ഇസ്ലാമിൽ തൗഹീദ് എന്ന വിഷയത്തിനുള്ള മഹത്വവും പ്രാധാന്യവും, തൗഹീദിന്റെ ഉദ്ദേശവും അർത്ഥവും, തൗഹീദിന്റെ ഇനങ്ങളും കഴിഞ്ഞ കുറിപ്പുകളിൽ പഠിക്കുകയുണ്ടായി. തന്റെ ജീവിതത്തിൽ തൗഹീദ് പുലർന്നു കാണണമെന്ന് ഉദ്ദേശിക്കുന്നവർ ഏറ്റവും പ്രാധാന്യമുള്ള ഈ വിഷയം ഗൗരവത്തോടെ പഠിക്കുകയും, അങ്ങേയറ്റം പ്രാധാന്യത്തോടെ പ്രാവർത്തികമാക്കുകയും വേണം.
അതായത്, ഓരോ മുസ്ലിമും പഠിക്കേണ്ട തൗഹീദും, പ്രവർത്തിക്കേണ്ട തൗഹീദുമുണ്ട്.
ഏതൊരു കാര്യവും പ്രവർത്തിക്കുന്നതിന് മുൻപ് അതിനെ കുറിച്ചുള്ള അറിവ് നേടുകയാണല്ലോ വേണ്ടത്? തൗഹീദിന്റെ കാര്യവും വ്യത്യസ്തമല്ല. തൗഹീദ് പഠിക്കുന്നതിന് ഏറ്റവും വലിയ ശ്രദ്ധ നൽകേണ്ടതുണ്ട്. നബി -ﷺ- യും സ്വഹാബത്തും ഈ വിഷയത്തിന് അങ്ങേയറ്റം മുൻഗണന നൽകിയവരായിരുന്നു.
പതിമൂന്ന് വർഷക്കാലം തൗഹീദിലേക്കും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത് കലിമയിലേക്കും നിരന്തരം ക്ഷണിക്കുകയും, അതിന്റെ പേരിൽ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും, മദീനയിലേക്ക് പാലായനം നടത്തുകയും ചെയ്ത ശേഷം വിശുദ്ധ ഖുർആനിൽ സൂറ. മുഹമ്മദിൽ അല്ലാഹു നബി -ﷺ- യോട് കല്പ്പിച്ചത് നോക്കൂ.
فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ
“അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ലെന്ന് (ലാ ഇലാഹ ഇല്ലല്ലാഹ്) താങ്കൾ അറിയുക.” (മുഹമ്മദ്: 19)
നോക്കൂ! തൗഹീദിന്റെ പേരിൽ നാടും കുടുംബവും വെടിഞ്ഞ ഒരു സമൂഹത്തോടാണ് -അവരുടെ നേതാവിനോടാണ്- നിങ്ങൾ ‘അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന് പഠിക്കണം’ എന്ന കൽപ്പന വരുന്നത്! എങ്കിൽ അവർക്ക് ശേഷമുള്ളവർ എത്ര മാത്രം തൗഹീദീ പഠനത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്ന് ചിന്തിച്ചു നോക്കൂ!
തൗഹീദിനെ കുറിച്ചുള്ള പഠനം നിലകൊള്ളുന്നത് രണ്ട് അടിസ്ഥാനങ്ങൾക്ക് മേലാണ്.
ഒന്ന്: തൗഹീദിന്റെ പൂർത്തീകരണത്തിന് ആവശ്യമായ പഠനം.
അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക എന്നത് ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. ദീനിലെ ഏറ്റവും വിശാലമായ വിഷയവും ഇത് തന്നെ. തൗഹീദ് എന്ന വിഷയത്തിന് കീഴിൽ -ഒരു നിലക്ക് നോക്കിയാൽ- ദീനിലെ എല്ലാ വിഷയങ്ങളും ഉൾപ്പെടും. കാരണം അല്ലാഹുവിന്റെ ഏകത്വം ഉൾക്കൊള്ളാത്തതായി ദീനിൽ ഒരു പ്രവർത്തനവുമില്ല. കാരണം ഇസ്ലാം ദീൻ മുഴുവൻ യഥാർത്ഥത്തിൽ തൗഹീദ് തന്നെയാണ്.
എന്നാൽ (1) ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത് കലിമ പഠിക്കുക, (2) അല്ലാഹുവിനെ അവന്റെ നാമഗുണവിശേഷണങ്ങളിലൂടെ അറിയുക, (3) അല്ലാഹുവിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും അവനുള്ള ആരാധനകൾ നിഷ്കളങ്കമാക്കുന്നതിനും വേണ്ട കാര്യങ്ങൾ പഠിക്കുക, (4) അല്ലാഹുവിനെ ഏകനാക്കേണ്ട ഇബാദതുകൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കുക; ഇവയെല്ലാം അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാകുന്നു. ഇവയോരോന്നും ഏറെ വിശദീകരിക്കേണ്ടതാണെങ്കിലും ഒരു ചുരുക്ക വിവരണം താഴെ പറയാം.
ഒന്നാമത്തെ കാര്യം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനമാണ്. ലാ ഇലാഹ ഇല്ലല്ലാഹ് ഒരാൾ പഠിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പോകുമെന്ന് നബി -ﷺ- ഉറപ്പു നൽകിയിട്ടുണ്ട്.
عَنْ عُثْمَانَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللهُ، دَخَلَ الْجَنَّةَ»
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെ കുറിച്ച് അറിഞ്ഞു കൊണ്ടാണ് ആരെങ്കിലും മരിക്കുന്നതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (മുസ്ലിം: 43)
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ അർത്ഥവും ആശയവും, അത് നിലകൊള്ളുന്ന അടിസ്ഥാന സ്തംഭങ്ങളും (റുക്നുകൾ), അല്ലാഹുവിങ്കൽ ഈ കലിമത് സ്വീകരിക്കപ്പെടാൻ വേണ്ട നിബന്ധനകളുമെല്ലാം (ശർത്വുകൾ) മനസ്സിലാക്കുന്നത് ലാ ഇലാഹ ഇല്ലല്ലാഹ് പഠിക്കുന്നതിൽ ഉൾപ്പെടും. അതോടൊപ്പം ഈ വാക്കിന്റെ ശ്രേഷ്ഠതകളും മഹത്വവും, ഇഹ-പരലോകങ്ങളിൽ അത് മൂലം ലഭിക്കുന്ന നേട്ടങ്ങളും ഒരാൾക്ക് പഠിക്കാം.
അല്ലാഹുവിനെ അവന്റെ നാമങ്ങളിലൂടെയും ഗുണവിശേഷണങ്ങളിലൂടെയും അറിയുക എന്നതാണ് രണ്ടാമത്തെ കാര്യം. അല്ലാഹു ആരാണെന്ന് അറിയാതെ അവനെ ഏകനാക്കാനോ, അവനെ ആരാധിക്കാനോ ഒരാൾക്കും സാധിക്കുകയില്ല. അവനെ കുറിച്ച് അറിയുക എന്നതാകട്ടെ, സ്വർഗപ്രവേശനം വാഗ്ദാനം ചെയ്യപ്പെട്ട മഹത്തായ കർമ്മവുമാണ്.
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹുവിന് 99 നാമങ്ങളുണ്ട്; നൂറിൽ നിന്ന് ഒന്ന് ഒഴികെ. അവ ആരെങ്കിലും ‘ഇഹ്സ്വാഅ്’ നടത്തിയാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു.” (ബുഖാരി: 2736, മുസ്ലിം: 2677)
ഹദീഥിൽ വന്ന ‘ഇഹ്സ്വാഅ്’ എന്ന പദം പഠനത്തിന്റെ മൂന്ന് ഘട്ടങ്ങളെ അറിയിക്കുന്നു.
ഒന്ന്: അല്ലാഹുവിന്റെ നാമങ്ങൾ മനപാഠമാക്കുക.
രണ്ട്: അവയുടെ ആശയം മനസ്സിലാക്കുക.
മൂന്ന്: ആ നാമങ്ങൾ മുഖേന അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും, അവയുടെ ആശയം ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക.
ഈ പറഞ്ഞതെല്ലാം ഗൗരവമുള്ള പഠനം ആവശ്യമായ തൗഹീദിന്റെ ഭാഗങ്ങളാണ്.
അല്ലാഹുവിന്റെ വിശേഷണങ്ങൾ മനസ്സിലാക്കുന്നതും തൗഹീദിൽ ഉൾപ്പെടും എന്ന് നാം പറഞ്ഞു. അവന്റെ വിശേഷഗുണങ്ങൾ അറിയുക എന്നത് പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിലെ കാരണങ്ങളിൽ ഒന്നായി അല്ലാഹു എണ്ണിയിട്ടുണ്ട്.
اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾
“അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില് നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്. അവയ്ക്കിടയില് (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള് അറിയുന്നതിന് വേണ്ടി.” (ത്വലാഖ്: 12)
അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും, അവൻ എല്ലാം അറിയുന്നവനാണെന്നും നിങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ആകാശഭൂമികളെ മുഴുവൻ അല്ലാഹു സൃഷ്ടിച്ചതെന്ന് ഈ ആയത്തിൽ അവൻ നമ്മെ അറിയിക്കുന്നു. ഇതു പോലെ അവന്റെ കാരുണ്യത്തിന്റെയും, മഹത്വത്തിന്റെയും, പ്രതാപത്തിന്റെയും വിശേഷണങ്ങൾ പഠിച്ചു മനസ്സിലാക്കണം. പ്രസ്തുത പഠനം തൗഹീദിന്റെ ഭാഗമാണെന്നതിൽ സംശയമില്ല.
അല്ലാഹുവിനെ കുറിച്ച് ഓരോ മുസ്ലിമും നേടുന്ന ഈ അറിവാണ് അവനെ യഥാരൂപത്തിൽ ഭയപ്പെടാനും, രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കാനുമുള്ള യഥാർത്ഥ പ്രേരണ.
عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللَّهِ -ﷺ- إِذَا أَمَرَهُمْ، أَمَرَهُمْ مِنَ الأَعْمَالِ بِمَا يُطِيقُونَ، قَالُوا: إِنَّا لَسْنَا كَهَيْئَتِكَ يَا رَسُولَ اللَّهِ، إِنَّ اللَّهَ قَدْ غَفَرَ لَكَ مَا تَقَدَّمَ مِنْ ذَنْبِكَ وَمَا تَأَخَّرَ، فَيَغْضَبُ حَتَّى يُعْرَفَ الغَضَبُ فِي وَجْهِهِ، ثُمَّ يَقُولُ: «إِنَّ أَتْقَاكُمْ وَأَعْلَمَكُمْ بِاللَّهِ أَنَا»
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- സ്വഹാബികളോട് കൽപ്പിക്കുകയാണെങ്കിൽ അവർക്ക് സാധ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളേ കൽപ്പിക്കാറുണ്ടായിരുന്നുള്ളൂ. അപ്പോൾ (ചിലർ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ! ഞങ്ങൾ അങ്ങയെ പോലെയല്ല. അല്ലാഹു താങ്കളുടെ കഴിഞ്ഞു പോയ തെറ്റുകളും, വരാനിരിക്കുന്ന തെറ്റുകളും പൊറുത്തു നൽകിയിരിക്കുന്നു. (ഇത് കേട്ടാൽ) നബി -ﷺ- ശക്തമായി -അവിടുത്തെ മുഖത്ത് ദേഷ്യം പ്രകടമാകുന്ന തരത്തിൽ- കോപിക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും: “നിങ്ങളിൽ അല്ലാഹുവിനെ ഏറ്റവും സൂക്ഷിക്കുന്നതും, അവനെ കുറിച്ച് ഏറ്റവും അറിവുള്ളതും എനിക്കാണ്.” (ബുഖാരി: 20)
നബി -ﷺ- ഈ ഹദീഥിൽ അല്ലാഹുവിനെ സൂക്ഷിക്കുന്നതും അവനെ കുറിച്ചുള്ള അറിവും ഒരുമിച്ചു പറഞ്ഞതു നോക്കൂ. അവ രണ്ടും പരസ്പരപൂരകങ്ങളാണ് എന്ന വ്യക്തമായ സൂചന അതിലുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള ഒരാളുടെ അറിവും ബോധ്യവും വർദ്ധിക്കുന്നതിന് അനുസരിച്ച് അല്ലാഹുവിനോടുള്ള അവന്റെ ഭയഭക്തിയും സൂക്ഷ്മതയും വർദ്ധിക്കുന്നതാണ്.
ഈമാനും ഇഖ്ലാസും വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ പഠിക്കുക എന്നതാണ് മൂന്നാമത്തെ വിഷയം. അല്ലാഹുവിനുള്ള ആരാധന നിഷ്കളങ്കമായി തീരുവാൻ സഹായിക്കുന്ന അനേകം അറിവുകൾ നബി -ﷺ- പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ലാഹു എന്നെ കാണുന്നുണ്ടെന്നും, അവൻ എന്നെ സദാസമയവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നുമുള്ള ചിന്ത അതിൽ പെട്ടതാണ്. ഇതു പോലെ, ഈമാൻ വർദ്ധിക്കാൻ സഹായിക്കുന്ന അനേകം വഴികളുമുണ്ട്. ഖുർആൻ പാരായണവും, അല്ലാഹുവിന്റെ പ്രപഞ്ചത്തിൽ അവൻ ഒരുക്കി വെച്ചിട്ടുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുക എന്നതുമെല്ലാം അവയിൽ ചിലതാണ്.
അല്ലാഹുവിന് ചെയ്യേണ്ട ഇബാദതുകളെ കുറിച്ചുള്ള പഠനമാണ് നാലാമത് പറഞ്ഞത്. ഇബാദതുകൾ വ്യത്യസ്ത രൂപങ്ങളിലുണ്ട്. അവയെ കുറിച്ചെല്ലാം സാമാന്യധാരണ ഓരോ മുസ്ലിമിനും ഉണ്ടായിരിക്കണം. കാരണം ഒരു കാര്യം ഇബാദതാണ് എന്ന വിവരം ഒരാൾക്കില്ലെങ്കിൽ അവൻ -ബോധപൂർവ്വമല്ലെങ്കിലും- അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഒരു കാര്യം അവനല്ലാത്തവർക്ക് സമർപ്പിക്കാൻ കാരണമായേക്കാം. ഹൃദയം കൊണ്ടുള്ള ഇബാദതുകളും, ശരീരാവയവങ്ങൾ കൊണ്ടുള്ള ആരാധനകളുമുണ്ട്.
അല്ലാഹുവിനെ മാത്രം അങ്ങേയറ്റം ഭയക്കലും, അവനിൽ മാത്രം അങ്ങേയറ്റത്തെ പ്രതീക്ഷ വെക്കലും, മഹബ്ബഃ (അല്ലാഹുവിനെ ഏറ്റവുമധികം സ്നേഹിക്കൽ), തവക്കുൽ (അല്ലാഹുവിനെ മാത്രം ഭരമേൽപ്പിക്കൽ), തൗബ (അല്ലാഹുവിനോട് പൊറുക്കലിനെ ചോദിക്കൽ) എന്നിവയുമെല്ലാം ഹൃദയത്തിലെ ഇബാദതുകൾക്ക് ഉദാഹരണം.
അതോടൊപ്പം പ്രാർത്ഥന (ദുആ), ഇസ്തിഗാഥ (സഹായതേട്ടം), ബലികർമ്മം, നേർച്ച പോലെ ബാഹ്യമായ ഇബാദതുകളെ കുറിച്ചും പഠിക്കണം. ഇവയെല്ലാം അല്ലാഹുവിന് മാത്രം സമർപ്പിക്കേണ്ടവയാണ്. ഇതിൽ പലതും -അറിവില്ലാതെ- ജനങ്ങളിൽ പലരും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുകയും, അങ്ങനെ ശിർകിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു എന്ന് കൂടി മനസ്സിലാക്കുമ്പോൾ ഇത്തരം വിഷയങ്ങളെ കുറിച്ച് പഠിക്കുക എന്നതിന്റെ പ്രാധാന്യം എത്ര മാത്രമാണെന്ന് ബോധ്യപ്പെടും.
രണ്ട്: തൗഹീദിന് വിരുദ്ധമാകുന്ന കാര്യങ്ങളെ കുറിച്ചുള്ള പഠനം.
തൗഹീദിനെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗം തന്നെയാണ് തൗഹീദിന് വിരുദ്ധമാകുന്ന കാര്യങ്ങളെ കുറിച്ചുള്ള പഠനവും. തൗഹീദാകുന്ന നന്മയുടെ വിരുദ്ധദിശയിൽ നിൽക്കുന്ന ശിർകെന്ന തിന്മയെ കുറിച്ച് അറിഞ്ഞില്ലെങ്കിൽ അതിൽ വീണുപോകാൻ വളരെ സാധ്യതയുണ്ട്. ശിർകിനെ കുറിച്ചും, എപ്പോഴാണ് ശിർക് സംഭവിക്കുക എന്നും, ശിർകിലേക്ക് നയിക്കുന്ന വഴികൾ ഏതെല്ലാമാണെന്നും പഠിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടും.
ശിർകിനെ കുറിച്ചുള്ള പഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാൻ വിശുദ്ധ ഖുർആനിന്റെ പൊതുരീതി പരിശോധിച്ചാൽ മതിയാകും. എത്രയോ ആയത്തുകളിൽ എന്താണ് ശിർക് എന്ന് അല്ലാഹു വിശദീകരിച്ചിരിക്കുന്നു. ശിർകിന്റെ അപകടങ്ങളും, ശിർക് ചെയ്തവരുടെ ന്യായവാദങ്ങൾക്കുള്ള മറുപടികളും, വ്യത്യസ്ത കാലഘട്ടങ്ങളിലെ മുശ്രിക്കുകളുടെ ചരിത്രവും, അവർക്ക് ലഭിക്കാനിരിക്കുന്ന നരകശിക്ഷയെ കുറിച്ചുമെല്ലാം അല്ലാഹു ഖുർആനിൽ പലയിടത്തായി വിശദീകരിച്ചത് കാണാം. മറ്റൊരു തിന്മയെ കുറിച്ചും -വ്യഭിചാരത്തെയോ മോഷണത്തെയോ കൊലപാതകത്തെയോ കുറിച്ചൊന്നും തന്നെ- ഈ രൂപത്തിൽ അല്ലാഹു ഖുർആനിൽ വിശദീകരിച്ചതായി കാണാൻ കഴിയില്ല.
എന്താണ് ശിർക് എന്ന് ആദ്യം പഠിക്കേണ്ടതുണ്ട്. ശിർകിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങളും വിശ്വാസങ്ങളും, ശിർകിന്റെ വകഭേദങ്ങളായ ലോകമാന്യവും (രിയാഅ്) പ്രശസ്തിയോടുള്ള ആഗ്രഹവും അതിലേക്ക് എത്തിക്കുന്ന വഴികളും മനസ്സിലാക്കേണ്ടതുണ്ട്. വാക്കിലും പ്രവൃത്തിയിലും സംഭവിക്കുന്ന ശിർകിന്റെ രൂപങ്ങളും അറിയണം. നബി -ﷺ- യുടെ കാലത്തും, അവിടുത്തേക്ക് മുൻപും മുശ്രിക്കുകൾ പറഞ്ഞിരുന്ന ന്യായവാദങ്ങളും അവർക്ക് അല്ലാഹുവിനെ കുറിച്ചുണ്ടായിരുന്ന വിശ്വാസവും പഠിക്കേണ്ടതുണ്ട്. ശിർകിനോട് ചേർന്നു നിൽക്കുന്ന വിഷയങ്ങളായ കുഫ്റും, അതിന്റെ ഇനങ്ങളും, നിഫാഖും (കപടവിശ്വാസം), നിഷേധവും (ഇൽഹാദും) ബന്ധമുള്ള മറ്റു ചില വിഷയങ്ങളാണ്.
قَالَ عُمَرُ بْنُ الخَطَّابِ: إِنَّمَا تُنْقَضُ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ.
ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ജാഹിലിയ്യത് (ഇസ്ലാമിന് മുൻപുള്ള പിഴച്ച കാലഘട്ടം) എന്താണെന്ന് അറിയാത്ത ഒരു സമൂഹം വളർന്നു വന്നാലാണ് ഇസ്ലാമിന്റെ കണ്ണികൾ ഓരോന്നോരോന്നായി അഴിഞ്ഞു പോവുക.”
എത്രയോ പേർ വ്യഭിചാരവും കൊലപാതകവും മോഷണവുമെല്ലാം വൻപാപങ്ങളായി മനസ്സിലാക്കുകയും, അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു; എന്നാൽ ശിർകിനെ കുറിച്ചുള്ള അറിവില്ലായ്മ കാരണത്താൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന പല പ്രവർത്തനങ്ങളും -ദീനിൽ പെട്ടതാണെന്ന ധാരണയിൽ- വളരെ താൽപര്യത്തോടെയും ആഗ്രഹത്തോടെയും ചെയ്യുന്നത് കാണാം. അവർക്ക് സംഭവിച്ചിരിക്കുന്ന ഗുരുതരമായ പിഴവിന്റെ കാരണമാണ് ഉമർ -رَضِيَ اللَّهُ عَنْهُ- വിന്റെ വാക്കിൽ നാം കണ്ടത്.
തൗഹീദ് പഠിക്കുക എന്നത് എത്ര മാത്രം വിശാലമായ വിശയമാണെന്ന് ബോധ്യപ്പെടുന്നതിനും, അത് പഠിക്കുന്നതിനായി തയ്യാറെടുപ്പോടെയും അതിയായ താല്പര്യത്തോടെയും മുഅ്മിനീങ്ങൾ ഒരുങ്ങുന്നതിനും വേണ്ടിയാണ് ഇത്രയും പറഞ്ഞത്. ഇവിടെ പരാമർശിക്കപ്പെട്ട ഓരോ വിഷയങ്ങളും പഠിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ. (ആമീൻ).