വുദൂഇൽ മുഖം കഴുകുക എന്നത് നിർബന്ധമാണ്. അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ 

“മുഅമിനീങ്ങളെ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങൾ കഴുകുക…” (മാഇദ: 6)

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “വുദൂഇൽ മുഖം കഴുകൽ നിർബന്ധമാണെന്നത് ഖുർആനും, ഹദീഥും, ഇജ്മാഉം കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു.” (മജ്മൂഅ്: 1/371)

മുഖം കഴുകുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്: മുഖത്തിന് മുകളിലൂടെ വെള്ളം -ഒരു തുള്ളിയെങ്കിലും ഇറ്റിവീഴുന്ന രൂപത്തിൽ- ഒഴിക്കുക എന്നതാണ്. [1] വെള്ളം ഒഴിക്കുമ്പോൾ കൈകൾ കൊണ്ട് മുഖത്ത് ഉരക്കുകയും തേക്കുകയും ചെയ്യുക എന്നത് സുന്നത്താണ്. [2]

പൊതുവെ തലയിൽ മുടി മുളക്കുന്ന ഭാഗം മുതൽ കീഴ്ത്താടി അവസാനിക്കുന്ന ഭാഗം വരെയാണ് വുദൂഇന്റെ സന്ദർഭത്തിൽ മുഖം കഴുകേണ്ടത്; മുഖത്തിന്റെ നീളമാണ് ഈ പറഞ്ഞത്. തലയിൽ പൊതുവെ മുടി മുളക്കുന്ന സ്ഥലം എന്ന് പറഞ്ഞത് കഷണ്ടി ബാധിച്ച് മുടി കൊഴിഞ്ഞവരെ പരിഗണിച്ചു കൊണ്ടാണ്. അവർ മുടി കൊഴിഞ്ഞ ഭാഗം വെള്ളം കൊണ്ട് കഴുകേണ്ടതില്ല. കാരണം അത് തലയുടെ ഭാഗമായാണ് പരിഗണിക്കപ്പെടുക; മുഖത്തിന്റെ ഭാഗമായല്ല.

രണ്ട് ചെവിക്കുറ്റികൾക്ക് ഇടയിലാണ് മുഖത്തിന്റെ വീതി കണക്കാക്കേണ്ടത്; അവയുടെ രണ്ടിന്റെയും ഇടയിൽ കഴുകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. ചെവിയുടെ ഭാഗത്തേക്കായി ഇറങ്ങി നിൽക്കുന്ന മുടി (കൃതാവ്) മുഖം കഴുകുന്നതിനോടൊപ്പം നിർബന്ധമായും കഴുകേണ്ടതാണ്; ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. [3]

വായിൽ വെള്ളം കൊപ്ലിക്കുക, മൂക്കി വെള്ളം കയറ്റുക എന്നീ കാര്യങ്ങളും മുഖം കഴുകുന്നതിൽ തന്നെയാണ് ഉൾപ്പെടുക. അവ വഴിയെ വിശദീകരിക്കുന്നതാണ്. ഇൻശാ അല്ലാഹ്.

[1]  حاشية ابن عابدين (1/ 208).

[2] شرح فتح القدير (1/ 11).

[3]  المبسوط للسرخسي (1/10)، بدائع الصنائع للكاساني (1/3)، مواهب الجليل للحطاب (1/266)، الفواكه الدواني للنفراوي (1/388)، المجموع للنووي (1/371)، المغني لابن قدامة (1/85)، الإنصاف للمرداوي (1/154)، المحلى لابن حزم (1/295).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: