ചോദ്യത്തിനുള്ള മറുപടിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, ആമുഖമായി പറയട്ടെ: വിസർജന സ്ഥലത്തേക്ക് മുസ്വ്-ഹഫ് പ്രവേശിപ്പിക്കുക എന്നത് നിഷിദ്ധമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

ഹമ്പലീ പണ്ഡിതനായ ഇമാം മർദാവി -رَحِمَهُ اللَّهُ- പറയുന്നു: “പ്രത്യേകിച്ചൊരു ആവശ്യവുമില്ലാതെ, വിസർജനസ്ഥലത്തേക്ക് മുസ്വ്-ഹഫ് കൊണ്ടു പോകുന്നത് നിഷിദ്ധമാണെന്നതിൽ യാതൊരു സംശയവുമില്ല. ബുദ്ധിയുള്ള ഒരാളും അക്കാര്യത്തിൽ സംശയിക്കുന്നതല്ല.” (അൽ ഇൻസ്വാഫ്: 1/190)

മാലികീ പണ്ഡിതനായ ഇമാം സ്വാവീ -رَحِمَهُ اللَّهُ- പറയുന്നു: “വിസർജന സ്ഥലത്ത് ഖുർആൻ പ്രവേശിപ്പിക്കുന്നത് നിഷിദ്ധമാകുന്നു. ഖുർആൻ പാരായണം ചെയ്യുക എന്നതും, ഖുർആൻ മുഴുവനുള്ളതോ അതിലെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്നതോ ആയ മുസ്വ് ഹഫുകളുമായി വിസർജനസ്ഥലത്ത് പ്രവേശിക്കുക എന്നതും നിഷിദ്ധമാകുന്നു. ഒരു ആയത്താണ് എങ്കിൽ പോലും അതുമായി വിസർജന സ്ഥലത്ത് പ്രവേശിച്ചു കൂടാ.” (ഹാശിയതുസ്സ്വാവീ: 1/92)

ഈ വിഷയത്തിലുള്ള അടിസ്ഥാന നിയമം വിശദീകരിക്കുന്നതിനാണ് ഇത്രയും പറഞ്ഞത്. ഇനി ചോദിക്കപ്പെട്ട വിഷയത്തിലേക്ക് പ്രവേശിക്കാം. മൊബൈലിൽ ഖുർആൻ രണ്ട് രൂപത്തിൽ സൂക്ഷിക്കപ്പെട്ടേക്കാം.

ഒന്ന്: വായിക്കപ്പെടാവുന്ന രൂപത്തിൽ. ഉദാഹരണത്തിന് ഖുർആൻ ആപ്ലിക്കേഷനുകളായോ, മൊബൈലിന്റെ ബാക്ഗ്രൗണ്ടായോ ഖുർആൻ വെക്കുന്നത്.

രണ്ട്: കേൾക്കാവുന്ന രൂപത്തിൽ. ഖുർആൻ പാരായണങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട രൂപത്തിൽ സൂക്ഷിക്കുന്നതും, റിംഗ്ടോണോ അലാറത്തിന്റെ ശബ്ദമോ ആയി സെറ്റു ചെയ്തു വെക്കുന്നതും ഉദാഹരണങ്ങൾ.

വിസർജന സ്ഥലത്തായിരിക്കെ ഖുർആൻ പ്രത്യക്ഷമാവുന്ന തരത്തിൽ മൊബൈലിൽ വെച്ചിട്ടുണ്ടെങ്കിൽ അതുമായി ബാത്ത്റൂമിലും മറ്റും പ്രവേശിക്കരുത്. ഉദാഹരണത്തിന് ഖുർആൻ ആയത്തുകൾ റിംഗ്‌ടോണായി വെച്ചിട്ടുണ്ട് എങ്കിൽ ബാത്ത്റൂമിലിരിക്കെ ആരെങ്കിലും ഫോൺ വിളിച്ചാൽ അതിനുള്ളിൽ ഖുർആൻ കേൾക്കാൻ കാരണമാകും. അതുമല്ലെങ്കിൽ, മൊബൈലിന്റെ ബാക്‌ഗ്രൗണ്ടായി ഖുർആൻ വെച്ചിട്ടുണ്ടെങ്കിൽ ഫോൺ പ്രവർത്തിപ്പിക്കേണ്ടി വന്നാൽ ഖുർആനിലെ ആയത്ത് അവിടെ വെച്ച് പ്രത്യക്ഷമാകും. ഇത്തരം അവസ്ഥയിലുള്ളവർ മൊബൈലുമായി ബാത്ത്റൂമിൽ പ്രവേശിപ്പിക്കരുത്. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ ഖുർആനിലെ ആയത്തുകൾ പ്രദർശിപ്പിക്കപ്പെടാതിരിക്കുന്നതിന് ഇത്തരം സംവിധാനങ്ങൾ മാറ്റുകയും, അനുവദനീയമായ മറ്റേതെങ്കിലും ശബ്ദം ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.

എന്നാൽ ഖുർആൻ ഒരാൾ ഉദ്ദേശിക്കുന്ന സന്ദർഭത്തിൽ മാത്രം പ്രകടമാകുന്ന രൂപത്തിലാണ് മൊബൈലിൽ ഉള്ളത് എങ്കിൽ അതുമായി ടോയിലെറ്റിലോ മറ്റോ പ്രവേശിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ഉദാഹരണത്തിന് മൊബൈലിൽ ഖുർആൻ ആപ്ലിക്കേഷനോ, പാരായണത്തിന്റെ റെക്കോഡിംഗുകളോ ഉണ്ടെങ്കിൽ അതുമായി ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ ഇത്തരം സൗകര്യങ്ങൾ വിസർജന സ്ഥലത്തു വെച്ച് ഒരിക്കലും പ്രവർത്തിപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധ പുലർത്തണം. ഖുർആൻ മനപാഠമാക്കിയവന്റെ ഹൃദയത്തിലുണ്ട് എന്നതിനോട് -ഒരു നിലക്ക്- സമാനമാണ് മൊബലിലുള്ള സംവിധാനങ്ങളുടെ അവസ്ഥ. ഒരാളുടെ ഹൃദയത്തിലുള്ള ഖുർആൻ വിസർജന സ്ഥലത്ത് പ്രവേശിക്കുന്നതിൽ നിന്ന് അവനെ തടയുന്നില്ലല്ലോ? ഇതു പോലെയാണ് മൊബൈലിന്റെയും കാര്യം.

അവസാനമായി -ഗൗരവത്തോടെ- ഓർമ്മപ്പെടുത്തട്ടെ! അല്ലാഹുവിന്റെ സംസാരമായ ഖുർആൻ അനുയോജ്യമായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും മാത്രമേ പ്രദർശിപ്പിക്കുക പാടുള്ളൂ. ഖുർആനിനെ ബഹുമാനിക്കുക എന്നതാകട്ടെ, ഈമാനിന്റെ അടയാളങ്ങളിൽ പെട്ടതുമാണ്. അല്ലാഹു അവനെ സൂക്ഷിച്ചു ജീവിക്കുന്ന തഖ്‌വയുള്ള മുസ്‌ലിമീങ്ങളിൽ നമ്മെ ഉൾപ്പെടുത്തട്ടെ. (അവലംബം: ഫതാവാ ശൈഖ് അബ്ദിൽ കരീം അൽ ഖുദ്വൈർ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: