മല മൂത്ര വിസർജനം എത്ര കുറച്ചാണെങ്കിലും ശുദ്ധീകരിക്കൽ നിർബന്ധമാണ്. അതായത് നജിസായ എന്തെങ്കിലും രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെ പുറത്തു വന്നാൽ വെള്ളം കൊണ്ടോ, കല്ലു കൊണ്ടോ ശുദ്ധീകരിക്കുക എന്നത് നിർബന്ധമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. മാലികീ മദ്‌ഹബിലെ പ്രസിദ്ധമായ അഭിപ്രായവും, ശാഫിഈ മദ്‌ഹബിലെയും, ഹമ്പലീ മദ്‌ഹബിലെയും അഭിപ്രായം ഇതാണ്. നബി -ﷺ- യുടെ ഹദീഥ് ഈ പറഞ്ഞതിനുള്ള തെളിവാണ്.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِذَا ذَهَبَ أَحَدُكُمْ إِلَى الْغَائِطِ، فَلْيَذْهَبْ مَعَهُ بِثَلَاثَةِ أَحْجَارٍ يَسْتَطِيبُ بِهِنَّ، فَإِنَّهَا تُجْزِئُ عَنْهُ»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും വിസർജന സ്ഥലത്തേക്ക് പോകുന്നെങ്കിൽ ശുദ്ധീകരിക്കാൻ മൂന്ന് (ചെറിയ) കല്ലുകൾ കയ്യിൽ എടുക്കട്ടെ. അത് അവന് പര്യാപ്തമാകുന്നതാണ്.” (അബൂദാവൂദ്: 40, നസാഈ: 44, അഹ്മദ്: 25056, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

“കല്ലു കൊണ്ട് ശുദ്ധീകരിക്കുക എന്നത് അവന് പര്യാപ്തമാകുന്നതാണ്” എന്നതിന് സമാനമായ പ്രയോഗങ്ങൾ നിർബന്ധ കാര്യങ്ങളിലേ ഉപയോഗിക്കപ്പെടാറുള്ളൂ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: