നിഷിദ്ധമായ വെള്ളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ അനുവദനീയമല്ലാത്ത വഴിയിലൂടെ നേടിയെടുത്ത വെള്ളമാണ്. ഉദാഹരണത്തിന് മോഷ്ടിച്ചെടുത്തതോ, തട്ടിയെടുത്തതോ ആയ വെള്ളം. ഇപ്രകാരം വെള്ളം മോഷ്ടിക്കുന്നത് തിന്മയും നിഷിദ്ധവുമാണ് എന്നതിൽ സംശയമില്ല. അത് ശുദ്ധീകരണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതും അനുവദനീയമല്ല. കാരണം മോഷണവും അനർഹമായ സ്വത്ത് സമ്പാദിക്കലുമെല്ലാം ഇസ്ലാമിൽ നിഷിദ്ധമായ പ്രവർത്തികളിൽ പെട്ടതാണ്.
എന്നാൽ ഒരാൾ നിഷിദ്ധമായ വെള്ളം കൊണ്ട് വുദു എടുക്കുകയോ, ജനാബത്തിനായി കുളിക്കുകയോ, അതു കൊണ്ട് നജസ് ശുദ്ധീകരിക്കുകയോ ചെയ്താൽ പ്രസ്തുത വുദുവും കുളിയും ശരിയാകുമോ എന്നതാണ് ഇവിടെയുള്ള ചോദ്യം.
വെള്ളം മോഷ്ടിച്ചു എന്നതും, അതു കൊണ്ട് ശുദ്ധീകരിച്ചു എന്നതുമെല്ലാം തെറ്റാണെങ്കിലും വുദുവോ കുളിയോ ശരിയായിട്ടില്ല എന്നു പറയാൻ കഴിയില്ല എന്നതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫീ മദ്ഹബിലെയും, മാലികീ മദ്ഹബിലെയും, ശാഫിഈ മദ്ഹബിലെയും അഭിപ്രായം ഇപ്രകാരമാണ്. [1]
കാരണം മോഷണം എന്ന പ്രവൃത്തി നിഷിദ്ധമാണെങ്കിലും അതിലൂടെ നിർവ്വഹിക്കുന്ന എല്ലാ കാര്യങ്ങളും നിരർത്ഥകമാണെന്ന് പറയാൻ തെളിവില്ല. നിരോധിക്കപ്പെട്ട പ്രവൃത്തി പാടില്ലെന്ന് പറയാമെന്നല്ലാതെ, അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മറ്റു കാര്യങ്ങളെല്ലാം നിരർത്ഥകമാണെന്ന് പറയുന്നത് അടിസ്ഥാനപരമായി ശരിയല്ല. [2]
[1] الحنفية: حاشية ابن عابدين: 1/131.
المالكية: الشرح الكبير للدردير: 1/144، حاشية الدسوقي: 1/32.
الشافعية: المجموع للنووي: 1/251، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي: 1/224، 114.
[2] الفروق للقرافي: 2/85، الشرح الكبير للشيخ الدردير وحاشية الدسوقي: 3/54، الشرح الممتع لابن عثيمين: 10/186.