണാം. [1]

3- വുദൂഇന്റെ നിയ്യത് ഉണ്ടായിരിക്കണം.

ഒരു പ്രവൃത്തി ചെയ്യാനുള്ള ഉറച്ച ഉദ്ദേശം ഹൃദയത്തിൽ ഉണ്ടാവുക എന്നതാണ് നിയ്യത് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഏതൊരു പ്രവർത്തിയും സ്വീകരിക്കപ്പെടാൻ നിയ്യത് നിർബന്ധമാണ്.

عَنْ عُمَرَ بْنَ الخَطَّابِ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى»

ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “പ്രവർത്തനങ്ങൾ ഉദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. ഓരോ വ്യക്തിക്കും അവൻ ഉദ്ദേശിച്ചതെന്തോ, അതാണുള്ളത്.” (ബുഖാരി: 1, മുസ്‌ലിം: 1907)

4- വുദൂഅ് ഇല്ലാതെയാക്കുന്ന കാര്യങ്ങൾ അവസാനിക്കണം.

വുദൂഇന് തടസ്സമാകുന്ന ആർത്തവം, നിഫാസ് (പ്രസവശേഷമുള്ള രക്തം) പോലുള്ളവ അവസാനിച്ചതിന് ശേഷം വുദൂഅ് ചെയ്താലേ അത് ശരിയാവുകയുള്ളൂ. ഉദാഹരണത്തിന് ആർത്തവ രക്തം അവസാനിക്കുന്നതിന് മുൻപ് വുദൂ എടുത്താൽ അത് സ്വീകാര്യമാവുകയില്ല. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [2]

5- വുദൂഇന്റെ അവയവങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് തടയുന്ന എന്തെങ്കിലുമുണ്ടെങ്കിൽ അവ നീക്കം ചെയ്യണം.

വുദൂഇന്റെ അവയവങ്ങൾ -അവയുടെ തൊലി നനയുന്നത്- തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ശരീരത്തിലുണ്ട് എങ്കിൽ അവ നീക്കം ചെയ്ത ശേഷമാണ് വുദൂഅ് എടുക്കേണ്ടത്. ഇക്കാര്യത്തിൽ നാല് മദ്‌ഹബുകളും യോജിച്ചിരിക്കുന്നു. [3]

മെഴുക്, കൊഴുപ്പ്, ഭക്ഷണത്തിന് കുഴച്ച മാവ്, കളിമണ്ണ്, പെയിൻ്റ്, നെയിൽ പോളിഷ്, കൃത്രിമ നഖങ്ങൾ പോലുള്ളവ വുദൂഇന്റെ അവയവങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് തടയുന്ന വസ്തുക്കൾക്ക് ഉദാഹരണമാണ്. ഒന്നിലധികം ‘ലെയറുക’ളുള്ള മെയ്ക്കപ്പുകളും കൺമഷികളും ഈ പറഞ്ഞതിൽ ഉൾപ്പെടും.

6- നിരന്തരമായി വുദൂഅ് നഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ നിസ്കാരത്തിന്റെ സമയം ആയതിന് ശേഷമായിരിക്കണം വുദൂഅ് എടുക്കുന്നത്.

സ്ത്രീകളിൽ കാണപ്പെടുന്ന രക്തസ്രാവം, മൂത്രവാർച്ച, തുടർച്ചയായി കീഴ്ശ്വാസം പോയിക്കൊണ്ടിരിക്കുക പോലുള്ളവ ബാധിച്ചവർക്ക് നിരന്തരമായി വുദൂഅ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയുണ്ട്. ഇത്തരക്കാർ ഓരോ നിസ്കാരത്തിന്റെയും സമയം പ്രവേശിച്ചതിന് ശേഷമാണ് വുദൂഅ് എടുക്കേണ്ടത്. നിസ്കാര സമയത്തിന് മുൻപ് അവർ വുദൂഅ് എടുത്താൽ അത് ശരിയാവുകയില്ല എന്നാണ് ശാഫിഈ ഹമ്പലീ മദ്‌ഹബുകളിലെ അഭിപ്രായം. [4]

عَنْ عَدِيِّ بْنِ ثَابِتٍ، عَنْ أَبِيهِ، عَنْ جَدِّهِ، عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ فِي المُسْتَحَاضَةِ: «تَدَعُ الصَّلَاةَ أَيَّامَ أَقْرَائِهَا الَّتِي كَانَتْ تَحِيضُ فِيهَا، ثُمَّ تَغْتَسِلُ وَتَتَوَضَّأُ عِنْدَ كُلِّ صَلَاةٍ، وَتَصُومُ وَتُصَلِّي»

ഥാബിത് ബ്നു ഖയ്സ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- രക്തസ്രാവം സംഭവിക്കുന്ന സ്ത്രീയുടെ കാര്യത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “അവൾ സമാനരായ സ്ത്രീകൾക്ക് ആർത്തവം ഉണ്ടാകുന്നത്ര ദിവസങ്ങൾ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും, ഓരോ നിസ്കാരവേളയിലും വുദൂഅ് എടുക്കുകയും ചെയ്യട്ടെ.” (തിർമിദി: 126, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ഈ ഹദീഥിൽ രക്തസ്രാവമുള്ള സ്ത്രീകൾ ഓരോ നിസ്കാരവേളയിലും വുദൂഅ് എടുക്കണമെന്ന് നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. നിരന്തരമായി വുദൂഅ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇവരുടെ സമാനഅവസ്ഥയിലുള്ളവർക്കും -മൂത്രവാർച്ചയും മറ്റുമുള്ളവർക്കും- സമാനമായ വിധി തന്നെയാണ് നൽകപ്പെടേണ്ടത്.

7- ശുദ്ധീകരിക്കാൻ കഴിവുള്ള (ത്വഹൂറായ) വെള്ളം കൊണ്ടായിരിക്കണം വുദൂഅ് എടുക്കുന്നത്.

ശുദ്ധീകരിക്കാൻ കഴിവുള്ള വെള്ളത്തിന് ത്വഹൂർ എന്നാണ് പറയുക. ആകാശത്ത് നിന്ന് പെയ്യുന്ന മഴവെള്ളവും, ഭൂമിയിൽ കിണറുകളിലും ഉറവകളിലും കാണപ്പെടുന്ന വെള്ളവുമെല്ലാം ‘ത്വഹൂർ’ ആയ വെള്ളത്തിന്റെ ഉദാഹരണങ്ങളാണ്. ഇവ കൊണ്ട് മാത്രമേ വുദൂഅ് എടുക്കാവൂ. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും, മാലികീ ശാഫിഈ ഹമ്പലീ മദ്‌ഹബുകളെയും അഭിപ്രായം ഇപ്രകാരമാണ്. [5] ഈ വിഷയത്തിൽ ഇജ്മാഉള്ളതായും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [6]

وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُورًا

“ആകാശത്ത് നിന്ന് നാം ത്വഹൂറായ വെള്ളം ഇറക്കുകയും ചെയ്തിരിക്കുന്നു.” (ഫുർഖാൻ: 48)

ദ്രാവകരൂപത്തിലുള്ള എന്തൊരു വസ്തുവും കൊണ്ട് വുദൂഅ് എടുക്കുന്നത് അനുവദനീയമാണ് എന്ന തെറ്റിദ്ധരിക്കാതിരിക്കാൻ ഈ നിബന്ധന സഹായകമാണ്. ഉദാഹരണത്തിന് പനിനീർ വെള്ളമോ, ചെടികളുടെ സത്തയിൽ നിന്നുള്ള വെള്ളമോ കൊണ്ട് വുദൂഅ് എടുത്താൽ ആ വുദൂഅ് ശരിയാവുകയില്ല.

[1]  الحنفية: البحر الرائق لابن نجيم (1/10)، حاشية ابن عابدين (1/86).

المالكية: مواهب الجليل للحطاب (1/264)، وينظر: الفواكه الدواني للنفراوي (1/383).

الشافعية: المجموع للنووي (1/330)، وينظر: الحاوي الكبير للماوردي (1/97).

الحنابلة: الإنصاف للمرداوي (1/111)، كشاف القناع للبهوتي (1/85).

[2]  الحنفية: البحر الرائق لابن نجيم (1/10)، حاشية الطحطاوي (ص:40).

المالكية: مواهب الجليل للحطاب (1/264)، وينظر: الفواكه الدواني للنفراوي (1/383).

الشافعية: مغني المحتاج للشربيني (1/47)، نهاية المحتاج للرملي (1/154).

الحنابلة: الإنصاف للمرداوي (1/144)، كشاف القناع للبهوتي (1/85).

[3]  الحنفية: الفتاوى الهندية (1/4)، وينظر: فتح القدير للكمال ابن الهمام (1/16).

المالكية: مواهب الجليل للحطاب (1/288)، الشرح الكبير للدردير (1/88).

الشافعية: روضة الطالبين للنووي (1/64)، مغني المحتاج للشربيني (1/54).

الحنابلة: الإنصاف للمرداوي (1/111)، كشاف القناع للبهوتي (1/85).

[4]  الشافعية: المجموع للنووي (2/514)

الحنابلة: كشاف القناع (1/196)

[5]  المالكية: الذخيرة للقرافي (1/168)، القوانين الفقهية لابن جزي (ص: 25).

الشافعية: المجموع للنووي (1/92)، وينظر: الحاوي الكبير للماوردي (1/47).

الحنابلة: المبدع لبرهان الدين ابن مفلح (1/15)، وينظر: المغني لابن قدامة (1/10).

[6]  الإجماع لابن المنذر (ص: 34)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: