വുദു ഇല്ലെങ്കിൽ നിസ്കാരം സ്വീകരിക്കപ്പെടുകയില്ല. എന്നാൽ ഓരോ നിസ്കാരത്തിനും വേണ്ടി വുദൂഅ് പുതുക്കുന്നത് നിർബന്ധമില്ല; മറിച്ച് അത് സുന്നത്താണ്. നാല് മദ്‌ഹബുകളുടെയും അഭിപ്രായം ഇപ്രകാരമാകുന്നു.

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ النَّبِيُّ -ﷺ- يَتَوَضَّأُ عِنْدَ كُلِّ صَلاَةٍ، قُلْتُ: كَيْفَ كُنْتُمْ تَصْنَعُونَ؟ قَالَ: يُجْزِئُ أَحَدَنَا الوُضُوءُ مَا لَمْ يُحْدِثْ.

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എല്ലാ നിസ്കാരത്തിന്റെയും വേളയിൽ വുദൂഅ് എടുക്കുമായിരുന്നു. (അനസ് -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് ഹദീഥ് നിവേദനം ചെയ്ത അംറു ബ്നു ആമിർ) ചോദിച്ചു: “നിങ്ങൾ എങ്ങനെയായിരുന്നു ചെയ്തിരുന്നത്?” അദ്ദേഹം പറഞ്ഞു: “വുദൂഅ് മുറിഞ്ഞിട്ടില്ലെങ്കിൽ മുൻപുള്ള വുദൂഅ് തന്നെ ഞങ്ങൾക്ക് മതിയാകുമായിരുന്നു.” (ബുഖാരി: 214)

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَوْلَا أَنْ أَشُقَّ عَلَى أُمَّتِي، لَأَمَرْتُهُمْ عِنْدَ كُلِّ صَلَاةٍ بِوُضُوءٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മതിന് ബുദ്ധിമുട്ടാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരവേളയിലും വുദൂഅ് എടുക്കാൻ ഞാനവരോട് കൽപ്പിക്കുമായിരുന്നു.” (അഹ്മദ്: 7513, ശൈഖ് അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ആദ്യത്തെ വുദൂഅ് കൊണ്ട് ഒരു തവണ ഫർദോ സുന്നത്തോ ആയ ഏതെങ്കിലും നിസ്കാരം നിർവ്വഹിച്ചതിന് ശേഷം പിന്നീട് മറ്റൊരു നിസ്കാരം നിർവ്വഹിക്കാൻ ഉദ്ദേശിക്കുമ്പോൾ മാത്രമേ വുദൂഅ് വീണ്ടും പുതുക്കേണ്ടതുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

قَالَ شَيْخُ الإِسْلَامِ رَحِمَهُ اللَّهُ: «وَإِنَّمَا تَكَلَّمَ الفُقَهَاءُ فِي مَنْ صَلَّى بِالوُضُوءِ الأَوَّلِ هَلْ يُسْتَحَبُّ لَهُ التَّجْدِيدُ؟ وَأَمَّا مَنْ لَمْ يُصَلِّ بِهِ فَلَا يُسْتَحَبُّ لَهُ إِعَادَةُ الوُضُوءِ، بَلْ تَجْدِيدُ الوُضُوءِ فِي مِثْلِ هَذَا بِدْعَةٌ مُخَالِفَةٌ لِسُنَّةِ رَسُولِ اللَّهِ -ﷺ-، وَلِمَا عَلَيْهِ المُسْلِمُونَ فِي حَيَاتِهِ وَبَعْدَهُ إِلَى هَذَا الوَقْتِ»

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “ആദ്യത്തെ വുദൂഅ് കൊണ്ട് നിസ്കരിച്ചവർക്ക് മാത്രമേ രണ്ടാമത് വുദൂഅ് പുതുക്കുന്നത് സുന്നത്താവുകയുള്ളൂ. എന്നാൽ ഒരു തവണ വുദൂഅ് എടുത്തതിന് ശേഷം നിസ്കരിച്ചിട്ടേയില്ലാത്തവർ വീണ്ടും വുദൂഅ് പുതുക്കുക എന്നത് സുന്നത്തല്ല. മറിച്ച് അങ്ങനെ വുദൂഅ് പുതുക്കുന്നത് ബിദ്അതാവുകയാണ് ചെയ്യുക. നബി -ﷺ- യുടെ സുന്നത്തിനും, അവിടുത്തെ ജീവിതകാലത്തും അതിന് ശേഷവും മുസ്‌ലിമീങ്ങൾ നിലകൊണ്ട മാർഗത്തിനും എതിരുമാണത്.” (മജ്മൂഉൽ ഫതാവാ: 21/376)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: