1) ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങളായി ദുൽഹിജ്ജയിലെ ആദ്യപത്ത് ദിനങ്ങളെ അല്ലാഹു തിരഞ്ഞെടുത്തു.

റസൂലുള്ളാഹി -ﷺ- പറഞ്ഞു:

عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ -ﷺ- قَالَ : أفضلُ أيامِ الدنيا أيامُ العشْرِ

“ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങൾ (ദുൽഹിജ്ജയിലെ ആദ്യ) പത്ത് ദിവസങ്ങളാണ്.” (സ്വഹീഹുൽ ജാമിഉ:1133)

2) ഈ ദിവസങ്ങളിൽ നാം അനുഷ്ഠിക്കുന്ന സൽകർമങ്ങളാണ് മറ്റേതു ദിവസങ്ങളിൽ നാം അനുഷ്ഠിക്കുന്ന സൽകർമ്മങ്ങളേക്കാൾ അല്ലാഹുവിന് പ്രിയങ്കരം.

റസൂലുള്ളാഹി -ﷺ- പറഞ്ഞു:

عَنِ ابْنِ عَبَّاسٍ قَالَ رسول الله -ﷺ-: مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَقَالُوا : يَا رَسُولَ اللَّهِ, وَلَا الْجِهَادُ فِي سَبِيلِ اللَّهِ ؟ فَقَالَ رَسُولُ الله ﷺ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ، وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ.

“ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളത്. ഇത്രമേൽ അല്ലാഹു സൽകർമങ്ങൾ ഇഷ്ടപ്പെടുന്നതായ മറ്റു ദിവസങ്ങളില്ല.” അപ്പോൾ സ്വഹാബത്ത് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ..! അല്ലാഹുന്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരമല്ലേ)?” അപ്പോൾ റസൂലുള്ളാഹി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരമല്ല; സ്വന്തം ശരീരവും സമ്പത്തുമായി അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിനായി ഇറങ്ങിത്തിരിക്കുകയും അവ രണ്ടും അല്ലാഹുവിന്റെ ചിലവഴിക്കപ്പെടുകയും ചെയ്ത ഒരുവന്റെ ജിഹാദൊഴികെ.” (സുനനുത്തിർമിദി : 757)

3) ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽകർമങ്ങളാണ് അല്ലാഹുവിങ്കൽ ഏറ്റവും പരിശുദ്ധിയുള്ളതും പ്രതിഫലാർഹമായതും.

റസൂലുള്ളാഹി -ﷺ- പറഞ്ഞു:

عَنِ ابْنِ عَبَّاسٍ قَالَ : قَالَ رَسُولُ الله ﷺ : ما من عملٍ أزْكَى عندَ اللهِ عزَّ وجلَّ ولا أعظمَ أجرًا من خيرٍ يعملُهُ في عَشْرِ الأضحَى

“ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിൽ അനുഷ്ഠിക്കുന്ന സൽകർമങ്ങളേക്കാൾ അല്ലാഹുവിങ്കൽ സംശുദ്ധവും പ്രതിഫലാർഹവുമായ മറ്റൊരു പ്രവർത്തനവുമില്ല.” (സ്വഹീഹുത്തർഗീബ് : 1148)

3) ഇബാദത്തുകളുടെ മാതാക്കൾ (أمهات الطاعات) എന്നറിയപ്പെടുന്ന, ഇസ്‌ലാമിന്റെ സ്തംഭങ്ങളായ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകൾ ഈ ദിവസങ്ങളിൽ സമ്മേളിക്കുന്നു.

4) ഈ ദിവങ്ങളെ പിടിച്ചു കൊണ്ട് അല്ലാഹു സൂറത്തുൽ ഫജ്റിൽ സത്യം ചെയ്ത് പറഞ്ഞു എന്നത് അവയുടെ ശ്രേഷ്ഠതയെ അറിയിക്കുന്ന കാര്യമാണ്.

وَلَيَالٍ عَشْرٍ

“പത്തു രാത്രികള്‍ തന്നെയാണ സത്യം.” [ഫജ്ര്‍: 2]

5) പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കപ്പെടാനായി അല്ലാഹു നിശ്‌ചയിച്ച ദിവസങ്ങളാണ് ഈ ദിവസങ്ങൾ.

അതിൽ ഏറ്റവും പ്രധാനപ്പെട്ടവ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് :

• يوم التروية : ദുൽഹിജ്ജ എട്ടിനേയാണ്‌ ‘യൗമുത്തർവിയ’ എന്ന് വിളിക്കുന്നത്‌.

ഈ ദിവസത്തിലാണ് ഹജ്ജിന്റെ കർമങ്ങൾ ആരംഭിക്കുന്നത്. അന്ന് ഹജ്ജാജിമാർ തൽബിയത് ചൊല്ലിക്കൊണ്ട് മക്കയിൽ നിന്നും മിനയിലേക്ക് കയറിപ്പോകുന്നു.

• يوم عرفة : ദുൽഹിജ്ജ ഒമ്പതിനെയാണ് ‘യൗമുഅറഫ’ എന്ന് വിളിക്കുന്നത്. ഹജ്ജിന്റെ ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. അന്നേ ദിവസം അറഫയിൽ തങ്ങുക എന്നതാണ് ഹജ്ജ് കർമത്തിലെ ഏറ്റവും കാതലായ കാര്യം. അത് നഷ്ടപ്പെടുത്തിയാൽ ഹജ്ജ് ശരിയാവുകയില്ല. ഈ  ദിവസം ഹാജിമാരല്ലാത്തവർ അറഫാ (صوم يوم عرفة) നോമ്പനുഷ്ഠിക്കുന്നു.

• يوم النحر : ദുൽഹിജ്ജ പത്തിനെയാണ് ‘യൗമുന്നഹ്ർ’ അറവിന്റെ ദിവസം എന്ന് വിളിക്കുന്നത്. ഹജ്ജാജിമാർ അവരുടെ ഹദ്യും അല്ലാത്തവർ ഉള്ഹിയ്യത്തും അറക്കുന്നത് ഈ ദിവസത്തിലായതുകൊണ്ടാണ് ഇപ്രകാരം പേര് നൽകപ്പെട്ടിരിക്കുന്നത്. അന്നേ ദിവസം തന്നെയാണ് നാം ഈദുൽഅള്ഹാ ആഘോഷിക്കുന്നത്. റസൂലുള്ളാഹി -ﷺ- ഈ ദിവസത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു :

عَنْ عَبْدِ اللَّهِ بْنِ قُرْطٍ ، عَنِ النَّبِيِّ ﷺ قَالَ : إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ

“തീർച്ചയായും ദിവസങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായത് ‘യൗമുന്നഹ്ർ’ ആണ്. പിന്നെ ‘യൗമുൽഖർ’ (ദുൽഹിജ്ജ പതിനൊന്ന്) ആണ്.” (സുനനു അബീദാവൂദ് : 1765)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment