താഴേക്കിറങ്ങിയ താടി കഴുകുന്നത് നിർബന്ധമാണോ എന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏറ്റവും പ്രബലമായ രണ്ട് അഭിപ്രായങ്ങൾ താഴെ പറയാം.

ഒന്ന്: താഴേക്ക് ഇറങ്ങിയ താടിയുടെ പുറംഭാഗം കഴുകുക എന്നത് നിർബന്ധമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. മാലികീ ഹമ്പലീ മദ്‌ഹബുകളിലെ അഭിപ്രായവും, ശാഫിഈ മദ്‌ഹബിലെ ശരിയായ അഭിപ്രായവും ഇപ്രകാരമാണ്. [1]

വിശുദ്ധ ഖുർആനിൽ മുഖം കഴുകാനാണ് അല്ലാഹു കൽപ്പിച്ചിട്ടുള്ളത്. ഇവിടെ മുഖം എന്ന പദം നിരുപാധികമായാണ് വന്നിട്ടുള്ളത്. അതിൽ താടിയുള്ളവരും, അല്ലാത്തവരും ഉൾപ്പെടും. താടിയാകട്ടെ, മുഖത്തിന്റെ ഭാഗമായതിനാൽ അത് കഴുകുക എന്നത് നിർബന്ധവുമാണ്. കാരണം ഒരാളെ അഭിമുഖീകരിക്കുന്ന ഭാഗത്തിനാണ് അറബിയിൽ മുഖം എന്നർത്ഥം വരുന്ന വജ്‌ഹ് (الوَجْهُ) എന്ന പദം പ്രയോഗിക്കുക; താടി മറ്റൊരാളെ അഭിമുഖീകരിക്കുന്ന ഭാഗമാണ്. [2]

രണ്ട്: താഴേക്കിറങ്ങിയ താടി കഴുകുക എന്നത് നിർബന്ധമില്ല. ഹനഫീ മദ്‌ഹബിലെ അഭിപ്രായം ഇതാണ്. ശാഫിഈ മദ്‌ഹബിലെ ചില പണ്ഡിതന്മാർക്കും ഈ വീക്ഷണമുണ്ട്. [3] ഇമാം അഹ്മദിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട വ്യത്യസ്ത അഭിപ്രായങ്ങളിലൊന്നുമാണിത്. ഇമാം ഇബ്‌നു റജബ് ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തിയിട്ടുള്ളത്. [4]

മുഖത്തിൽ നിന്ന് താഴേക്കിറങ്ങിയ രോമമാണ് താടി; തലയിൽ നിന്ന് താഴേക്ക് ഇറങ്ങുന്ന മുടിയോട് ഇതിന് സമാനതയുണ്ട്. ഇങ്ങനെ തലയിൽ നിന്ന് താഴോട്ടിറങ്ങിയ മുടി വുദുവെടുക്കുമ്പോൾ തടവേണ്ടതില്ല എന്നതിൽ സംശയമില്ല. എങ്കിൽ ഇതേ വിധി തന്നെ താടിക്കും ബാധകമാണ്; ഇതാണ് ഈ വീക്ഷണം സ്വീകരിച്ചവരുടെ ന്യായങ്ങളിലൊന്ന്.

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “ഈ വിഷയത്തിൽ ശരിയോട് ഏറ്റവും അടുത്തു നിൽക്കുന്നത് താടി മുഖത്തിൽ ഉൾപ്പെടും എന്ന അഭിപ്രായമാണ്.” (മുംതിഅ്: 1/172-173)

വല്ലാഹു അഅ്ലം.

[1]  المالكية: الذخيرة للقرافي (1/254)، الفواكه الدواني للنفراوي (1/388).

الشافعية -في الأصح-: الأم للشافعي (1/25)، الحاوي الكبير للماوردي (1/130).

الحنابلة: الإنصاف للمرداوي (1/156)، وينظر: المغني لابن قدامة (1/87).

[2]  الاستذكار لابن عبدِ البَرِّ (1/127)، الحاوي الكبير للماوردي (1/130، 131)، المجموع للنووي (1/379، 380).

[3]  الحنفية: حاشية ابن عابدين (1/101)، وينظر: بدائع الصنائع للكاساني (1/4).

الشافعية -قول عندهم-: المجموع للنووي (1/379).

[4]  الإنصاف (1/119)، وينظر: المبدع لابن مفلح (1/102).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: