വുദുവിൽ തല തടവുക എന്നത് നിർബന്ധമാണ്. അക്കാര്യത്തിൽ ഇജ്മാഉള്ളതായി അനേകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [1]

വിശുദ്ധ ഖുർആനിലെ വുദൂഇന്റെ ആയത്തിലും തല തടവാനുള്ള വ്യക്തമായ കൽപ്പനയുണ്ട്.

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ

“സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദഃ: 6)

ഇത്രയും ആമുഖം പറഞ്ഞതിന് ശേഷം ചോദ്യത്തിലേക്ക് പ്രവേശിക്കാം. തല മുഴുവൻ തടവുക എന്നത് നിർബന്ധമാണോ എന്നാണ് ചോദ്യം. അതെ, തല മുഴുവനായും തടവുക എന്നത് നിർബന്ധമാണ്. തലയുടെ മുൻഭാഗമോ, ഏതെങ്കിലും കുറച്ച് മുടിയിഴകളോ കഴുകിയത് കൊണ്ട് മതിയാവുകയില്ല.

മാലികീ മദ്‌ഹബിലെ പ്രസിദ്ധമായ അഭിപ്രായവും, ഹമ്പലീ മദ്‌ഹബിലെ ശരിയായ അഭിപ്രായവും ഇപ്രകാരമാണ്. [2] ശാഫിഈ പണ്ഡിതന്മാരിൽ പെട്ട ഇമാം മുസനിയും [3], ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീൻ, ശൈഖ് അൽബാനി [4] എന്നിങ്ങനെ അനേകം പണ്ഡിതന്മാർ ഈ വീക്ഷണത്തെയാണ് പിന്താങ്ങിയിട്ടുള്ളത്.

വുദുവിന്റെ രൂപം വിവരിക്കപ്പെട്ട -മേലെ നൽകിയ സൂറ. മാഇദയിലെ 6 ാമത്തെ ആയത്തിൽ- തല തടവാനുള്ള കൽപ്പന മുഴുവൻ തലയും ഉൾക്കൊള്ളുന്ന ഭാഷാസൂചനകളോടെയാണ് വന്നിട്ടുള്ളത്. ഈ അർത്ഥം കൂടുതൽ വ്യക്തമാക്കുന്നുണ്ട് തയമ്മുമിന്റെ ആയത്.

فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ

“നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക.” (നിസാഅ്: 43)

തയമ്മുമിന്റെ വേളയിൽ കയ്യും മുഖവും തടവണമെന്നതിന് പ്രയോഗിച്ച അതേ ഭാഷാരീതിയാണ് തല തടവുന്നതിനെ കുറിച്ച് പരാമർശിച്ചപ്പോഴും ഖുർആനിൽ വന്നിട്ടുള്ളത്. തയമ്മുമിന്റെ വേളയിൽ മുഖം കുറച്ചു ഭാഗം മാത്രം തടവിയാൽ തയമ്മും ശരിയാകില്ല എന്നതിൽ അഭിപ്രായവ്യത്യാസമില്ല. മറിച്ച്, മുഖം മുഴുവൻ തടവേണ്ടതുണ്ട്. വുദുവിന് പകരമായി നിശ്ചയിക്കപ്പെട്ട തയമ്മുമിൽ മുഖത്തിന്റെ ചില ഭാഗങ്ങൾ മാത്രം തടവിയാൽ മതിയാകില്ലെങ്കിൽ വുദൂഇൽ ഈ പറഞ്ഞത് എന്തു കൊണ്ടും കൂടുതൽ ശക്തമായി പാലിക്കപ്പെടുകയാണ് വേണ്ടത്. [5]

ഇതിനെല്ലാം പുറമെ നബി -ﷺ- യുടെ വുദുവിന്റെ രൂപം വിശദീകരിക്കുന്ന അനേകം ഹദീഥുകളിൽ അവിടുന്ന് തല മുഴുവനായി തടവിയതായി സ്ഥിരപ്പെട്ടിരിക്കുന്നു.

عَنْ عَبْدِ اللَّهِ بْنِ زَيْدٍ قَالَ: «أَتَى رَسُولُ اللَّهِ -ﷺ-، فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ فَتَوَضَّأَ، فَغَسَلَ وَجْهَهُ ثَلاَثًا، وَيَدَيْهِ مَرَّتَيْنِ مَرَّتَيْنِ، وَمَسَحَ بِرَأْسِهِ، فَأَقْبَلَ بِهِ وَأَدْبَرَ، وَغَسَلَ رِجْلَيْهِ» وَفِي رِوَايَةٍ: «فَأَقْبَلَ بِهِمَا وَأَدْبَرَ، بَدَأَ بِمُقَدَّمِ رَأْسِهِ حَتَّى ذَهَبَ بِهِمَا إِلَى قَفَاهُ، ثُمَّ رَدَّهُمَا إِلَى المَكَانِ الَّذِي بَدَأَ مِنْهُ، ثُمَّ غَسَلَ رِجْلَيْهِ»

അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഅ് വിശദീകരിച്ചു കൊണ്ട് പറയുന്നു: ” … ശേഷം അവിടുന്ന് തന്റെ തല തടവുകയും, (തന്റെ കൈ തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവരികയും ചെയ്തു.” (ബുഖാരി: 197, മുസ്‌ലിം: 235)

ചില നിവേദനങ്ങളിൽ ഇപ്രകാരമാണുള്ളത്: “ശേഷം നബി -ﷺ- തന്റെ രണ്ട് കൈകളും (തലയുടെ) മുന്നോട്ടും പിന്നോട്ടും കൊണ്ടുവന്നു. അവിടുന്ന് തന്റെ തലയുടെ മുൻഭാഗം മുതൽ ആരംഭിക്കുകയും, ശേഷം തന്റെ പിരടി വരെ രണ്ട് കൈകളും കൊണ്ടു പോവുകയും, പിന്നീട് അവ രണ്ടും ആരംഭിച്ച ഇടത്തേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു.” (ബുഖാരി: 185, മുസ്‌ലിം: 235)

ഇത്രയും പറഞ്ഞതിൽ നിന്ന്, -ചിലർ ഇന്ന് വ്യാപകമായി ചെയ്യുന്നത് പോലെ- മുടിയുടെ മുൻഭാഗം മാത്രം തടവുകയോ, മുടിയുടെ ചില ഭാഗങ്ങളിൽ മാത്രം വുദുവിന്റെ വെള്ളം തട്ടിക്കുകയോ ചെയ്യുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം. വല്ലാഹു അഅ്ലം.

അവസാനമായി മറ്റൊരു കാര്യം കൂടി ഓർമ്മപ്പെടുത്തട്ടെ: തല മുഴുവൻ തടവുന്നത് നിർബന്ധമാണോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും തല മുഴുവൻ തടവുന്നതാണ് സുന്നത്ത് എന്നതിലും, അതാണ് കൂടുതൽ ശ്രേഷ്ഠവും എന്നതിൽ അവർക്കിടയിൽ യാതൊരു തർക്കവുമില്ല. തല മുഴുവൻ തടവുന്നത് നിർബന്ധമില്ല എന്ന് പറഞ്ഞ പണ്ഡിതന്മാരും മുഴുവൻ തടവുന്നതാണ് ഏറ്റവും ശ്രേഷ്ഠവും സുന്നത്തിനോട് യോജിച്ചതും എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസത്തിൽ ആയിട്ടില്ലെന്ന് ചുരുക്കം.

[1]  الماوردي: الحاوي (1/114)، النووي: المجموع (1/395).

[2]  المالكية: مواهب الجليل للحطاب (1/359)، وينظر: الذخيرة للقرافي (1/259).

الحنابلة: الإنصاف للمرداوي (1/161)، وينظر: المغني لابن قدامة (1/93).

[3]  الحاوي الكبير للماوردي (1/114).

[4]  ابن تيمية: مجموع الفتاوى (21/122، 123).

ابن باز: فتاوى نور على الدرب لابن باز بعناية الشويعر (5/106).

ابن عثيمين: الشرح الممتع (1/187).

الألباني: الثمر المستطاب (1/10).

[5]  مجموع الفتاوى لابن تيمية (21/123، 125).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: