നിയ്യതിന്റെ സ്ഥാനം ഹൃദയമാണ്. അത് നാവ് കൊണ്ട് ഉച്ചരിക്കുക എന്നത് പാടില്ല. മാലികീ മദ്‌ഹബിന്റെ അഭിപ്രായം ഇതാണ്. ഹനഫികളിൽ ചിലർക്ക് ഈ വീക്ഷണമുണ്ട്. ഇമാം അഹ്മദിൽ നിന്ന് ഇക്കാര്യം വ്യക്തമായി സ്ഥിരപ്പെട്ടു വരികയും ചെയ്തിട്ടുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ശൈഖ് ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയ അനേകം പണ്ഡിതന്മാർ ഈ വീക്ഷണമാണ് സ്വീകരിച്ചിട്ടുള്ളത്.

ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറയുന്നു: “നിയ്യത് ചൊല്ലിപ്പറയുക എന്നത് വേണ്ടതില്ല. നിസ്കാരത്തിലോ വുദൂഇലോ അതിന്റെ ആവശ്യമില്ല. കാരണം നിയ്യതിന്റെ സ്ഥാനം ഹൃദയമാണ്. നിസ്കരിക്കണമെന്ന ഉദ്ദേശത്തോടെയാണ് അവൻ വന്നിരിക്കുന്നത് എന്നത് തന്നെ മതി (നിയ്യതായി)… ഞാൻ വുദു എടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നു, നിസ്കരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നു, നോമ്പ് നിയ്യത് വെക്കുന്നു, ഹജ്ജ് നിയ്യത് ചെയ്തിരിക്കുന്നു എന്നൊന്നും പറയേണ്ടതില്ല… നബി -ﷺ- യോ അവിടുത്തെ സ്വഹാബികളോ നിസ്കാരത്തിലോ വുദൂഇലോ നിയ്യത് ചൊല്ലിപ്പറയാറുണ്ടായിരുന്നില്ല. നാം ഇക്കാര്യത്തിൽ അവരെയാണ് പിൻപറ്റേണ്ടത്. അതല്ലാതെ അല്ലാഹുവിന്റെ അനുമതിയില്ലാതെ നമ്മുടെ ദീനിൽ നാം പുതിയ കാര്യങ്ങൾ നിർമ്മിച്ചുണ്ടാക്കാൻ പാടില്ല.” (ഫതാവാ നൂറുൻ അലദ്ദർബ് / ശുവൈഇർ: 5/79)

ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللَّهُ- പറയുന്നു: “നിയ്യത് നാവ് കൊണ്ട് ചൊല്ലിപ്പറയുക എന്നത് ബിദ്അത് (പുത്തനാചാരം) ആകുന്നു. നബി -ﷺ- യിൽ നിന്നോ, അവിടുത്തെ സ്വഹാബത്തിൽ നിന്നോ അക്കാര്യം സ്ഥിരപ്പെട്ടിട്ടില്ല. നിയ്യത് ചൊല്ലിപ്പറയണമെന്ന് നബി -ﷺ- അവിടുത്തെ അനുചരന്മാരോട്  ഒരിക്കൽ പോലും കൽപ്പിച്ചിട്ടില്ല. മുസ്‌ലിമീങ്ങളിൽ ഒരാളെയും അവിടുന്ന് അക്കാര്യം പഠിപ്പിച്ചിട്ടില്ല. അങ്ങനെയൊരു കാര്യം ദീനിൽ സ്ഥിരപ്പെട്ടിരുന്നെങ്കിൽ നബി -ﷺ- അക്കാര്യം അവഗണിക്കുമായിരുന്നില്ല; പ്രത്യേകിച്ച് മുസ്‌ലിമീങ്ങളെയെല്ലാം നിത്യവും -രാവും പകലുമെന്ന വ്യത്യാസമില്ലാതെ- ബാധിക്കുന്ന ഒരു വിഷയമാണ് ഇത് എന്നിരിക്കെ. അതിനാൽ നിയ്യത് ചൊല്ലിപ്പറയേണ്ടതില്ല എന്ന അഭിപ്രായമാണ് ഏറ്റവും ശരിയായിട്ടുള്ളത്.

മാത്രവുമല്ല, നിയ്യത് ചൊല്ലിപ്പറയുക എന്നത് ബുദ്ധിപരമായും മതപരമായും ഒരു ന്യൂനതയും കുറവും മാത്രമാണ്. (അല്ലാഹുവോ റസൂലോ -ﷺ- പഠിപ്പിക്കാത്ത) ഒരു ബിദ്അതാണ് എന്നതിനാൽ അത് ദീനിന്റെ വിഷയത്തിൽ വ്യക്തമായ കുറവാണ്. ബുദ്ധിപരമായുള്ള കുറവ് എന്ന് പറയാൻ കാരണം: ഒരാൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സന്ദർഭത്തിൽ ‘ഈ പാത്രത്തിൽ കൈ വെക്കുന്നതിലൂടെ അതിൽ നിന്ന് ഒരു പിടി ഭക്ഷണം എടുക്കാനും, അത് വായിലേക്ക് പ്രവേശിപ്പിക്കാനും, ശേഷം എന്റെ വിശപ്പ് മാറുന്നതിനായി ആ ഭക്ഷണം ചവച്ചിറക്കാനുമാണ് ഞാൻ ഉദ്ദേശിക്കുന്നത്’ എന്ന് പറഞ്ഞാൽ അത് തനിച്ച വിഡ്ഢിത്തവും വിവരക്കേടുമായാണല്ലോ പരിഗണിക്കപ്പെടുക?! അതേ അവസ്ഥയിൽ തന്നെയാണ് ഇബാദതുകൾക്ക് നിയ്യത് പ്രത്യേകം ചൊല്ലിപ്പറയുന്നവനും അകപ്പെട്ടിരിക്കുന്നത്.” (ഫതാവാൽ കുബ്റാ: 1/214)

ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- വുദൂഇന്റെ ആരംഭത്തിൽ ‘ഞാൻ അശുദ്ധി ഉയർത്താൻ ഉദ്ദേശിച്ചിരിക്കുന്നു’ എന്നോ, ‘നിസ്കാരം അനുവദനീയമാകാൻ വേണ്ടി വുദു ഉദ്ദേശിക്കുന്നു’ എന്നോ പറയാറുണ്ടായിരുന്നില്ല. നബി -ﷺ- മാത്രമല്ല, അവിടുത്തെ സ്വഹാബികളിൽ ഒരാൾ പോലും അപ്രകാരം പറയാറുണ്ടായിരുന്നില്ല; തീർച്ച. നിയ്യത് ചൊല്ലിപ്പറയുന്നത് സ്ഥിരപ്പെടുത്തുന്ന ഒരക്ഷരം പോലും നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. സ്വഹീഹായ (സ്ഥിരപ്പെട്ട) സനദുകളോടെയോ (നിവേദകപരമ്പര) ദുർബലമായ സനദുകളോടെയോ പോലും ഈ വിഷയത്തിൽ ഒരു ഹദീഥും നിവേദനം ചെയ്യപ്പെട്ടിട്ടില്ല.” (സാദുൽ മആദ്: 1/196, 201)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: