മൂത്രമൊഴിക്കുകയോ മല വിസർജനം നടത്തുകയോ ചെയ്താൽ മലവും മൂത്രവും ശരീരത്തിൽ നിന്ന് പോകുന്നത് വരെ കഴുകുകയാണ് വേണ്ടത്. ഇതിന് പ്രത്യേകിച്ചൊരു എണ്ണം നിർബന്ധമില്ല എന്നതാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. ഒരു തവണ കഴുകിയപ്പോൾ തന്നെ മൂത്രം ശരീരത്തിൽ നിന്ന് പോയാൽ അത്ര തവണ കഴുകിയാൽ മതിയാകും. എന്നാൽ മൂന്നോ അഞ്ചോ തവണ കഴുകിയാലേ പോകുന്നുള്ളൂവെങ്കിൽ അത്ര തവണ കഴുകേണ്ടി വരും. ബഹുഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. [1]

ആർത്തവരക്തം ശുദ്ധീകരിക്കേണ്ടതിന്റെ രൂപം ചോദിച്ചു വന്ന സ്ത്രീയോട് നബി -ﷺ- നൽകിയ മറുപടി മലമൂത്ര വിസർജനം ശുദ്ധീകരിക്കുന്ന കാര്യത്തിലും പരിഗണിക്കാവുന്നതാണ്.

عَنْ أَسْمَاءَ قَالَتْ: جَاءَتِ امْرَأَةٌ النَّبِيَّ -ﷺ- فَقَالَتْ: أَرَأَيْتَ إِحْدَانَا تَحِيضُ فِي الثَّوْبِ، كَيْفَ تَصْنَعُ؟ قَالَ: «تَحُتُّهُ، ثُمَّ تَقْرُصُهُ بِالْمَاءِ، وَتَنْضَحُهُ، وَتُصَلِّي فِيهِ»

അസ്മാഅ് -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യുടെ അരികിൽ ഒരു സ്ത്രീ വന്നു കൊണ്ട് ചോദിച്ചു: “ഞങ്ങളുടെ വസ്ത്രത്തിൽ ആർത്തവരക്തമായാൽ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” നബി -ﷺ- പറഞ്ഞു: “(രക്തം) നീ ചുരണ്ടിക്കളയുകയും, പിന്നീട് വെള്ളം കൊണ്ട് ഉരച്ചു കഴുകുകയും, വെള്ളം കുറേശ്ശെയായി (അതിന് മേൽ) ഒഴിക്കുകയും ചെയ്യുക. ശേഷം ആ വസ്ത്രത്തിൽ നിസ്കരിക്കുകയും ചെയ്തു കൊള്ളുക.” (ബുഖാരി: 227, മുസ്‌ലിം: 291)

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “ഈ ഹദീഥിൽ ആർത്തവരക്തം ശുദ്ധീകരിക്കുന്നതിന് നബി -ﷺ- പ്രത്യേകം എണ്ണം നിശ്ചയിച്ചതായി കാണുന്നില്ല. ഇതു പോലെ തന്നെയാണ് മൂത്രത്തിന്റെയും മലത്തിന്റെയും കാര്യം.” (ശർഹുൽ മുംതിഅ്: 1/421)

മലവും മൂത്രവുമെല്ലാം എടുത്തു നീക്കാവുന്ന വസ്തുക്കളുടെ ഗണത്തിൽ പെട്ടതാണ്; അവ നീങ്ങിയാൽ അതുമായി ബന്ധപ്പെട്ട മതവിധികളും നീങ്ങുന്നതാണ്. അതിന് അനുവദനീയമായ ഏതു വഴികളും -പ്രത്യേകിച്ചൊരു എണ്ണമോ മറ്റോ- നിശ്ചയിക്കാതെ സ്വീകരിക്കാവുന്നതാണ്.

അതോടൊപ്പം നായയുടെ നജസ് വൃത്തിയാക്കുന്ന വിഷയത്തിൽ പ്രത്യേകം എണ്ണം പറയപ്പെട്ടതു പോലെ മലമൂത്ര വിസർജനം വൃത്തിയാക്കുന്നതിൽ പ്രത്യേകം എണ്ണം സ്ഥിരപ്പെട്ടിട്ടില്ല. തെളിവ് സ്ഥിരപ്പെടാത്തിടത്തോളം പൊതു അടിസ്ഥാനത്തിൽ തന്നെ നിലകൊള്ളുകയാണ് വേണ്ടത്. (ശർഹുൽ മുംതിഅ്: 1/421)

[1]  الحنفية: البحر الرائق لابن نجيم (1/253)، وينظر: بدائع الصنائع للكاساني (1/21).

المالكية: مواهب الجليل للحطاب (1/420)، وينظر: بداية المجتهد لابن رشد (1/86).

الشافعية: المجموع للنووي (2/100)، وينظر: الأم للشافعي (1/37).

الحنابلة: رواية عن الإمام أحمد؛ الإنصاف للمرداوي (1/313)، المغني لابن قدامة (1/119).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: