മല മൂത്ര വിസർജനത്തിനിടെ സംസാരിക്കുക എന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യങ്ങളിലൊന്നാണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ പൊതുവെ യോജിച്ചിരിക്കുന്നു. [1] സലഫുകളിൽ പെട്ട ഒരു വിഭാഗത്തിന്റെയും, ബഹുഭൂരിപക്ഷം കർമ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരം തന്നെ.

عَنِ ابْنِ عُمَرَ: «أَنَّ رَجُلًا مَرَّ وَرَسُولُ اللَّهِ -ﷺ- يَبُولُ، فَسَلَّمَ، فَلَمْ يَرُدَّ عَلَيْهِ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: “നബി -ﷺ- മൂത്രമൊഴിച്ചു കൊണ്ടിരിക്കെ ഒരാൾ അവിടുത്തേക്ക് സലാം പറഞ്ഞു. എന്നാൽ നബി -ﷺ- അയാളുടെ സലാം മടക്കിയില്ല.” (മുസ്‌ലിം: 370)

മൂത്രമൊഴിച്ചു കൊണ്ടിരിക്കെ നബി -ﷺ- ഒരാൾക്ക് സലാം മടക്കിയില്ലെന്നതിൽ നിന്ന് അതിൽ താഴെയുള്ള സംഭാഷണങ്ങൾ തീർത്തും ഒഴിവാക്കേണ്ടതാണ് മനസ്സിലാക്കാം. മൂത്രമൊഴിക്കുന്ന ഒരാളോട് സലാം പറഞ്ഞാൽ അത് കേൾക്കുന്നയാൾ മടക്കാൻ ബാധ്യസ്ഥനല്ല എന്നും ഇതിൽ നിന്ന് മനസ്സിലാക്കാം.

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “മലമൂത്ര വിസർജനവേളയിൽ സംസാരിക്കുക എന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്. ഏതു നിലക്കുള്ള സംസാരവും അപ്പോൾ ഒഴിവാക്കേണ്ടത് തന്നെ. എന്നാൽ അനിവാര്യമായും സംസാരിക്കേണ്ടതായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ അത് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. ഉദാഹരണത്തിന് അന്ധനായ ഒരാൾ കിണറ്റിൽ വീഴുമെന്ന് കണ്ടാലോ, വിഷജന്തുകൾ ഒരാളെ ഉപദ്രവിക്കാൻ വരുന്നത് കണ്ടാലോ മറ്റോ അതിനെ കുറിച്ച് അറിയിക്കുന്നതിനായി സംസാരിക്കുന്നത് മക്റൂഹല്ല. മറിച്ച് അത്തരം സംസാരങ്ങൾ നിർബന്ധമായും നിർവ്വഹിക്കേണ്ട വാജിബായ സംസാരത്തിലാണ് ഉൾപ്പെടുക.” (ശർഹു മുസ്‌ലിം: 4/65)

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “മലമൂത്ര വിസർജന വേളയിൽ സംസാരിക്കുന്നത് ശരിയല്ല. എന്നാൽ -കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതു പോലെ- എന്തെങ്കിലും ആവശ്യത്തിനാണ് സംസാരിക്കുന്നതെങ്കിൽ അതിൽ കുഴപ്പമില്ല. ഉദാഹരണത്തിന് ഒരാൾക്ക് വഴി കാണിച്ചു കൊടുക്കുകയോ, നിർബന്ധമായും മറുപടി നൽകേണ്ട എന്തെങ്കിലും കാര്യം ഒരാൾ ചോദിച്ചാൽ അതിന് മറുപടി നൽകുകയോ ചെയ്യുന്നതിൽ തെറ്റില്ല. അതല്ലെങ്കിൽ ഒരാളോട് അത്യാവശ്യമായി എന്തെങ്കിലും സംസാരിക്കാനുണ്ടാവുകയും, അയാൾ പോകാൻ നിൽക്കുകയുമാണെങ്കിൽ അയാളോട് സംസാരിക്കാം. അതുമല്ലെങ്കിൽ വൃത്തിയാക്കുന്നതിന് വെള്ളം ചോദിക്കാം. ഇതൊന്നും തെറ്റില്ലാത്ത കാര്യമാണ്.” (ശർഹുൽ മുംതിഅ്: 1/119)

[1]  الحنفية: الفتاوى الهندية (1/50)، وينظر: فتح القدير للكمال ابن الهمام (1/213).

المالكية: الشرح الكبير للدردير وحاشية الدسوقي (1/104)، وينظر: الذخيرة للقرافي (1/203)، حاشية الصاوي على الشرح الصغير (1/90).

الشافعية: المجموع للنووي (2/87- 88)، مغني المحتاج للشربيني (1/42).

الحنابلة: كشاف القناع للبهوتي (1/63)، وينظر: المغني لابن قدامة (1/123)، الشرح الكبير لشمس الدين ابن قدامة (1/82).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: