തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തേണ്ടി വന്നാൽ ജനങ്ങളുടെ കാഴ്ച്ചയിൽ നിന്ന് മറയുകയും, അവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുക എന്നത് വളരെ നല്ല കാര്യമാണ്. ഇക്കാര്യം മൻദൂബ് ആണെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. [1] നബി -ﷺ- യുടെ പ്രവൃത്തിയിൽ നിന്ന് ലഭിക്കുന്ന മഹത്തരമായ മര്യാദയും ഇപ്രകാരം തന്നെ. അതിനാൽ വളരെ പ്രബലമായ സുന്നത്താണ് ഇക്കാര്യം എന്ന് ഇമാം നവവി -رَحِمَهُ اللَّهُ- അഭിപ്രായപ്പെട്ടിട്ടുണ്ട്.

عَنِ الْمُغِيرَةِ بْنِ شُعْبَةَ، قَالَ: كُنْتُ مَعَ النَّبِيِّ -ﷺ- فِي سَفَرٍ فَقَالَ: «يَا مُغِيرَةُ خُذِ الْإِدَاوَةَ» فَأَخَذْتُهَا، ثُمَّ خَرَجْتُ مَعَهُ، فَانْطَلَقَ رَسُولُ اللَّهِ -ﷺ- حَتَّى تَوَارَى عَنِّي، فَقَضَى حَاجَتَهُ.

മുഗീറതു ബ്നു ശുഅ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു യാത്രയിൽ ഞാൻ നബി -ﷺ- യോടൊപ്പമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: “മുഗീറ! ഈ വെള്ളപ്പാത്രം പിടിക്കുക.” അപ്പോൾ ഞാനത് കയ്യിലെടുത്തു. അങ്ങനെ നബി -ﷺ- എന്നിൽ നിന്ന് മറഞ്ഞു പോവുകയും, തന്റെ ആവശ്യം നിർവ്വഹിക്കുകയും ചെയ്തു.” (ബുഖാരി: 363, മുസ്‌ലിം: 274)

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ: أَرْدَفَنِي رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ خَلْفَهُ، فَأَسَرَّ إِلَيَّ حَدِيثًا لَا أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبَّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ -ﷺ- لِحَاجَتِهِ، هَدَفٌ أَوْ حَائِشُ نَخْلٍ.

അബ്ദുല്ലാഹി ബ്നു ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- എന്നെ അവിടുത്തെ വാഹനപ്പുറത്ത് -അവിടുത്തെ പിറകിൽ- സഹയാത്രികനാക്കി. എന്നോട് അവിടുന്ന് ഒരു രഹസ്യം പറയുകയുണ്ടായി; ജനങ്ങളിൽ ഒരാളോടും ഞാൻ അത് പറഞ്ഞു കൊടുക്കുന്നതല്ല. മണ്ണിൽ നിന്ന് ഉയർന്നു നിൽക്കുന്ന വസ്തുക്കളും, ഈന്തപ്പന തോട്ടവുമായിരുന്നു പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുമ്പോൾ മറയായി സ്വീകരിക്കാൻ നബി -ﷺ- ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത്.” (മുസ്‌ലിം: 342)

‘മണ്ണിൽ നിന്ന് ഉയർന്നു നിൽക്കുന്ന വസ്തുക്കൾ’ എന്നത് കൊണ്ട് ഉദ്ദേശം മലകളും പർവ്വതങ്ങളും, മൺപുറ്റുകളും മറ്റുമാണ്. മറ സ്വീകരിക്കാൻ ഇത്തരം സ്ഥലങ്ങൾ നബി -ﷺ- ഇഷ്ടപ്പെട്ടതിന്റെ കാരണം വ്യക്തമാണ്; വിസർജന സമയത്ത് ജനങ്ങളിൽ നിന്ന് ഒരു വ്യക്തിയെ പൂർണ്ണമായി മറക്കാൻ ഇത്തരം സ്ഥലങ്ങൾ സഹായകമാണ്. മറസ്വീകരിക്കാൻ എന്തെങ്കിലും മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ ജനങ്ങളിൽ നിന്ന് അകന്നു പോകേണ്ടതില്ല എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ.

ജനങ്ങൾ നടന്നു പോയിക്കൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും, ആളുകൾ കൂടിനിൽക്കുന്ന അങ്ങാടികളിലും മറ്റുമെല്ലാം മൂത്രമൊഴിക്കുന്നത് ഉപേക്ഷിക്കേണ്ട കാര്യമാണ്. ഇസ്‌ലാം പഠിപ്പിച്ച ലജ്ജയുടെയും മാന്യതയുടെയും ഗുണങ്ങൾ സൂക്ഷിക്കുന്നവർക്ക് തീർത്തും യോജിക്കുന്നതല്ല ഇത്തരം പ്രവൃത്തികൾ എന്നതിൽ യാതൊരു സംശയവുമില്ല.

[1] المالكية: الذخيرة للقرافي (1/201)، مواهب الجليل للحطَّاب (1/397).

الشافعية: روضة الطالبين للنووي (1/66)، المجموع للنووي (2/77).

الحنابلة: شرح العمدة لابن تيميَّة (1/143)، كشاف القناع للبهوتي (1/60).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: