വുദൂഅ് ഇല്ലാതെ ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമാണ്. മുസ്‌ഹഫ് സ്പർശിക്കാതെ ഖുർആൻ പാരായണം ചെയ്യുന്നതിന് വുദൂഅ് നിർബന്ധമില്ല എന്നതിൽ ഇജ്മാഉണ്ട് എന്ന് ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ-, നവവി -رَحِمَهُ اللَّهُ-, ഖാദ്വീ ഇയാദ്വ് -رَحِمَهُ اللَّهُ-, ഇബ്‌നു തയ്മിയ്യഃ -رَحِمَهُ اللَّهُ- തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. [1] എങ്കിലും വുദൂഇനോട് കൂടെ ഖുർആൻ പാരായണം ചെയ്യുന്നതാണ് കൂടുതൽ നല്ലതും, ശ്രേഷ്ഠവുമായിട്ടുള്ളത്.

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ أَنَّهُ بَاتَ لَيْلَةً عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ -ﷺ- -وَهِيَ خَالَتُهُ-، قَالَ: فَاضْطَجَعْتُ فِي عَرْضِ الوِسَادَةِ وَاضْطَجَعَ رَسُولُ اللَّهِ -ﷺ- وَأَهْلُهُ فِي طُولِهَا، فَنَامَ رَسُولُ اللَّهِ -ﷺ-، حَتَّى إِذَا انْتَصَفَ اللَّيْلُ، أَوْ قَبْلَهُ بِقَلِيلٍ أَوْ بَعْدَهُ بِقَلِيلٍ، اسْتَيْقَظَ رَسُولُ اللَّهِ -ﷺ-، فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ، ثُمَّ قَرَأَ العَشْرَ الآيَاتِ الخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ، ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ مِنْهَا فَأَحْسَنَ وُضُوءَهُ، ثُمَّ قَامَ يُصَلِّي.

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരിക്കൽ അദ്ദേഹം നബി -ﷺ- യുടെ പത്‌നിയായ മയ്മൂനഃ -رَضِيَ اللَّهُ عَنْهَا- യുടെ വീട്ടിൽ രാത്രി താമസിച്ചു. ഇബ്‌നു അബ്ബാസിന്റെ എളാമയായിരുന്നു അവർ. ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “അങ്ങനെ ഞാൻ വിരിപ്പിന്റെ സമാന്തരമായും, നബി -ﷺ- യും അവിടുത്തെ പത്‌നിയും അതിന് ലംബമായും കിടന്നു. അങ്ങനെ രാത്രിയുടെ പകുതി വരെയോ, അതിന് കുറച്ചു മുൻപോ ശേഷമോ ആകുന്നത് വരെയോ നബി -ﷺ- ഉറങ്ങി.

ഉണർന്നപ്പോൾ നബി -ﷺ- എഴുന്നേറ്റിരിക്കുകയും, തന്റെ മുഖത്ത് നിന്ന് ഉറക്കം കൈ കൊണ്ട് തടവിക്കളയുകയും ചെയ്തു. ശേഷം സൂറതു ആലി ഇംറാനിലെ അവസാനത്തെ പത്ത് ആയത്തുകൾ അവിടുന്ന് പാരായണം ചെയ്തു. പിന്നീട് അവിടുന്ന് എഴുന്നേൽക്കുകയും, കെട്ടിയിട്ട ഒരു കുടത്തിൽ നിന്ന് വുദൂഅ് എടുക്കുകയും ചെയ്തു. പൂർണ്ണമായി വുദൂഅ് എടുത്ത ശേഷം അവിടുന്ന് എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്തു.” (ബുഖാരി: 4295, മുസ്‌ലിം: 763)

ഈ ഹദീഥ് ഉൾപ്പെടുത്തിയ അദ്ധ്യായത്തിന് ഇമാം ബുഖാരി നൽകിയ തലക്കെട്ട് ഇപ്രകാരമാണ്: ‘വുദൂഅ് മുറിഞ്ഞതിന് ശേഷവും മറ്റും ഖുർആൻ പാരായണം ചെയ്യാം എന്നറിയിക്കുന്ന അദ്ധ്യായം’. വുദൂഅ് മുറിയുന്നത്ര സമയം ഉറങ്ങിയതിന് ശേഷം വുദൂഅ് എടുക്കുന്നതിന് മുൻപ് നബി -ﷺ- ഖുർആനിലെ ആയതുകൾ പാരായണം ചെയ്തതായി ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ഇമാം നവവി -رَحِمَهُ اللَّهُ- ഈ ഹദീഥിന്റെ വിശദീകരണമായി പറഞ്ഞു: “വുദൂഅ് ഇല്ലാത്തയാൾക്ക് ഖുർആൻ പാരായണം ചെയ്യുന്നത് അനുവദനീയമാണെന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. മുസ്‌ലിമീങ്ങൾക്കിടയിൽ ഇജ്മാഉള്ള (ഏകാഭിപ്രായം) വിഷയമാണത്.” (ശർഹു മുസ്‌ലിം: 6/46)

എന്നാൽ വുദുവോട് കൂടി ഖുർആൻ പാരയണം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്നതിൽ സംശയമില്ല.

عَنِ الْمُهَاجِرِ بْنِ قُنْفُذٍ أَنَّهُ سَلَّمَ عَلَى رَسُولِ اللَّهِ -ﷺ- وَهُوَ يَتَوَضَّأُ، فَلَمْ يَرُدَّ عَلَيْهِ حَتَّى تَوَضَّأَ فَرَدَّ عَلَيْهِ وَقَالَ: «إِنَّهُ لَمْ يَمْنَعْنِي أَنْ أَرُدَّ عَلَيْكَ إِلَّا أَنِّي كَرِهْتُ أَنْ أَذْكُرَ اللَّهَ إِلَّا عَلَى طَهَارَةٍ»

മുഹാജിർ ബ്നു ഖുൻഫുദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വുദു എടുത്തു കൊണ്ടിരിക്കെ അദ്ദേഹം റസൂലുല്ലയോട് -ﷺ- സലാം പറഞ്ഞു. എന്നാൽ നബി -ﷺ- വുദു എടുത്തു കഴിയുന്നത് വരെ അദ്ദേഹത്തിന്റെ സലാം മടക്കിയില്ല. വുദു കഴിഞ്ഞപ്പോൾ നബി -ﷺ- സലാം മടക്കുകയും ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: “ശുദ്ധിയുള്ള സന്ദർഭത്തിലല്ലാതെ അല്ലാഹുവിനുള്ള ദിക്‌ർ ചൊല്ലുന്നത് എനിക്ക് അനിഷ്ടകരമായതിനാൽ മാത്രമാണ് താങ്കളുടെ സലാം ഞാൻ മടക്കാതിരുന്നത്.” (അബൂദാവൂദ്: 17, നസാഈ: 38, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

അല്ലാഹുവിന്റെ സ്മരണ ഉൾക്കൊള്ളുന്ന ദിക്റുകൾ ശുദ്ധിയോട് കൂടെയാകുന്നതാണ് ഏറ്റവും ശ്രേഷ്ഠം എന്ന് ഈ ഹദീഥിൽ നിന്നും മനസ്സിലാക്കാം. ഖുർആനാകട്ടെ, ഏറ്റവും ശ്രേഷ്ഠമായ ദിക്റുമാണ്.

[1]  ابن عبد البر: الاستذكار (2/104)، القاضي عياض: إكمال المعلم (3/130)، النوويُّ: المجموع (2/69)، ابن تيميَّة: مجموع فتاوى ابن تيمية (21/461).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: