വുദുവിൽ -തലയുടെ മേൽ തടവാതെ- തലപ്പാവിന്റെ മേൽ തടവുന്നത് അനുവദനീയമാണ്. ഹമ്പലീ മദ്‌ഹബിലെ പ്രസിദ്ധമായ അഭിപ്രായം ഇപ്രകാരമാണ്. [1] ബഹുഭൂരിപക്ഷം സ്വഹാബികളും താബിഈങ്ങളും ഈ അഭിപ്രായം സ്വീകരിച്ചവരാണ്. [2] ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ, ഇബ്‌നുൽ ഖയ്യിം, ശൗകാനീ, ഇബ്‌നു ഉഥൈമീൻ തുടങ്ങിയവർ ഈ വീക്ഷണത്തിന് മുൻഗണന നൽകിയവരാണ്. [3]
വിശുദ്ധ ഖുർആനിൽ തല തടവണമെന്ന് അല്ലാഹു കൽപ്പിച്ചിരിക്കുന്നു; അതിന്റെ പ്രാവർത്തിക രൂപം വിശദീകരിച്ചു തരേണ്ടത് നബി -ﷺ- യാണ്. അവിടുന്ന് തന്റെ തലയുടെ മേൽ തടവുന്നതിന് പകരമായി അവിടുത്തെ തലപ്പാവിന്റെ മേൽ തടവിയിട്ടുണ്ട് എന്നതാണ് ഈ വീക്ഷണം സ്വീകരിച്ചവരുടെ തെളിവ്.
عَنِ ابْنِ الْمُغِيرَةِ بْنِ شُعْبَةَ، عَنْ أَبِيهِ، أَنَّ النَّبِيَّ -ﷺ-: «تَوَضَّأَ فَمَسَحَ بِنَاصِيَتِهِ، وَعَلَى الْعِمَامَةِ وَعَلَى الْخُفَّيْنِ»
മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വുദൂവെടുത്തു. അവിടുന്ന് തന്റെ മൂർദ്ദാവും, തലപ്പാവും തടവി. അവിടുത്തെ ഖുഫ്ഫയുടെ മേലും (തടവി).” (മുസ്‌ലിം: 274)
عَنْ عَمْرِو بْنِ أُمَيَّةَ قَالَ: «رَأَيْتُ النَّبِيَّ -ﷺ- يَمْسَحُ عَلَى عِمَامَتِهِ وَخُفَّيْهِ»
അംറു ബ്നു ഉമയ്യഃ -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി -ﷺ- തന്റെ തലപ്പാവിന്റെയും തന്റെ ഖുഫ്ഫയുടെയും മേൽ തടവുന്നത് ഞാൻ കണ്ടിട്ടുണ്ട്.” (മുസ്‌ലിം: 205).
വുദുവിന്റെ ഭാഗമായി കാൽ കഴുകണമെന്ന് ഖുർആനിൽ കൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഖുഫ്ഫയുടെ മേൽ തടവുക എന്ന ഇളവ് നബി -ﷺ- നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അതേ പോലെ തന്നെയാണ് തല തടവുന്ന കാര്യവും; അതിലും ഇപ്രകാരം ഇളവുണ്ട് എന്ന് നബി -ﷺ- മേലെ നൽകിയ ഹദീഥിലൂടെ നമ്മെ അറിയിക്കുന്നു.
സ്വഹാബികളിൽ പെട്ട അബൂബക്‌ർ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വും, ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വും തലപ്പാവിന് മേൽ തടവിയതും സ്ഥിരപ്പെട്ടിട്ടുണ്ട്.
عَنْ سُوَيْدِ بْنِ غَفَلَةَ قَالَ: «سَأَلْتُ عُمَرَ بْنَ الخَطَّابِ عَنِ المَسْحِ عَلَى العِمَامَةِ؟ قَالَ: إِنْ شِئْتَ فَامْسَحْ عَلَيْهَا، وَإِنْ شِئْتَ فَلَا»
സുവൈദ് ബ്നു ഗഫലഃ നിവേദനം: ഞാൻ ഉമർ ബ്നുൽ ഖത്താബിനോട് തലപ്പാവിന് മേൽ തടവുന്നതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നെങ്കിൽ തലപ്പാവിന് മേൽ തടവുക. ഉദ്ദേശിക്കുന്നില്ലെങ്കിൽ വേണ്ടതുമില്ല.” (ഇബ്‌നു അബീ ശൈബ: 1/22)
ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറയുന്നു: “തലക്ക് മുകളിൽ ധരിക്കപ്പെടാറുള്ള ഏതും -അത് തലപ്പാവോ, തട്ടമോ, തൊപ്പിയോ കവചമോ മറ്റെന്തെങ്കിലുമോ ആകട്ടെ- അവയുടെ മേലെല്ലാം തടവുന്നത് അനുവദനീയമാണ്. ഇക്കാര്യത്തിൽ പുരുഷനും സ്ത്രീയും സമമാണ്. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ഇളവ് സ്വീകരിക്കുകയും ചെയ്യാവുന്നതാണ്.” (മുഹല്ലാ / ഇബ്‌നു ഹസ്മ്: 2/58-61)
[1] كشاف القناع للبهوتي (1/119)، وينظر: المغني لابن قدامة (1/219)، الشرح الكبير لشمس الدِّين ابن قدامة (1/150).
[2] الأوسط للمنذري (2/120). المحلى لابن حزم (1/305).
[3] ابن تيمية: مجموع الفتاوى (21/21).
ابن القيم: أعلام الموقعين عن رب العالمين (2/322، 323).
الشوكاني: نيل الأوطار (1/166).
ابن عثيمين: مجموع فتاوى ورسائل ابن عثيمين (11/170).