അല്ലാഹുവിന്റെ പേരുള്ള എന്തെങ്കിലും കാര്യം വിസർജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത് വെറുക്കപ്പെട്ട, മക്റൂഹായ കാര്യമാണ്; എന്തെങ്കിലും ആവശ്യസാഹചര്യമുണ്ടെങ്കിലല്ലാതെ. നാല് മദ്‌ഹബുകളും പൊതുവെ യോജിച്ച അഭിപ്രായമാണിത്. [1]
ഉദാഹരണത്തിന് അല്ലാഹുവിന്റെ പേര് രേഖപ്പെടുത്തിയ ഏടുകൾ, മതപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ എന്നിവയൊന്നും വിസർജന സ്ഥലത്തേക്ക് പ്രവേശിപ്പിക്കരുത്. എന്നാൽ എന്തെങ്കിലും ആവശ്യസാഹചര്യം കാരണത്താലാണെങ്കിൽ അവ വിസർജന സ്ഥലത്ത് പ്രവേശിപ്പിക്കുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന് വിസർജന സ്ഥലത്തിന് പുറത്ത് വെച്ചാൽ മോഷ്ടിക്കപ്പെടുമെന്നോ, അത് നഷ്ടപ്പെട്ടു പോയേക്കുമെന്നോ ഭയക്കുന്നെങ്കിൽ ഇവയുമായി വിസർജന സ്ഥലത്തേക്ക് പ്രവേശിക്കാവുന്നതാണ്.
عَنِ ابْنِ عُمَرَ: «أَنَّ رَجُلًا مَرَّ وَرَسُولُ اللَّهِ -ﷺ- يَبُولُ، فَسَلَّمَ، فَلَمْ يَرُدَّ عَلَيْهِ»
ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: “നബി -ﷺ- മൂത്രമൊഴിച്ചു കൊണ്ടിരിക്കെ ഒരാൾ അവിടുത്തേക്ക് സലാം പറഞ്ഞു. എന്നാൽ നബി -ﷺ- അയാളുടെ സലാം മടക്കിയില്ല.” (മുസ്‌ലിം: 370)
അല്ലാഹുവിനെ കുറിച്ചുള്ള ദിക്‌ർ ഉൾക്കൊള്ളുന്ന സലാം മൂത്രമൊഴിക്കുന്ന വേളയിൽ നബി -ﷺ- ഉപേക്ഷിച്ചെങ്കിൽ ഇതിന് സമാനമായ വിഷയങ്ങളിലും ഈ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമാണെന്ന് മനസ്സിലാക്കാം.
[1] الحنفية: البحر الرائق لابن نجيم: 1/256، حاشية الطحطاوي: ص: 36.
المالكية: التاج والإكليل للمواق: 1/277، مواهب الجليل للحطاب: 1/394.
الشافعية: روضة الطالبين للنووي: 1/66، المجموع للنووي: 2/73.
الحنابلة: كشاف القناع للبهوتي: 1/58، وينظر: المغني لابن قدامة: 1/124.