ജനങ്ങൾ ഉപയോഗപ്പെടുത്തുന്ന വഴികളിലും അവയുടെ വശങ്ങളിലും, ഉപകാരപ്രദമായ തണലുകൾക്ക് താഴെയും, ഫലം നൽകുന്ന വൃക്ഷങ്ങൾക്ക് കീഴെയും, ജനങ്ങൾ ഒത്തുകൂടുകയോ അവർക്ക് ഉപയോഗപ്പെടുത്തേണ്ട സ്ഥലങ്ങളിലോ മലമൂത്ര വിസർജനം നടത്തുന്നത് അനുവദനീയമല്ല. അനേകം പണ്ഡിതന്മാർ ഇക്കാര്യം അഭിപ്രായപ്പെട്ടിട്ടുണ്ട്. [1] ഇവ ഹറാമായ -തീർത്തും ഉപേക്ഷിക്കേണ്ട നിഷിദ്ധമായ- കാര്യങ്ങളിൽ പെട്ടതാണെന്ന അഭിപ്രായമാണ് കൂടുതൽ ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.

ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യർക്ക് പൊതുവെയും, മുഅ്മിനീങ്ങൾക്ക് പ്രത്യേകമായും ഉപദ്രവകരമാണെന്നതിൽ സംശയമില്ല. ഈ തരം ഉപദ്രവങ്ങൾ ഉപേക്ഷിക്കണമെന്ന ശക്തമായ താക്കീത് അല്ലാഹു അവന്റെ അടിമകൾക്ക് നൽകിയിട്ടുണ്ട്.

وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾

“സത്യവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.” (അഹ്സാബ്: 58)

ഈ ആയത്തിൽ പരാമർശിക്കപ്പെട്ട ഉപദ്രവങ്ങളിൽ മേൽ പറഞ്ഞ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതും ഉൾപ്പെടും എന്ന് ഇമാം നവവി -رَحِمَهُ اللَّهُ- വിവരിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اتَّقُوا اللَّعَّانَيْنِ» قَالُوا: وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ؟ قَالَ: «الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ، أَوْ فِي ظِلِّهِمْ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ശാപാർഹമായ രണ്ട് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക.” സ്വഹാബികൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഏതെല്ലാമാണവ?” നബി -ﷺ- പറഞ്ഞു: “ജനങ്ങളുടെ വഴികളിലും, തണലുകളിലും വിസർജനം നടത്തലാണത്.” (മുസ്‌ലിം: 269)

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “ഫലം നൽകുന്ന വൃക്ഷങ്ങൾക്ക് താഴെ മൂത്രമൊഴിക്കുന്നത് നിഷിദ്ധമാണ്… മലമൂത്ര വിസർജനം പാടില്ലാത്ത വേറെയും സ്ഥലങ്ങളുണ്ട്… ഉദാഹരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലുള്ള ജനങ്ങൾ -മതപരമോ മറ്റോ ആയ ആവശ്യങ്ങൾക്ക്- ഒത്തുകൂടുന്ന സ്ഥലങ്ങൾ. ജനങ്ങൾ ഉപയോഗപ്പെടുത്തുന്ന വഴികളിലും തണലുകളിലും മൂത്രമൊഴിക്കുന്നത് വിലക്കിയ നബി -ﷺ- യുടെ ഹദീഥാണ് ഈ പറഞ്ഞ വിധികൾക്കെല്ലാമുള്ള ആധാരം.” (ശർഹുൽ മുംതിഅ്: 1/128,129)

[1] حاشية العدوي على شرح مختصر خليل للخرشي (1/145)، المغني لابن قدامة (1/122)، الفروع لابن مفلح (1/132)، المجموع (2/87)، الشرح الممتع (1/128،129).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: