വുദൂഅ് ഇല്ലാതെ മുസ്‌ഹഫ് തൊടുന്നത് അനുവദനീയമല്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നാല് മദ്‌ഹബുകളും പൊതുവെ ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]

മുസ്‌ഹഫ് വുദു ഇല്ലാതെ സ്പർശിക്കരുതെന്നതിന് സൂറ. വാഖിഅഃയിലെ ആയത്തുകൾ ചിലർ തെളിവാക്കിയിട്ടുണ്ട്.

إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾

“തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.” (വാഖിഅഃ: 77-79)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട, ശുദ്ധിയില്ലാതെ സ്പർശിക്കപ്പെടാത്ത ഗ്രന്ഥം ഖുർആനാണെന്ന് ചില മുഫസ്സിറുകൾ വിശദീകരിച്ചിട്ടുണ്ട്. വലിയ അശുദ്ധിയിൽ നിന്നും, ചെറിയ അശുദ്ധിയിൽ നിന്നുമുള്ള ശുദ്ധിയില്ലാത്തവർ ഖുർആൻ സ്പർശിച്ചു കൂടാ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. [2]

عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا يَمَسُّ الْقُرْآنَ إِلَّا طَاهِرٌ»

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ശുദ്ധിയുള്ളവനല്ലാതെ ഖുർആൻ സ്പർശിക്കരുത്.” (ത്വബറാനി: 13217, ദാറുഖുത്‌നി: 1/121, ബയ്ഹഖി: 417, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ഈ ഹദീഥിന്റെ നിവേദകപരമ്പര (സനദ്) യുടെ കാര്യത്തിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട് എങ്കിലും അനേകം പണ്ഡിതന്മാർ ഈ ഹദീഥിന്റെ ആശയം ശരിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

വുദൂഅ് ഇല്ലാതെ ഖുർആൻ സ്പർശിക്കരുത് എന്നറിയിക്കുന്ന സംഭവങ്ങൾ സ്വഹാബികളിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

عَنْ عَبْدِ الرَّحْمَنِ بْنِ يَزِيدَ، قَالَ: كُنَّا مَعَ سَلْمَانَ فِي سَفَرٍ، فَانْطَلَقَ، فَقَضَى حَاجَتَهُ، ثُمَّ جَاءَ، فَقُلْنَا لَهُ: يَا أَبَا عَبْدِ اللهِ تَوَضَّأْ لَعَلَّنَا نَسْأَلُكَ عَنْ آيٍ مِنَ الْقُرْآنِ. فَقَالَ: سَلُوا، فَإِنِّي لَا أَمَسُّهُ، وَإِنَّهُ {لَا يَمَسُّهُ إِلَّا الْمُطَهَّرُونَ} [الواقعة: 79] فَسَأَلْنَاهُ، فَقَرَأَ عَلَيْنَا قَبْلَ أَنْ يَتَوَضَّأَ.

അബ്ദു റഹ്മാൻ ബ്നു യസീദ് പറഞ്ഞു: “ഞങ്ങൾ ഒരു യാത്രയിൽ (സ്വഹാബിയായ) സല്മാനുൽ ഫാരിസിയോടൊപ്പമായിരുന്നു. (യാത്രക്കിടയിൽ) അദ്ദേഹം മാറിപ്പോവുകയും, തന്റെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. അദ്ദേഹം തിരിച്ചു വന്നപ്പോൾ ഞാൻ പറഞ്ഞു: “അബൂ അബ്ദില്ലാഹ്! വുദൂഅ് എടുത്തോളൂ. ഞങ്ങൾ ചിലപ്പോൾ ഖുർആനിലെ ഏതെങ്കിലും ആയതിനെ കുറിച്ച് താങ്കളോട് സംശയം ചോദിച്ചേക്കാം.”

അപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ എന്നോട് ചോദിച്ചോളൂ. ഞാൻ (വുദൂഅ്) ഇല്ലാതെ ഖുർആൻ സ്പർശിക്കുന്നതല്ല; കാരണം ശുദ്ധിയുള്ളവരല്ലാതെ അത് സ്പർശിക്കുന്നതല്ല.” അങ്ങനെ ഞങ്ങൾ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുകയും, വുദൂഅ് ഇല്ലാതെ അദ്ദേഹം ഖുർആനിൽ നിന്ന് ഞങ്ങളെ പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തു.” (മുസ്വന്നഫ് ഇബ്നി അബീ ശൈബ: 1106, ദാറുഖുത്നി: 1/124, ബയ്ഹഖി: 430, അഥർ സ്വഹീഹാണെന്ന് ഇമാം ദാറുഖുത്നി അഭിപ്രായപ്പെട്ടിരിക്കുന്നു.)

ഈ വിഷയത്തിൽ ഇജ്മാഉണ്ട് എന്നും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

قَالَ ابْنُ عَبْدِ البَرِّ: «أَجْمَعَ فُقَهَاءُ الأَمْصَارِ الذِّينَ تَدُورُ عَلَيْهِمْ الفَتْوَى وَعَلَى أَصْحَابِهِمْ بِأَنَّ المُصْحَفَ لَا يَمَسُّهُ إِلَّا الطَّاهِرُ»

ഇമാം ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറയുന്നു: “ഖുർആൻ ശുദ്ധിയുള്ളവരല്ലാതെ തൊടാൻ പാടില്ലെന്നതിൽ ദീനീ വിഷയങ്ങളിൽ ഫത്‌വാ നൽകാവുന്ന, എല്ലാ നാടുകളിലെയും പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു.” (ഇസ്തിദ്കാർ: 2/472)

وَقَالَ ابْنُ قُدَامَةَ: «لَا يَمَسَّ المُصْحَفَ إِلَّا طَاهِرٌ؛ يَعْنِي: طَاهِرًا مِنَ الحَدَثَيْنِ جَمِيعًا؛ رُوِيَ هَذَا عَنِ ابْنِ عُمَرَ وَالحَسَنِ وَعَطَاءٍ وَطَاوُسٍ وَالشَّعْبِيِّ وَالقَاسِمِ بْنِ مُحَمَّدٍ، وَهُوَ قَوْلُ مَالِكٍ وَالشَّافِعِيِّ وَأَصْحَابِ الرَّأْيِ، وَلَا نَعْلَمُ مُخَالِفًا لَهُمْ إِلَّا دَاوُدَ؛ فَإِنَّهُ أَبَاحَ مَسَّهُ»

ഇമാം ഇബ്‌നു ഖുദാമഃ -رَحِمَهُ اللَّهُ- പറയുന്നു: “ഖുർആൻ ശുദ്ധിയുള്ളവരല്ലാതെ സ്പർശിച്ചു കൂടാ. അതായത് വലിയ അശുദ്ധിയിൽ നിന്നും ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായവർ മാത്രമേ ഖുർആൻ സ്പർശിക്കാവൂ. ഇബ്‌നു ഉമർ, ഹസനുൽ ബസ്വരി, അത്വാഅ്, ത്വാവൂസ്, ശഅ്ബി, ഖാസിം ബ്നു മുഹമ്മദ് തുടങ്ങിയവരിൽ നിന്നെല്ലാം ഈ അഭിപ്രായം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇമാം മാലിക്, ഇമാം ശാഫിഈ തുടങ്ങിയവരുടെയും, ഖിയാസിന് മുൻഗണന നൽകുന്നവരുടെയും അഭിപ്രായം ഇതാണ്. ദ്വാഹിരീ മദ്‌ഹബിന്റെ പക്ഷക്കാരനായ ഇമാം ദാവൂദല്ലാതെ മറ്റാരെങ്കിലും ഇക്കാര്യത്തിൽ എതിരഭിപ്രായം പറഞ്ഞത് നമുക്കറിയില്ല.” (മുഗ്നി: 1/108)

[1]  الحنفية: تبيين الحقائق للزيلعي (1/57)، وينظر: بدائع الصنائع للكاساني (1/33).

المالكية: الشرح الكبير للشيخ الدردير وحاشية الدسوقي (1/ 107)، وينظر: المدونة الكبرى لسحنون (1/201)، بداية المجتهد لابن رشد (1/41).

الشافعية: المجموع للنووي (2/67)، وينظر: الحاوي الكبير للماوردي (1/143).

الحنابلة: الفروع لابن مفلح (1/241)، وينظر: المغني لابن قدامة (1/108).

[2]  الشرح الممتع لابن عثيمين (1/315).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: