വകതിരിവെത്തിയ ചെറിയ കുട്ടികൾക്ക് ഖുർആൻ പഠിക്കുന്നതിനും ഹിഫ്‌ദാക്കുന്നതിനും വേണ്ടി വുദൂഅ് ഇല്ലാതെ ഖുർആൻ സ്പർശിക്കാം. ബഹുഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്.  [1] കുട്ടികൾക്ക് ഇപ്രകാരം ഇളവ് നൽകിയതിന് പിന്നിലുള്ള കാരണങ്ങൾ പലതുണ്ട്.

1- കുട്ടികൾ ഖുർആൻ ചെറുപ്രായത്തിലേ പഠിക്കുക എന്നത് വളരെ ആവശ്യമുള്ള കാര്യമാണ്. എന്നാൽ ഖുർആൻ സ്പർശിക്കണമെങ്കിൽ അവർ വുദൂഅ് എടുക്കണമെന്ന് നിർബന്ധിക്കുന്നത് അവർക്ക് അത് പ്രയാസകരമാക്കുന്നതാണ്. മദ്രസകളിലും ഖുർആൻ തഹ്ഫീദിന്റെ (മനപാഠമാക്കുന്ന) സ്ഥാപനങ്ങളിലും ഒരു ദിവസം പല തവണയായി ഖുർആൻ പഠനത്തിനായി എടുക്കേണ്ടി വരും; അപ്പോഴെല്ലാം വുദൂഅ് ആവർത്തിക്കുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരിക്കും.

2- കുട്ടികൾക്ക് വുദൂഅ് മുറിയാതെ പിടിച്ചു വെക്കുക എന്നത് പൊതുവെ പ്രയാസകരമായിരിക്കും. അവരെ ഓരോ തവണയും വുദൂഇന് നിർബന്ധിക്കുക എന്നതും, വുദൂഅ് ഇല്ലെങ്കിൽ ഖുർആൻ സ്പർശിക്കുന്നതിൽ നിന്ന് അവരെ തടയുക എന്നതും പ്രയാസം അധികരിപ്പിക്കും എന്നതിലും സംശയമില്ല.

3- വുദൂഅ് ഇല്ലാതെ ഖുർആൻ സ്പർശിക്കുന്നതിൽ നിന്ന് കുട്ടികളെ തടയുന്നത് അവർ ഖുർആൻ പഠനത്തോട് വിരക്തി കാണിക്കാൻ കാരണമാകും. അതിനാൽ ഇത്തരം അനിവാര്യ സാഹചര്യങ്ങളിൽ ഇളവുകൾ നൽകപ്പെടാവുന്നതാണ്.

4- ചെറിയ കുട്ടികൾക്ക് വുദൂഅ് എടുക്കുക എന്നത് തന്നെ പൊതുവെ നിർബന്ധമല്ല. വുദൂഅ് ശീലമാക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി മാത്രമാണ് ചെറിയ പ്രായത്തിൽ അവരെ കൊണ്ട് വുദൂഅ് എടുപ്പിക്കുന്നത്. ഇക്കാരണത്താൽ ഖുർആൻ പഠനത്തിന്റെ കാര്യത്തിലും അവർക്ക് ഇളവ് നൽകപ്പെടാവുന്നതാണ്.

ഇതല്ലാത്ത മറ്റു ചില കാരണങ്ങളും പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ, കുട്ടികൾക്ക് വുദൂഅ് ഇല്ലാതെ ഖുർആൻ സ്പർശിക്കാവുന്നതാണ്. എങ്കിലും ചില ഒറ്റയും തെറ്റയുമായുള്ള സന്ദർഭങ്ങളിൽ ഖുർആൻ സ്പർശിക്കുന്നതിന് മുൻപ് വുദൂഅ് എടുപ്പിക്കാൻ അവരെ ശീലിപ്പിക്കാവുന്നതാണ്. വല്ലാഹു അഅ്ലം.

[1] الحنفية: تبيين الحقائق للزيلعي وحاشية الشلبي (1/58)، حاشية ابن عابدين (1/174).

المالكية: مواهب الجليل للحطاب (1/443)، شرح مختصر خليل للخرشي (1/161).

الشافعية: المجموع للنووي (2/69)، مغني المحتاج للشربيني (1/38).

الحنابلة: القول بالترخيص وجه عندهم، الفروع لابن مفلح (1/243)، الإنصاف للمرداوي (1/165).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: