വുദുവിന്റെ ഭാഗമായി കൈകൾ കഴുകുക എന്നത് നിർബന്ധമാണ്. ഇക്കാര്യത്തിൽ ഇജ്മാഉള്ളതായി അനേകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. [1]
അല്ലാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ
“സത്യവിശ്വാസികളേ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദഃ: 6)
കൈകൾ കഴുകുമ്പോൾ മുട്ടുകൾ ഉൾപ്പടെ കഴുകുകയാണ് വേണ്ടത്; അല്ലാതെ മുട്ടുകൾ ആരംഭിക്കുന്നത് വരെയുള്ള ഭാഗം കഴുകുകയല്ല വേണ്ടത്. ഇക്കാര്യത്തിൽ ഇജ്മാഉള്ളതായി പറയപ്പെട്ടിട്ടുണ്ട്. [2]
നബി -ﷺ- യുടെ വുദൂഅ് വിശദീകരിക്കുന്ന ഹദീഥുകളിലും മുട്ടുൾപ്പടെ കഴുകിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഅ് ജനങ്ങൾക്ക് പഠിപ്പിച്ചു നൽകിയത് വിവരിക്കുന്ന ഹദീഥിൽ ഇപ്രകാരമുണ്ട്.
عَنْ نُعَيْمِ بْنِ عَبْدِ اللَّهِ الْمُجْمِرِ قَالَ: رَأَيْتُ أَبَا هُرَيْرَةَ يَتَوَضَّأُ فَغَسَلَ وَجْهَهُ فَأَسْبَغَ الْوُضُوءَ، ثُمَّ غَسَلَ يَدَهُ الْيُمْنَى حَتَّى أَشْرَعَ فِي الْعَضُدِ، ثُمَّ يَدَهُ الْيُسْرَى حَتَّى أَشْرَعَ فِي الْعَضُدِ … » ثُمَّ قَالَ: «هَكَذَا رَأَيْتُ رَسُولَ اللَّهِ -ﷺ- يَتَوَضَّأُ»
“ശേഷം അദ്ദേഹം തന്റെ വലതു കൈ കഴുകുകയും, അത് ‘അദ്വുദിൽ’ പ്രവേശിപ്പിക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ ഇടതു കൈ കഴുകുകയും, അത് ‘അദ്വുദിൽ’ പ്രവേശിപ്പിക്കുകയും ചെയ്തു.” … ശേഷം അദ്ദേഹം പറഞ്ഞു: “ഇപ്രകാരമാണ് നബി -ﷺ- വുദുവെടുക്കുന്നത് ഞാൻ കണ്ടത്.” (മുസ്ലിം: 246)
‘അദ്വുദ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുട്ടിനും തോളിനും ഇടയിലുള്ള ഭാഗമാണ്. വുദുവെടുക്കുമ്പോൾ ഈ ഭാഗം നബി -ﷺ- കഴുകിയിട്ടുണ്ടെങ്കിൽ അതിനർത്ഥം അവിടുന്ന് തന്റെ കൈമുട്ടുകൾ ഉറപ്പായും കഴുകിയിട്ടുണ്ടെന്നാണ്.
[1] الشافعي: الأم (1/40-41)، الطبري: تفسير الطبري (1/5)، الطحاوي: شرح معاني الآثار (1/33)، النووي: المجموع (1/383).
[2] الشافعي: الأم (1/40)، ابن حزم: مراتب الإجماع (ص 18)، النووي: المجموع (1/385).