വായിലും മൂക്കിലും വെള്ളം കയറ്റുന്നത് ഒരു കോരൽ കൊണ്ടാവുക എന്നതാണ് സുന്നത്തിനോട് യോജിക്കുന്നത്. അതിനാൽ അതാണ് കൂടുതൽ ശ്രേഷ്ഠമായ രൂപം.
ഒരു കോരൽ വെള്ളം എടുത്ത ശേഷം അത് വായിലേക്ക് പ്രവേശിപ്പിച്ച് കൊപ്ലിക്കുകയും, പിന്നീട് മൂക്കിൽ പ്രവേശിപ്പിക്കുകയും, വായിലെ വെള്ളം തുപ്പിക്കളയുകയും, മൂക്കിലെ വെള്ളം ചീറ്റിക്കളയുകയും ചെയ്യുക. ഇവ ചെയ്തു കഴിഞ്ഞതിന് ശേഷം രണ്ടാമത്തെ കോരി വെള്ളം എടുക്കുക. പിന്നീട് മേലെ പറഞ്ഞതെല്ലാം അതേ കോരൽ വെള്ളം കൊണ്ട് നിർവ്വഹിക്കുക.
ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. മാലികീ മദ്ഹബിലും ചിലർക്ക് ഈ വീക്ഷണമുണ്ട്. [1] ഇബ്നു തൈമിയ്യഃ, ഇബ്നുൽ ഖയ്യിം, ഇബ്നു ബാസ്, ഇബ്നു ഉഥൈമീൻ തുടങ്ങി അനേകം പണ്ഡിതന്മാർ ഈ അഭിപ്രായത്തെ ബലപ്പെടുത്തിയവരാണ്. [2]
عَنْ عَبْدِ اللَّهِ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُ -فِي وَصْفِ وُضُوءِ النَّبِيِّ -ﷺ-، وَفِيهِ-: «فَمَضْمَضَ، وَاسْتَنْشَقَ، وَاسْتَنْثَرَ ثَلَاثًا بِثَلَاثِ غَرَفَاتٍ مِنْ مَاءٍ»
വുദൂഅ് വിശദീകരിക്കുന്ന അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥിൽ നബി -ﷺ- യുടെ വുദൂഅ് വിവരിക്കവെ അദ്ദേഹം പറഞ്ഞു: “ശേഷം നബി -ﷺ- വായിൽ വെള്ളം കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും, അത് ചീറ്റിക്കളയുകയും ചെയ്തു. ഇതെല്ലാം മൂന്ന് തവണ, വെള്ളം മൂന്നു കോരലുകൾ എടുത്തു കൊണ്ടാണ് നബി -ﷺ- നിർവ്വഹിച്ചത്.” (ബുഖാരി: 192, മുസ്ലിം: 235) ചില നിവേദനങ്ങളിൽ ഇപ്രകാരം കൂടിയുണ്ട്: “നബി -ﷺ- വായിൽ വെള്ളം കൊപ്ലിച്ചതും മൂക്കിൽ വെള്ളം കയറ്റിയതും ഒരു കൈപ്പത്തി കൊണ്ടാണ്. (മുസ്ലിം: 235)
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറയുന്നു: “വായും മൂക്കും ഒരൊറ്റ കോരൽ കൊണ്ട് കഴുകലാണ് വേണ്ടത്. നബി -ﷺ- ചെയ്തതു പോലെ, മൂന്ന് തവണയും അത് ആവർത്തിക്കുക. എന്നാൽ വായ ഒരു കോരൽ കൊണ്ടും, മൂക്ക് മറ്റൊരു കോരൽ കൊണ്ടും കഴുകിയാൽ അതിൽ കുഴപ്പമില്ല. പക്ഷേ, അല്ലാഹുവിന്റെ റസൂൽ -ﷺ- ചെയ്തതു പോലെ ഒരു കോരൽ കൊണ്ട് രണ്ടും ചെയ്യലാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്.” (ഫതാവാ നൂറുൻ അലദ്ദർബ് / ശുവൈഇർ: 5/51)
[1] الشافعية: المجموع للنووي (1/358، 359)، نهاية المحتاج للرملي (1/188)
الحنابلة: المبدع لبرهان الدين ابن مفلح (1/87)، وينظر: المغني لابن قدامة (1/89).
المالكية -قول عندهم-: مواهب الجليل للحطاب (1/355).
[2] ابن تيمية: الفتاوى الكبرى لابن تيمية (5/303).
ابن القيم: زاد المعاد (1/185).
ابن باز: فتاوى نور على الدرب لابن باز بعناية الشويعر (5/51).
ابن عثيمين: الشرح الممتع (1/171).