ചെവി തടവുക എന്നത് വുദൂഇന്റെ കർമ്മങ്ങളിൽ പെട്ടതാണെന്നും, അത് ചെയ്യുന്നതാണ് നല്ലത് എന്നതിലും പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല. [1] അതോടൊപ്പം തല തടവുന്നതിന് പകരമായി ഒരാൾ ചെവി മാത്രം തടവിയാൽ അവന്റെ വുദൂഅ് ശരിയാകില്ല എന്നതിലും പണ്ഡിതന്മാർക്ക് ഇജ്മാഉണ്ട്. [2]

ഇത്രയും ചെവി തടവുന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമില്ലാത്ത കാര്യമാണ് എങ്കില്‍ വുദൂവിൽ ചെവി തടവുന്നതിന്റെ വിധി എന്താണ് എന്നതിൽ പണ്ഡിതന്മാർക്ക് രണ്ട് അഭിപ്രായമുണ്ട്. അവ രണ്ടും താഴെ ചുരുങ്ങിയ രൂപത്തിൽ വിവരിക്കാം.

ഒന്ന്: വുദൂവിൽ ചെവി തടവുക എന്നത് സുന്നത്താണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇതാണ്. [3] വുദൂഇന്റെ ആയത്തിൽ ചെവിയെ കുറിച്ചുള്ള പരാമർശമില്ല എന്നതാണ് ഈ വീക്ഷണം സ്വീകരിച്ചവരുടെ ന്യായം.

അല്ലാഹു പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ

“സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദഃ: 6)

ആയത്തിൽ തല തടവാൻ മാത്രമേ അല്ലാഹു കൽപ്പിച്ചിട്ടുള്ളൂ. അതിനാൽ ഒരാൾ തല മാത്രം തടവിയാലും അല്ലാഹുവിന്റെ കൽപ്പന പ്രാവർത്തികമാക്കി എന്ന് പറയാൻ കഴിയും എന്നതാണ് ഈ അഭിപ്രായത്തിനുള്ള തെളിവ്.

ഒരാൾ ബോധപൂർവ്വം ചെവി തടവുന്നത് ഉപേക്ഷിച്ചാലും അവന്റെ വുദൂഅ് ശരിയാകുന്നതാണ് എന്നതിൽ ഇജ്മാഉള്ളതായി ഒന്നിലധികം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതും ഒന്നാമത്തെ വീക്ഷണം സ്വീകരിച്ചവരുടെ തെളിവാണ്. [4]

രണ്ട്: വുദൂവിൽ രണ്ട് ചെവികളും -ഉള്ളും പുറവും- തടവുക എന്നത് നിർബന്ധമാണ്. ഹമ്പലീ മദ്‌ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [5] മാലികീ മദ്‌ഹബിലെ ചില പണ്ഡിതന്മാരും ഈ വീക്ഷണം സ്വീകരിച്ചിട്ടുണ്ട്. [6] ശൈഖ് ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയവർ ബലപ്പെടുത്തിയതും ഇതേ അഭിപ്രായമാണ്. [7]

«الأُذُنَانِ مِنَ الرَّأْسِ»

നബി -ﷺ- യുടെ ഹദീഥാണ് ഈ അഭിപ്രായം സ്വീകരിച്ചവരുടെ പ്രധാനതെളിവ്. അവിടുന്ന് പറഞ്ഞു: “രണ്ട് ചെവികളും തലയുടെ ഭാഗമാണ്.” (തിർമിദി: 37, ഇബ്‌നു മാജ: 443)

ശൈഖ് അൽബാനി -رَحِمَهُ اللَّهُ- പറയുന്നു: “ഈ ഹദീഥ് സ്വഹീഹാണ്. ഒരു സംഘം സ്വഹാബികൾ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. അബൂ ഉമാമഃ, അബൂ ഹുറൈറ, ഇബ്‌നു ഉമർ, ഇബ്‌നു അബ്ബാസ്, ആഇശ, അബൂ മൂസാ, അനസു ബ്നു മാലിക്, സമുറതു ബ്നു ജുൻദുബ്, അബ്ദുല്ലാഹി ബ്നു സൈദ് തുടങ്ങിയവരിൽ നിന്ന് ഈ ഹദീഥ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.” (സ്വഹീഹഃ: 36)

അതോടൊപ്പം നബി -ﷺ- യുടെ വുദൂഅ് നിവേദനം ചെയ്തവരെല്ലാം അവിടുന്ന് ചെവി തടവിയതായി അറിയിച്ചിട്ടുണ്ട്. അവിടുന്ന് ഇക്കാര്യം സ്ഥിരമായി ചെയ്തിരുന്നു എന്നത് ചെവി തടവൽ നിർബന്ധമാണ് എന്ന അഭിപ്രായത്തിന് ബലം നൽകുകയും ചെയ്യുന്നു. [8]

വുദൂഇന്റെ സന്ദര്‍ഭത്തില്‍ ചെവി തടവുന്നത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയോട് അടുത്തു നില്‍ക്കുന്നതായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

[1]  ابن عبد البر: التمهيد (18/225)

[2]  القرافي: الذخيرة (1/265)

[3]  الحنفية: العناية شرح الهداية للبابرتي (1/27)، حاشية الطحطاوي (ص: 47).

الماليكة -المشهور عندهم-: مواهب الجليل للحطاب (1/357)، وينظر: الذخيرة للقرافي (1/277).

الشافعية: المجموع للنووي (1/413)، وينظر: الحاوي الكبير للماوردي (1/120).

[4]  النووي: المجموع للنووي (1/415).

[5]  الفروع لابن مفلح (1/181)، كشاف القناع للبهوتي (1/100).

[6]  الذخيرة للقرافي (1/277)، حاشية الدسوقي (1/98).

[7]  ابن باز: فتاوى نور على الدرب لابن باز بعناية الشويعر (5/112).

ابن عثيمين: الشرح الممتع (1/188).

[8]  الشرح الممتع لابن عثيمين (1/187).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: