തുടർച്ചയായി വുദു നഷ്ടപ്പെടുക എന്ന അവസ്ഥ ചിലരെ ബാധിക്കാറുണ്ട്. ഇത്തരക്കാർ തങ്ങളുടെ വസ്ത്രത്തിലും ശരീരത്തിലും ഇടപഴകുന്ന സ്ഥലത്തും നജസ് ആകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നത് നിർബന്ധമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിർദേശം ഇപ്രകാരമാകുന്നു. മാലികീ മദ്‌ഹബിലെയും, ശാഫിഈ മദ്‌ഹബിലെയും, ഹനഫീ മദ്‌ഹബിലെയും അഭിപ്രായമാണിത്. [1] നബി -ﷺ- യുടെ ഹദീഥ് ഈ പറഞ്ഞതിനുള്ള തെളിവാണ്.

عَنْ حَمْنَةَ بِنْتِ جَحْشٍ قَالَتْ: كُنْتُ أُسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً، فَأَتَيْتُ رَسُولَ اللَّهِ -ﷺ- أَسْتَفْتِيهِ وَأُخْبِرُهُ، فَوَجَدْتُهُ فِي بَيْتِ أُخْتِي زَيْنَبَ بِنْتِ جَحْشٍ فَقُلْتُ: يَا رَسُولَ اللَّهِ، إِنِّي امْرَأَةٌ أُسْتَحَاضُ حَيْضَةً كَثِيرَةً شَدِيدَةً، فَمَا تَرَى فِيهَا قَدْ مَنَعَتْنِي الصَّلَاةَ وَالصَّوْمَ. فَقَالَ: «أَنْعَتُ لَكِ الْكُرْسُفَ، فَإِنَّهُ يُذْهِبُ الدَّمَ»، قَالَتْ: هُوَ أَكْثَرُ مِنْ ذَلِكَ، قَالَ: «فَاتَّخِذِي ثَوْبًا»

ഹംനഃ ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- പറയുന്നു: എനിക്ക് വളരെ കടുത്ത രൂപത്തിൽ രക്തസ്രാവം സംഭവിക്കാറുണ്ടായിരുന്നു. അങ്ങനെ ഈ വിഷയം അവിടുത്തെ അറിയിക്കാനും, ഇതിലെ മതവിധി ചോദിച്ചറിയാനുമായി ഞാൻ നബി -ﷺ- യുടെ അരികിൽ ചെന്നു. എന്റെ സഹോദരിയായ സയ്നബ് ബിൻത് ജഹ്ശിന്റെ വീട്ടിൽ നബി -ﷺ- യെ ഞാൻ കണ്ടെത്തി. ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ധാരാളമായി, വളരെ കടുത്ത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീയാണ് ഞാൻ. എന്റെ നിസ്കാരവും നോമ്പും ഇതിനാൽ തടസ്സപ്പെട്ടിരിക്കുന്നു. എന്താണ് ഞാൻ ചെയ്യേണ്ടതായി താങ്കൾ പറയുന്നത്?”

നബി -ﷺ- പറഞ്ഞു: “നീ പരുത്തി ഉപയോഗിക്കുക; അത് രക്തം ഒഴിവാക്കുന്നതാണ്.” അവർ പറഞ്ഞു: “(പരുത്തി കൊണ്ട് നിൽക്കാത്തത്ര) കൂടുതലുണ്ട് രക്തം.” അപ്പോൾ നബി -ﷺ- പറഞ്ഞു: “എങ്കിൽ നീ ഒരു വസ്ത്രം ഉപയോഗിക്കുക.” (അബൂദാവൂദ്: 287, തിർമിദി: 128, ഇബ്‌നു മാജ: 622, ശൈഖ് അൽബാനി ഹസൻ എന്ന് വിലയിരുത്തി.)

നിരന്തരമായി രക്തസ്രാവം സംഭവിക്കുന്ന സ്ത്രീയോട് അവരുടെ രക്തം പരക്കാതിരിക്കാൻ പരുത്തിയോ വസ്ത്രമോ ഉപയോഗിക്കാൻ നബി -ﷺ- ഈ ഹദീഥിൽ കൽപ്പന നൽകുന്നു. നജസ് പിടിച്ചു വെക്കാൻ ശ്രമിക്കുക എന്നത് നിർബന്ധമാണെന്ന് നബി -ﷺ- യുടെ ഈ കൽപ്പന ബോധ്യപ്പെടുത്തുന്നുണ്ട്.

തുടർച്ചയായി വുദു നഷ്ടപ്പെടുക എന്ന അവസ്ഥ ബാധിക്കുന്നതിന് പല ഉദാഹരണങ്ങളുണ്ട്.

ഹദീഥിൽ പരാമർശിക്കപ്പെട്ടത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു രൂപമാണ്. ആർത്തവ കാലത്തല്ലാതെ, നിരന്തരമായി രക്തസ്രാവം സംഭവിക്കുന്ന ഈ അവസ്ഥക്ക് ഇസ്തിഹാദ്വ (الاسْتِحَاضَةُ) എന്നാണ് പറയുക. ഇസ്തിഹാദ്വതുള്ളവർ തങ്ങളുടെ വസ്ത്രത്തിലും ശരീരത്തിലും ഇടപഴകുന്ന സ്ഥലങ്ങളിലും രക്തം ആകാതിരിക്കാൻ സാധ്യമാകുന്നിടത്തോളം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. അതിനായി കോട്ടൺ കൊണ്ടുള്ള തുണിയോ പാഡോ പോലുള്ളവ രക്തം വരുന്നിടത്ത് വെക്കുകയാണ് വേണ്ടത്.

തുടർച്ചയായി മൂത്രം ഇറ്റിക്കൊണ്ടേയിരിക്കുകയോ ഇടക്കിടക്കായി മൂത്രം വന്നു കൊണ്ടേയിരിക്കുകയോ ചെയ്യുന്ന, മൂത്രവാർച്ചയുടെ രോഗം ബാധിച്ചവർ സമാനമായ അവസ്ഥയിൽ അകപ്പെട്ടവരാണ്. തുടർച്ചയായി മദ്‌യ് (രേതസ്സ്) വന്നു കൊണ്ടേയിരിക്കുന്നവരും സമാന അവസ്ഥയിലുള്ളവർ തന്നെ. ഇത്തരക്കാർ -സാധിക്കുമെങ്കിൽ- വെള്ളം പിടിച്ചെടുക്കുന്ന രൂപത്തിലുള്ള തുണിക്കഷ്ണമോ മറ്റോ ലിംഗാഗ്രഭാഗത്ത് വെക്കുകയും, മൂത്രമോ മദ്‌യോ പോലുള്ള നജസുകൾ ശരീരത്തിലും വസ്ത്രത്തിലും പരക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. സാധ്യമാകുന്നിടത്തോളം ഇപ്രകാരം ചെയ്യുക എന്നത് നിർബന്ധമാണ്.

എന്നാൽ എന്തെങ്കിലും കാരണവശാൽ -മൂലക്കുരുവോ മറ്റെന്തെങ്കിലും മുറിവുകളോ കാരണത്താൽ- അതിന് സാധിക്കുന്നില്ലെങ്കിൽ ഇപ്രകാരം ചെയ്യുന്നത് അവരുടെ മേൽ നിർബന്ധമാവുകയില്ല. അവർ നിസ്കാരത്തിന് മുൻപ് നജസായ ഭാഗം ശുദ്ധീകരിക്കുകയും, വുദു എടുക്കുകയും, നിസ്കരിക്കുകയുമാണ് വേണ്ടത്. വുദു എടുത്തതിന് ശേഷം -നിസ്കാരം പൂർത്തീകരിക്കുന്നത് വരെ- പിന്നീട് നജസ് വരുന്നത് കാര്യമാക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിധിവിലക്കുകൽ വുദുവിന്റെ അദ്ധ്യായത്തിൽ ഉൾപ്പെടുത്തുന്നതാണ്. -ഇൻശാ അല്ലാഹ്-.

[1]  الحنفية: البحر الرائق لابن نجيم: 1/227، وينظر: فتح القدير للكمال ابن الهمام: 1/185.

الشافعية: المجموع للنووي: 2/533، مغني المحتاج للشربيني: 1/111.

الحنابلة: الإنصاف للمرداوي: 1/269، وينظر: الشرح الكبير لابن قدامة: 1/354.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: