മനുഷ്യർ കുടിച്ച ശേഷം പ്രാത്രത്തിൽ ബാക്കി വന്ന വെള്ളം ശുദ്ധിയുള്ളതാണ്. ഈ വിധി മനുഷ്യരായ എല്ലാവർക്കും ഒരു പോലെ ബാധകമാണ്. മുസ്ലിമെന്നോ കാഫിറെന്നോ ഇക്കാര്യത്തിൽ വ്യത്യാസമില്ല. ജനാബതുകാരനോ ആർത്തവകാരിയോ കുടിച്ച വെള്ളത്തിന്റെ ബാക്കിയാണെങ്കിലും വിധി ഒന്നു തന്നെ. ഇതേ വിധി തന്നെയാണ് കഴിച്ചു ബാക്കി വെച്ച ഭക്ഷണത്തിൻ്റേതും. നാല് മദ്ഹബുകളും ഈ വിഷയത്തിൽ ഒരേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. [1]
عَنْ أَنَسٍ قَالَ: قَدِمَ النَّبِيُّ -ﷺ- الْمَدِينَةَ وَأَنَا ابْنُ عَشْرٍ، وَمَاتَ وَأَنَا ابْنُ عِشْرِينَ، وَكُنَّ أُمَّهَاتِي يَحْثُثْنَنِي عَلَى خِدْمَتِهِ، فَدَخَلَ عَلَيْنَا دَارَنَا فَحَلَبْنَا لَهُ مِنْ شَاةٍ دَاجِنٍ، وَشِيبَ لَهُ مِنْ بِئْرٍ فِي الدَّارِ، فَشَرِبَ رَسُولُ اللَّهِ -ﷺ-، فَقَالَ لَهُ عُمَرُ، وَأَبُو بَكْرٍ عَنْ شِمَالِهِ: يَا رَسُولَ اللَّهِ، أَعْطِ أَبَا بَكْرٍ، فَأَعْطَاهُ أَعْرَابِيًّا عَنْ يَمِينِهِ، وَقَالَ رَسُولُ اللَّهِ -ﷺ-: «الْأَيْمَنَ فَالْأَيْمَنَ»
അനസു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ നബി -ﷺ- അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ച സംഭവം വിശദീകരിച്ചതായി കാണാം. പ്രസ്തുത ഹദീഥിൽ അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന ആടിന്റെ പാൽ അവിടുത്തേക്കായി കറക്കുകയും, കിണറ്റിൽ നിന്നുള്ള വെള്ളം അതിൽ കലർത്തിയ ശേഷം അവിടുത്തേക്ക് നൽകുകയും ചെയ്തു. നബി -ﷺ- അതിൽ നിന്ന് കുടിച്ചു. അബൂബക്ർ -رَضِيَ اللَّهُ عَنْهُ- അവിടുത്തെ ഇടതു ഭാഗത്തായി നിൽക്കുന്നുണ്ടായിരുന്നു. ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! അബൂബക്റിന് നൽകുക! എന്നാൽ നബി -ﷺ- തന്റെ വലതു ഭാഗത്ത് നിൽക്കുന്ന അഅ്രാബിക്കാണ് നൽകിയത്. ശേഷം അവിടുന്ന് പറഞ്ഞു: “വലതുള്ളവർ ആദ്യം; ശേഷം വലതു നിൽക്കുന്ന അടുത്തയാൾ.” (ബുഖാരി: 2352, മുസ്ലിം: 2029)
ഈ ഹദീഥിൽ നബി -ﷺ- “വലതുള്ളവർ ആദ്യം; ശേഷം വലതു നിൽക്കുന്ന അടുത്തയാൾ” എന്ന് പറഞ്ഞതിൽ നിന്ന് ഒരാൾ കുടിച്ചതിന്റെ ബാക്കി ശുദ്ധിയുള്ളതാണെന്നും, അതിൽ നിന്ന് മറ്റുള്ളവർക്ക് കുടിക്കാമെന്നും മനസ്സിലാക്കാം.
[1] الحنفية: البحر الرائق لابن نجيم: 1/133، الفتاوى الهندية: 1/123.
المالكية: الشرح الكبير للدردير: 1/34،35، وينظر: القوانين الفقهية لابن جزي: 1/25.
الشافعية: المجموع للنووي: 1/171، وينظر: الحاوي الكبير للماوردي: 1/317.
الحنابلة: الإنصاف للمرداوي: 1/247، شرح منتهى الإرادات للبُهوتي: 1/109.