ചെവി തടവുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയാം.

1- തല തടവാൻ ഉപയോഗിച്ച വെള്ളം കൊണ്ട് തന്നെ ചെവിയും തടവുക.

ഹനഫീ മദ്‌ഹബിലെ അഭിപ്രായം ഇതാണ്. [1] ഇമാം അഹ്മദിൽ നിന്നും നിവേദനം ചെയ്യപ്പെട്ട വ്യത്യസ്ത വീക്ഷണങ്ങളിലൊന്നുമാണിത്. [2] ശൈഖ് ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ, അൽബാനി -رَحِمَهُ اللَّهُ- [3] തുടങ്ങിയവർ ഈ അഭിപ്രായത്തിന് മുൻഗണന നൽകിയിട്ടുണ്ട്.

عَنِ ابْنِ عَبَّاسٍ، قَالَ: رَأَيْتُ النَّبِيَّ -ﷺ- تَوَضَّأَ … وَغَرَفَ غَرْفَةً فَمَسَحَ رَأْسَهُ وَبَاطِنَ أُذُنَيْهِ وَظَاهِرَهُمَا وَأَدْخَلَ أُصْبُعَيْهِ فِيهِمَا»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറയുന്നു: “നബി -ﷺ- വുദു എടുക്കുന്നത് ഞാൻ കണ്ടു… അവിടുന്ന് ഒരു കോരൽ വെള്ളം എടുക്കുകയും, തന്റെ തലയും, രണ്ട് ചെവികളും -അവയുടെ ഉൾഭാഗവും പുറംഭാഗവും- തടവുകയും ചെയ്തു.” (തിർമിദി: 36, നസാഈ: 102, ഇബ്‌നു മാജഃ: 439, ഇബ്‌നു ഖുസൈമ: 439, അൽബാനി ഹസനുൻ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.)

നബി -ﷺ- യുടെ വുദൂഅ് വിവരിച്ചവരിൽ ഒരാളും അവിടുന്ന് തന്റെ ചെവി തടവുന്നതിനായി രണ്ടാമതൊരു കോരി വെള്ളം എടുത്തതായി അറിയിച്ചിട്ടില്ല എന്നത് മേലെ പറഞ്ഞ വീക്ഷണത്തിന് കൂടുതൽ ബലം നൽകുന്നു.

2- ചെവിയുടെ ഉൾഭാഗം ചൂണ്ടുവിരൽ കൊണ്ട് തടവുക.

3- ചെവിയുടെ പുറംഭാഗം തള്ളവിരൽ കൊണ്ടും തടവുക.

عَنِ ابْنِ عَبَّاسٍ «أَنَّ رَسُولَ اللَّهِ -ﷺ- مَسَحَ أُذُنَيْهِ دَاخِلَهُمَا بِالسَّبَّابَتَيْنِ، وَخَالَفَ إِبْهَامَيْهِ إِلَى ظَاهِرِ أُذُنَيْهِ، فَمَسَحَ ظَاهِرَهُمَا وَبَاطِنَهُمَا»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- തന്റെ ചെവികളുടെ ഉൾഭാഗം ചൂണ്ടുവിരലുകൾ കൊണ്ടും, പുറംഭാഗം തള്ളവിരലുകൾ കൊണ്ടും തടവി. അവിടുന്ന് ചെവിയുടെ ഉൾഭാഗവും പുറംഭാഗവും തടവുകയുണ്ടായി.” (തിർമിദി: 36, നസാഈ: 102, ഇബ്‌നു മാജഃ: 439, അൽബാനി ഹസനുൻ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു.)

[ചെവി തടവേണ്ട രൂപം വിവരിക്കുന്ന ഭാഗം കേൾക്കുക]

[1]  المبسوط للسرخسي (1/62-63)، وينظر: بدائع الصنائع للكاساني (1/23).

[2]  الإنصاف للمرداوي (1/105).

[3]  ابن باز: اختيارات الشيخ ابن باز الفقهية (1/146).

ابن عثيمين: مجموع فتاوى ورسائل العثيمين (11/141).

الألباني: سلسلة الأحاديث الضعيفة (2/424).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: