ഖിബ്‌ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജനം നടത്തുക എന്നത് -തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ- ഹറാമാണ്. എന്നാൽ മറയുള്ള കെട്ടിടങ്ങൾക്കുള്ളിൽ അനുവദനീയവുമാണ്. ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇപ്രകാരമാണ്. [1] എന്നാൽ കെട്ടിടങ്ങൾക്കുള്ളിലാണെങ്കിലും ഖിബ്‌ലക്ക് മുന്നിടുന്നതോ പിന്നിടുന്നതോ നിഷിദ്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്; അതിനാൽ പരമാവധി ഖിബ്‌ലക്ക് നേരെയാകുന്നത് ഉപേക്ഷിക്കുന്നതാണ് നല്ലത്. വീടു നിർമ്മിക്കുമ്പോൾ ഇക്കാര്യം മനസ്സിൽ വെക്കുന്നത് വളരെ നന്നായിരിക്കും.

عَنْ أَبِي أَيُّوبَ الأَنْصَارِيِّ أَنَّ النَّبِيَّ -ﷺ- قَالَ: «إِذَا أَتَيْتُمُ الغَائِطَ فَلاَ تَسْتَقْبِلُوا القِبْلَةَ، وَلاَ تَسْتَدْبِرُوهَا وَلَكِنْ شَرِّقُوا أَوْ غَرِّبُوا»

അബൂ അയ്യൂബ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങൾ മലമൂത്ര വിസർജനത്തിനായി ചെന്നാൽ ഖിബ്‌ലക്ക് നേരെയിരിക്കരുത്. ഖിബ്‌ലക്ക് പിന്നിട്ടുമിരിക്കരുത്. എന്നാൽ കിഴക്ക് ഭാഗത്തേക്കോ പടിഞ്ഞാറു ഭാഗത്തേക്കോ ദിശ സ്വീകരിക്കുക.” (ബുഖാരി: 394, മുസ്‌ലിം: 264)

മദീനയിൽ വെച്ചാണ് നബി -ﷺ- ഇപ്രകാരം പറഞ്ഞത്. അവിടെ ഖിബ്‌ലയുടെ ദിശ തെക്കുവടക്കാണ്. ഇതിനാലാണ് കിഴക്കു പടിഞ്ഞാറു ഭാഗങ്ങളിലേക്ക് തിരിയാൻ നബി -ﷺ- കൽപ്പിച്ചത്. നമ്മുടെ നാട്ടിൽ -കേരളത്തിൽ- ഖിബ്‌ല പടിഞ്ഞാറു ഭാഗത്തേക്ക് ആയതിനാൽ തെക്ക് വടക്ക് ഭാഗത്തേക്കായാണ് മലമൂത്ര വിസർജനത്തിന് ഇരിക്കേണ്ടത്.

എന്നാൽ ഖിബ്‌ലക്ക് ഇടയിൽ മറയുണ്ടെങ്കിൽ മലമൂത്ര വിസർജനം ആകാമെന്നതിനുള്ള തെളിവ് ഹദീഥുകളിലും ആഥാറുകളിലും (സ്വഹാബികളുടെ വാക്കുകൾ) വന്നതായി കാണാം.

عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: «لَقَدْ ارْتَقَيْتُ يَوْمًا عَلَى ظَهْرِ بَيْتٍ لَنَا، فَرَأَيْتُ رَسُولَ اللَّهِ -ﷺ- «عَلَى لَبِنَتَيْنِ، مُسْتَقْبِلًا بَيْتَ المَقْدِسِ لِحَاجَتِهِ»

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: “ഒരിക്കൽ ഞങ്ങളുടെ വീടുകളിലൊന്നിന്റെ മുകളിൽ ഞാൻ കയറുകയുണ്ടായി. അപ്പോൾ നബി -ﷺ- രണ്ട് വെട്ടുകല്ലുകൾക്ക് മുകളിൽ ഇരുന്നു കൊണ്ട്, ബയ്തുൽ മഖ്ദിസിന്റെ ഭാഗത്തേക്കായി തിരിഞ്ഞു കൊണ്ട് പ്രാഥമികകാര്യം നിർവ്വഹിക്കുന്നതായി ഞാൻ കണ്ടു.” (ബുഖാരി: 145, മുസ്‌ലിം: 266)

[1]  المالكية: شرح الزرقاني على مختصر خليل (1/143)، وينظر: المدونة الكبرى لسحنون (1/117)، الذخيرة للقرافي (1/204).

الشافعية: مغني المحتاج للشربيني (1/40).

الحنابلة: الإنصاف للمرداوي (1/82).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: