അതെ. വുദൂഇൽ വായിൽ വെള്ളം കയറ്റി കൊപ്ലിക്കുക എന്നതും, മൂക്കിൽ വെള്ളം കയറ്റുക എന്നതും നിർബന്ധമാണ്. ഹമ്പലീ മദ്‌ഹബിലെ അഭിപ്രായം ഇപ്രകാരമാണ്. [1] സലഫുകളിൽ അനേകം പേർ ഈ വീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളത്. [2] ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ശൗകാനീ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങി അനേകം പണ്ഡിതന്മാർ ഈ വീക്ഷണത്തെ ബലപ്പെടുത്തിയിട്ടുമുണ്ട്. [3]

വിശുദ്ധ ഖുർആനിലെ വുദുഇന്റെ ആയത്തിൽ (മാഇദ: 6) മുഖം കഴുകാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. മുഖത്തിൽ പെട്ടതാണ് വായയും മൂക്കും എന്നതിനാൽ അവ രണ്ടും കഴുകുന്നത് മുഖം കഴുകുന്നതിൽ ഉൾപ്പെടുന്നതാണ്. ആയതിൽ അല്ലാഹു കൽപ്പിച്ച കാര്യങ്ങളെല്ലാം നിർബന്ധവുമാണ്. അതിനാൽ വായിൽ വെള്ളം കൊപ്ലിക്കലും, മൂക്കിൽ വെള്ളം കയറ്റിക്കഴുകലും നിർബന്ധമാണ്. [4]

വായിൽ വെള്ളം കയറ്റി കൊപ്ലിക്കണമെന്നും, മൂക്കിൽ വെള്ളം കയറ്റണമെന്നും നബി -ﷺ- കൽപ്പിച്ച ഹദീഥും സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ لَقِيطِ بْنِ صَبِرَة رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا تَوَضَّأْتَ فَمَضْمِضْ»

ലഖീത്വ് ബ്നു സ്വമുറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നീ വുദു എടുക്കുകയാണെങ്കിൽ വായിൽ വെള്ളം കയറ്റി കൊപ്ലിക്കുക.” (അബൂദാവൂദ്: 144, ബയ്ഹഖി: 237, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ، ثُمَّ لِيَنْثُرْ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും വുദൂഅ് എടുക്കുകയാണെങ്കിൽ അവൻ തന്റെ മൂക്കിൽ (വെള്ളം) ആക്കുകയും, ശേഷം അത് ചീറ്റിക്കളയുകയും ചെയ്യട്ടെ.” (ബുഖാരി: 162, മുസ്‌ലിം: 237)

നബി -ﷺ- യുടെ വുദൂഅ് പൂർണ്ണമായി വിവരിച്ച സ്വഹാബികളെല്ലാം അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റിക്കഴുകുകയും ചെയ്തതായി അറിയിച്ചിട്ടുണ്ട്. നബി -ﷺ- ഒരു കാര്യം തുടർച്ചയായി ചെയ്തുവെന്നതിൽ നിന്ന് അത് നിർബന്ധമാണെന്ന സൂചന ലഭിക്കുന്നുണ്ട്. കാരണം ഖുർആനിൽ കൽപ്പിക്കപ്പെട്ട വുദൂഇന്റെ രൂപമാണ് അവിടുന്ന് പ്രവർത്തിയിലൂടെ വിശദീകരിച്ചു തന്നിട്ടുള്ളത്. [5]

വല്ലാഹു അഅ്ലം.

[1]  الإنصاف للمرداوي (1/152)، كشاف القناع للبهوتي (1/96).

[2]  يُنظر: الاستذكار لابن عبدِ البَرِّ (1/123)، المغني لابن قدامة (1/88).

[3]  ابن تيمية: شرح عمدة الفقه لابن تيمية- من كتاب الطهارة والحج (1/178).

ابن القيم: مفتاح دار السعادة (2/24).

الشوكاني: نيل الأوطار (1/141).

ابن باز: فتاوى نور على الدرب لابن باز بعناية الشويعر (5/288، 289).

ابن عثيمين: مجموع فتاوى ورسائل العثيمين (11/150).

[4]  المغني لابن قدامة (1/88).

[5]  المغني لابن قدامة (1/88، 89).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: