മൂന്ന് സുപ്രധാനമായ അടിസ്ഥാനങ്ങളിൽ അല്ലാഹുവിനെ ഏകനാക്കലാണ് തൗഹീദ്.

ഒന്ന്: സർവ്വ ലോകങ്ങളെയും സൃഷ്ടിച്ചതും അവയെ നിയന്ത്രിക്കുന്നവനും അവയുടെയെല്ലാം ഉടമസ്ഥനും അല്ലാഹു മാത്രമാണ് എന്ന് അംഗീകരിക്കുക. ഒന്നിനെയും സൃഷ്ടിക്കുന്നതിലോ നിയന്ത്രിക്കുന്നതിലോ അല്ലാഹുവിന് പങ്കാളികളോ സഹായികളോ ഇല്ല. അവന്റെ അധികാരത്തിൽ യാതൊരാൾക്കും ഒരു അവകാശവുമില്ല.

രണ്ട്: സർവ്വ ഇബാദതുകൾ അവന് മാത്രം സമർപ്പിക്കുക. നിസ്കാരം, സകാത്, നോമ്പ് ഹജ്ജ് എന്നിങ്ങനെയുള്ള ഇബാദതുകൾ അല്ലാഹുവിന് മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ എന്നത് പോലെ, പ്രാർത്ഥന, നേർച്ച, സഹായതേട്ടം എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും അല്ലാഹുവിന് മാത്രമേ നൽകാൻ പാടുള്ളൂ.

മൂന്ന്: അല്ലാഹുവിന്റെ അതിമഹത്തരമായ നാമങ്ങളിലും പരിപൂർണ്ണമായ വിശേഷണങ്ങളിലും അവൻ ഏകനാണെന്ന് വിശ്വസിക്കുക. അവൻ്റേത് പോലെ ഏറ്റവും മനോഹരവും, പരിപൂർണ്ണമായ വിശേഷണങ്ങളും ഉൾക്കൊള്ളുന്ന നാമങ്ങൾ ഒരാൾക്കുമില്ല. അവന്റെ വിശേഷണങ്ങൾക്ക് തുല്ല്യമോ സദൃശ്യമുള്ളതോ ആയ മറ്റൊന്നും തന്നെയില്ല.

ഈ മൂന്ന് ഏകത്വങ്ങൾ അംഗീകരിക്കലാണ് തൗഹീദ്. നമ്മുടെ ദീനായ ഇസ്‌ലാമിൽ തൗഹീദിന്റെ പ്രാധാന്യവും അതിനുള്ള ശ്രേഷ്ഠതയും ഗൗരവവും ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഖുർആനിലും സുന്നത്തിലും അനേകമുണ്ട്. അവ പരിശോധിക്കുന്ന ഏതൊരാൾക്കും ഇസ്‌ലാമിൽ തൗഹീദിനോളം പ്രധാനപ്പെട്ട മറ്റൊരു വിഷയവുമില്ല എന്ന് സംശയലേശമന്യേ ബോധ്യപ്പെടും. തൗഹീദിന്റെ ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്ന ചില തെളിവുകൾ ഇനി വായിക്കാം.

തൗഹീദ് അല്ലാഹുവിന്റെ അവകാശം

അല്ലാഹുവാണ് നാമേവരെയും സൃഷ്ടിച്ചത്. അവനാണ് നമുക്ക് ഉപജീവനം നൽകുകയും, സർവ്വ അനുഗ്രഹങ്ങളും നമ്മുടെ മേൽ വർഷിക്കുകയും ചെയ്തവൻ. അവന്റെ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും വിശാലതയിൽ അകപ്പെടാത്ത ഒന്നും നമ്മുടെ സ്വന്തം ശരീരങ്ങളിലോ ചുറ്റുപാടുകളിലോ ഇല്ല. അവനോടുള്ള നമ്മുടെ ബാധ്യതയേക്കാൾ മഹത്തരവും ഗൗരവമേറിയതുമായ മറ്റൊരു ബാധ്യതയും ആരോടും നമുക്കില്ല തന്നെ.

എന്താണ് അല്ലാഹുവിനോടുള്ള നമ്മുടെ ഏറ്റവും വലിയ ബാധ്യത? സംശയമില്ല, അവനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്ന തൗഹീദാണ് ഏറ്റവും വലിയ കടമയും ബാധ്യതയും. അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശമാണത്.

عَنْ مُعَاذٍ، قَالَ: كُنْتُ رِدْفَ النَّبِيِّ -ﷺ- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا»

മുആദു ബ്നു ജബല്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഉഫൈര്‍ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് നബി-ﷺ-യുടെ സഹയാത്രികനായിരുന്നു ഞാൻ. അവിടുന്ന് എന്നോട് ചോദിച്ചു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്നും, അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശം എന്താണെന്നും നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.”

അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവനെ മാത്രം അവര്‍ ആരാധിക്കുകയും, അവനില്‍ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശമാകട്ടെ, അവനിൽ ഒന്നിനെയും പങ്കുചേർക്കാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ്.” (ബുഖാരി: 128, മുസ്‌ലിം: 30)

മഹത്തരമായ ഈ ഹദീഥിൽ സുപ്രധാനമായ രണ്ട് കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നു.

ഒന്ന്: അല്ലാഹുവിന് അവന്റെ അടിമകൾക്ക് മേലുള്ള അവകാശം.

അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനുള്ള ആരാധനയിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുക എന്ന കടമയേക്കാൾ വലിയ മറ്റൊരു കാര്യവുമില്ല. ഏറ്റവും വലിയ അവകാശം ഇതാകുന്നു. അതിനേക്കാൾ വലിയ ഒരു അവകാശവും ഒരാൾക്കും മറ്റൊരാളുടെയും മേലില്ല. ജന്മം നൽകിയ മാതാപിതാക്കൾക്കോ, വിജ്ഞാനം പകർന്നു നൽകിയ അധ്യാപകർക്കോ പോലുമില്ല. അവരോടുള്ള കടപ്പാടുകളും ബാധ്യതകളും ആകാശം മുട്ടെ ഉയർന്നതാണെങ്കിലും അല്ലാഹുവിനോടുള്ള ബാധ്യതയോളം അതൊന്നും എത്തുകയില്ല.

ഈ മഹത്തരമായ ബാധ്യതക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കൽപ്പിക്കുന്നത് മാതാപിതാക്കളാണെങ്കിൽ പോലും അവരെ അനുസരിക്കരുതെന്നാണ് അല്ലാഹു അറിയിച്ചത്:

وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ

“നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കണമെന്ന് അവര്‍ ഇരുവരും (മാതാപിതാക്കൾ) നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ അനുസരിക്കരുത്‌.” (ലുഖ്മാൻ: 15)

മാതാപിതാക്കൾ കൽപ്പിച്ചാൽ പോലും അല്ലാഹുവിൽ പങ്കുചേർക്കുക എന്ന -തൗഹീദിന് വിരുദ്ധമായ- പ്രവൃത്തി ഒരു മുസ്‌ലിമിൽ നിന്നുണ്ടാകരുത്. എന്തിനധികം! അല്ലാഹുവിനോടുള്ള ഈ ബാധ്യതയുടെ കാര്യത്തിൽ സ്വന്തം ശരീരം പോലും അവന്റെ കണ്ണിൽ നിസ്സാരമായിരിക്കണം. താൻ ക്രൂരമായി വേദനിപ്പിക്കപ്പെടും എന്ന് ബോധ്യപ്പെട്ടാൽ പോലും അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഈ കടമ ഹൃദയം കൊണ്ട് ധിക്കരിക്കാൻ അനുവാദമില്ല.

عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …»

അബുദ്ദര്‍ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് നല്‍കി: ‘നീ അല്ലാഹുവില്‍ ഒരിക്കലും പങ്കു ചേര്‍ക്കരുത്; നിന്റെ (ശരീരം) കഷ്ണങ്ങളാക്കപ്പെട്ടാലും, നിന്നെ കത്തിച്ചു കളഞ്ഞാലും.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ഹദീഥിൽ പരാമർശിക്കപ്പെട്ട രണ്ടാമത്തെ വിഷയം: അടിമകൾക്ക് അല്ലാഹുവിൽ നിന്നുള്ള അവകാശമാണ്.

അല്ലാഹു അവന്റെ ദാസന്മാർക്ക് കനിഞ്ഞരുളിയ ഔദാര്യമാണ് ‘അല്ലാഹുവിൽ നിന്ന് അടിമകൾക്കുള്ള അവകാശം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അല്ലാഹുവിന്റെ മേൽ അടിമകൾക്ക് സ്വയം യാതൊരു അവകാശവുമില്ല. അവന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനോ, അല്ലാഹുവിന്റെ കൽപ്പനകൾക്ക് എതിരു നിൽക്കാനോ മനുഷ്യന് സാധിക്കുകയേ ഇല്ല. അവന്റെ അനുമതിയില്ലാതെ മറ്റൊരാൾക്ക് വേണ്ടി ശുപാർശ നടത്താൻ പോലും ഒരാൾക്കും കഴിയില്ല; അത് അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട റസൂലോ, അവനോട് ഏറ്റവും സാമീപ്യമുള്ള മലക്കോ ആണെങ്കിൽ പോലും.

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്തവർക്ക് അല്ലാഹു നൽകിയ അവകാശമെന്താണ്?! അവരെ അവൻ ശിക്ഷിക്കുകയില്ലെന്നതാണ് ആ മഹത്തരമായ അവകാശം. തൗഹീദുള്ളവർ ഒരിക്കലും നരകത്തിൽ ശാശ്വതരാവുകയില്ല. തൗഹീദിന് വിരുദ്ധമായ ശിർകും കുഫ്റും ഒഴിച്ചു നിർത്തിയാൽ, അതിൽ താഴെയുള്ള തിന്മകൾ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവ പൊറുത്തു നൽകും. അല്ലെങ്കിൽ ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ നരകത്തിൽ ശിക്ഷിക്കുകയും, അതിന് ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

ഇത്രയും പറഞ്ഞതിൽ നിന്ന് തൗഹീദിന്റെ മഹത്വവും, അതിനുള്ള പ്രതിഫലത്തിന്റെ വിശാലതയും ബോധ്യപ്പെടും. അതോടൊപ്പം തൗഹീദിന് വിരുദ്ധമായ ശിർകിന്റെ ഗൗരവവും, അതിനുള്ള ശിക്ഷയുടെ കാഠിന്യവും കൂടി മനസ്സിലാക്കാൻ കഴിയും. തൗഹീദുള്ളവർ നരകത്തിൽ ശാശ്വതരാവില്ല എന്നതിൽ നിന്ന് തൗഹീദില്ലാത്തവർ -ശിർക് ചെയ്തവർ- നരകത്തിൽ ശാശ്വതരായിരിക്കും എന്ന് മനസ്സിലാക്കാമല്ലോ?!

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ

“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.” (മാഇദ: 72)

അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുന്നവരും, തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്നവരുമാക്കി അല്ലാഹു നമ്മെ ജീവിപ്പിക്കുകയും, അതിൽ തന്നെ നമ്മെ മരിപ്പിക്കുകയും ചെയ്യട്ടെ. (ആമീൻ).

തൗഹീദും ഈമാനും

ഈമാനുണ്ടായിരിക്കണം എന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള ഒന്നാമത്തെ നിബന്ധനയാണ്. കടുകുമണിയോളം ഈമാൻ ഒരാളുടെ ഹൃദയത്തിലുണ്ടെങ്കിൽ അയാൾ നരകത്തിൽ ശാശ്വതനാവില്ല എന്ന് നബി -ﷺ- അറിയിച്ചിട്ടുമുണ്ട്.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا يَدْخُلُ النَّارَ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيمَانٍ»

നബി -ﷺ- പറഞ്ഞു: “ഹൃദയത്തിൽ ഒരു കടുകു മണിയോളം ഈമാനുള്ളവൻ നരകത്തിൽ (ശാശ്വതനായി) പ്രവേശിക്കുകയില്ല.” (ഇബ്‌നു മാജ: 4173, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ഈമാനിന്റെ ആദ്യത്തെ ഭാഗവും ഏറ്റവും സുപ്രധാനമായ അടിസ്ഥാനവും അല്ലാഹുവിലുള്ള വിശ്വാസവും, അവന്റെ ഏകത്വം അംഗീകരിക്കലുമാണ്. അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ ഈമാൻ നിലനിൽക്കുകയേ ഇല്ല. ആറ് ഈമാൻ കാര്യങ്ങൾ എണ്ണിപ്പറയുന്ന, ജിബ്രീലിന്റെ ഹദീഥ് എന്ന പേരിൽ പ്രസിദ്ധമായ, നബി -ﷺ- യുടെ സുദീർഘമായ ഹദീഥുകളിലൊന്നിൽ അവിടുന്ന് പറഞ്ഞു:

«الإِيمَانُ أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ»

“ഈമാൻ എന്നാൽ നീ അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ റസൂലുകളിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അവന്റെ വിധിനിർണ്ണയത്തിലും, അതിന്റെ നന്മയിലും തിന്മയിലും വിശ്വസിക്കലാണ്.” (മുസ്‌ലിം: 1)

ഈ ഹദീഥിൽ നബി -ﷺ- ഈമാനിന്റെ ആദ്യത്തെ അടിസ്ഥാനമായി എണ്ണിയത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അതിന് ശേഷം അവിടുന്ന് പറഞ്ഞ ഓരോ കാര്യവും അല്ലാഹുവിലുള്ള വിശ്വാസവുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന കാര്യങ്ങളുമാണ്. മലക്കുകളിലും നബിമാരിലും വേദഗ്രന്ഥങ്ങളിലും പരലോകത്തിലും വിധിനിർണ്ണയത്തിലുമുള്ള വിശ്വാസം അല്ലാഹുവിലുള്ള വിശ്വാസമില്ലാതെ നിലനിൽക്കുകയില്ല.

“ഈമാനിന്റെ അടിസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിലുള്ള വിശ്വാസമാണ്. അവയിൽ ഏറ്റവും ഗൗരവമുള്ളതും, ഏറ്റവും ഉന്നതമായ സ്ഥാനമുള്ളതും അതിന് തന്നെ. അല്ല! ഈമാൻ കാര്യങ്ങളെല്ലാം നിലകൊള്ളുന്നത് അതിന് മേലാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിൽ നിന്നാണ് ബാക്കിയുള്ള വിശ്വാസകാര്യങ്ങളെല്ലാം ഉടലെടുക്കുന്നതും, അതിലേക്കാണ് അവയെല്ലാം മടങ്ങിച്ചെല്ലുന്നതും.” (ഉസ്വൂലുൽ ഈമാൻ: 9)

ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖ അല്ലാഹുവിനെ ഏകനാക്കലാണ്. ദീൻ എന്നത് ഒരു വൃക്ഷമാണെങ്കിൽ അതിന്റെ ഏറ്റവും ഉയരമുള്ള ശാഖ തൗഹീദാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «الْإِيمَانُ بِضْعٌ وَسَبْعُونَ -أَوْ بِضْعٌ وَسِتُّونَ- شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إِمَاطَةُ الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ»

നബി -ﷺ- പറഞ്ഞു: “ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായുള്ളത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കാണ്. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കംചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖകളിൽ ഒന്നാണ്.” (മുസ്‌ലിം: 58)

അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, അവന് പുറമെയുള്ള ആരാധ്യവസ്തുക്കളെ അകറ്റിനിർത്തണമെന്നും പഠിപ്പിക്കുന്ന ശഹാദത് കലിമയിലെ ആദ്യഭാഗം ഈമാനിന്റെ ഏറ്റവും ഉന്നതമായ ശാഖയാണെന്നാണ് നബി -ﷺ- അറിയിച്ചത്. വഴിയിൽ നിന്ന് ഉപദ്രവം എടുത്തു നീക്കുക എന്നതാകട്ടെ, ഈമാനിന്റെ ഏറ്റവും ചെറിയ ശാഖയും. വഴിയിലെ ഉപദ്രവം നീക്കുന്നത് മനുഷ്യരുടെ ജീവൻ വരെ രക്ഷപ്പെടാൻ കാരണമായേക്കാവുന്ന ഒരു മഹത്തായ പ്രവൃത്തിയാണ് എന്നിരിക്കെ, അതിനേക്കാൾ എത്രയോ ഉയരത്തിൽ നിലകൊള്ളുന്ന തൗഹീദിന്റെ ശാഖയുടെ പ്രാധാന്യം എത്ര വലുതായിരിക്കും?!

തൗഹീദും ഇസ്‌ലാമും

അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിലേക്ക് പ്രവേശിക്കാൻ ഒരേയൊരു വഴി മാത്രമാണ് മുന്നിലുള്ളത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യവും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണെന്ന് പ്രഖ്യാപിക്കുന്ന ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന വാക്യവും സാക്ഷ്യം വഹിക്കുക. ഈ ദീനിലേക്ക് ഒരാളുടെ പ്രവേശനം തീരുമാനിക്കുന്ന ഒന്നാമത്തെ കാര്യം തൗഹീദാണെന്ന് ചുരുക്കം.

ഇസ്‌ലാം ദീനിന്റെ അഞ്ച് സ്തംഭങ്ങൾ പഠിപ്പിച്ചപ്പോൾ നബി -ﷺ- ആദ്യം എണ്ണിയത് തൗഹീദാണ്. ഒരു മുസ്‌ലിമിന്റെ ഹൃദയത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലുമെല്ലാം ഒന്നാം സ്ഥാനം അലങ്കരിക്കേണ്ടത് തൗഹീദാണ് എന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

عَنِ ابْنِ عُمَرَ عَنِ النَّبِيِّ -ﷺ- قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇസ്‌ലാം അഞ്ചു കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കപ്പെടുക (തൗഹീദ്), നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ്.” (മുസ്‌ലിം: 16)

ഇസ്‌ലാമിലെ ഏറ്റവും മഹത്തരമായ നാല് ഇബാദതുകൾ ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. ഈ അഞ്ച് ആരാധനാകർമ്മങ്ങളുടെയും പ്രാധാന്യം അറിയാത്ത ഒരു മുസ്‌ലിമും ഉണ്ടായിരിക്കുകയില്ല. അഞ്ചു നേരത്തെ നിസ്കാരം ഒരാൾ ഉപേക്ഷിച്ചാൽ അയാൾ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകും എന്ന് സ്വഹാബികൾ മനസ്സിലാക്കിയിരുന്നു. നബി -ﷺ- യുടെ വഫാതിന് ശേഷം സകാത് നൽകാതിരുന്നവരോട് അബൂബക്‌ർ അസ്സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- യുദ്ധം ചെയ്തിട്ടുണ്ട്. റമദാനിലെ നോമ്പ് ഉപേക്ഷിക്കുക എന്നത് ഒരു മുസ്‌ലിമിന് ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല. ഇസ്‌ലാമിന്റെ നാടായ മക്കയിലേക്ക് ഒരിക്കലെങ്കിലും ഹജ്ജിനായി പുറപ്പെടാൻ കഴിയുന്നത് സ്വപ്‌നമായി മനസ്സിൽ സൂക്ഷിക്കാത്തവരും ഉണ്ടാകില്ല.

ചിന്തിച്ചു നോക്കൂ! ഈ മഹത്തരമായ ഇബാദതുകളെല്ലാം പറയുന്നതിന് മുൻപ് -ആദ്യമായി- നബി -ﷺ- എണ്ണിയത് തൗഹീദാണ്. ഈ പറയപ്പെട്ട ഇബാദതുകളെല്ലാം അങ്ങേയറ്റം പ്രാധാന്യത്തോടെ ശ്രദ്ധിക്കുകയും ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുന്ന ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ തൗഹീദിന് എത്ര വലിയ സ്ഥാനവും പദവിയും ഉണ്ടായിരിക്കണം!

ഒരാൾ നിസ്കാരം ഒഴിവാക്കിയാൽ, സകാത്ത് നൽകാതിരുന്നാൽ, റമദാനിൽ നോമ്പ് ഉപേക്ഷിച്ചാൽ, ഹജ്ജിനെ നിസ്സാരവൽക്കരിച്ചാൽ നമ്മുടെ ഹൃദയത്തിൽ എന്തു വലിയ ഞെ-ട്ടലും പ്രയാസവുമുണ്ടായിരിക്കും. അപ്പോൾ തൗഹീദിന്റെ കാര്യം എത്രമാത്രം ഗൗരവമുള്ളതായിരിക്കും?! അതില്‍ ഒരാള്‍ അറിവില്ലായ്മ പുലര്‍ത്തുകയോ, അബദ്ധം വരുത്തുകയോ ചെയ്‌താല്‍ എന്തു മാത്രം ഗുരുതരമായിരിക്കും അവന്റെ സ്ഥിതി?!

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാസ് -حَفِظَهُ اللَّهُ- പറഞ്ഞു: “ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സ്തംഭങ്ങൾക്ക് മേലാണ്. അവയിൽ ഒന്നാമത്തെ കാര്യം രണ്ട് ശഹാദതുകളാണ്. ദീനിന്റെ എല്ലാ അടിസ്ഥാനങ്ങളുടെയും മൂലക്കല്ല് ഈ രണ്ട് വാക്യങ്ങളാണ്. ഇസ്‌ലാമിലെ മറ്റെല്ലാ കാര്യങ്ങളും അവയുടെ ബാക്കിപത്രം മാത്രമാണ്. ഇസ്‌ലാമിലെ ബാക്കിയെല്ലാ സ്തംഭങ്ങളും മറ്റു പ്രവർത്തനങ്ങളും പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ അവയെല്ലാം ഈ രണ്ട് ശഹാദത് കലിമക്ക് മേൽ പടുത്തുയർത്തപ്പെട്ടതായിരിക്കണം.” (ശർഹുൽ അർബഈൻ: 30)

ഒരാള്‍ രാവും പകലും നിസ്കരിക്കുകയും, ഭൂമി നിറയെ സ്വര്‍ണ്ണവും വെള്ളിയും ദാനമായി നല്‍കുകയും, നിത്യവും നോമ്പ് അനുഷ്ഠിക്കുകയും, എല്ലാ വര്‍ഷവും ഹജ്ജ് നിര്‍വ്വഹിക്കുകയും ചെയ്തുവെന്ന്‌ കരുതുക; എന്നാല്‍ ഇതെല്ലാമുണ്ടെങ്കിലും തൗഹീദിന്റെ വിഷയത്തിൽ  അയാള്‍ വീഴ്ച്ച വരുത്തിയാല്‍ ഈ പറഞ്ഞ ആരാധനകളെല്ലാം വൃഥാവിലാണ്. ഒരു മൺതരിയുടെ വില പോലും അല്ലാഹുവിങ്കല്‍ ആ പ്രവർത്തനങ്ങൾക്കില്ല.

അല്ലാഹു നമ്മെ തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്ന മുസ്‌ലിംകളിൽ ഉൾപ്പെടുത്തട്ടെ. (ആമീൻ)

തൗഹീദും സൃഷ്ടിപ്പിന്റെ ലക്ഷ്യവും

അല്ലാഹു മനുഷ്യരെയും ജിന്നുകളെയുമെല്ലാം സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ ഏകത്വം അറിയുകയും പ്രാവർത്തികമാക്കുകയും, അത് ഉദ്ഘോഷിക്കുകയും, ആ മാർഗത്തിൽ തന്നെ മരണപ്പെടുകയും ചെയ്യുന്നതിന് വേണ്ടിയാണ് നമ്മെയെല്ലാം അല്ലാഹു പടച്ചത്.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ ﴿٥٧﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ഉദ്ദേശിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല.” (ദാരിയാത്: 56-57)

َقَالَ عَلِيٌّ رَضِيَ اللَّهُ عَنْهُ: «أَيْ وَمَا خَلَقْتُ الجِنَّ وَالإِنْسَ إِلَّا لِآمُرَهُمْ بِالْعِبَادَةِ»

അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്നെ മാത്രം ആരാധിക്കൂ എന്ന് കൽപ്പിക്കുന്നതിന് വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല എന്നാണ് ഈ ആയതിന്റെ ഉദ്ദേശം.” (ഖുർത്വുബി: 17/55)

ആലോചിച്ചു നോക്കൂ! ആദം -عَلَيْهِ السَّلَامُ- മുതൽ പിറന്നുവീണ കോടാനുകോടി മനുഷ്യരെ സൃഷ്ടിച്ചത് തൗഹീദ് പ്രാവർത്തികമാക്കുന്നതിനായിരുന്നു. നബിമാരും അല്ലാത്തവരുമായി എത്രയെത്ര മനുഷ്യർ ജനിച്ചു വീണു; അവരെല്ലാം ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് ഭൂമിയിലേക്ക് വന്നത്. അല്ലാഹുവിന്റെ പ്രിയ്യപ്പെട്ട ദാസന്മാരായ ഔലിയാക്കളും സ്വാലിഹീങ്ങളും ശുഹദാക്കളുമെല്ലാം ഈ തൗഹീദിന്റെ വഴിയിൽ ചരിക്കുന്നതിനായി തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കുറിപ്പ് വായിച്ചു കൊണ്ടിരിക്കുന്ന നീയും നമ്മളെല്ലാവരും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് വേണ്ടി പടക്കപ്പെട്ടവർ തന്നെ.

എന്നാൽ തൗഹീദിന്റെ ഗാംഭീര്യം ഈ പറഞ്ഞതിലും അവസാനിക്കുന്നില്ല! ജിന്നുകളും മനുഷ്യരുമെല്ലാം വസിക്കുന്ന വിശാലമായ ആകാശഭൂമികളും അവക്കിടയിലുള്ളതും മുഴുവൻ സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിന്റെ ഏകത്വം -തൗഹീദ്- ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനും, അതിനുള്ള തെളിവ് സ്ഥാപിക്കുന്നതിനുമത്രെ! അതായത്, അല്ലാഹു സർവ്വതും സൃഷ്ടിച്ചിരിക്കുന്നത് അവന്റെ തൗഹീദിന് വേണ്ടിയാണെന്ന് ചുരുക്കം.

اللَّـهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّـهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا ﴿١٢﴾

“അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.” (ത്വലാഖ്: 12)

ഈ ആയത്ത് ശ്രദ്ധയോടെ വായിച്ചു നോക്കൂ! ആകാശഭൂമികളും അവക്കിടയിലുള്ളതുമെല്ലാം അല്ലാഹു സൃഷ്ടിച്ചത് അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, സർവ്വതും അറിയുന്നവനാണെന്നും നിങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടിയാണെന്ന് അവൻ നമ്മെ അറിയിക്കുന്നു. അല്ലാഹുവിന്റെ കഴിവും അറിവും മനസ്സിലാക്കുക എന്നത് തൗഹീദിന്റെ ഭാഗമാണ്.

എന്നാൽ ഈ ലക്ഷ്യം മറക്കുകയും, തൗഹീദിന്റെ പ്രാധാന്യത്തെ വിസ്മരിക്കുകയും, തൗഹീദ് പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതും അവഗണിക്കുകയും, തൗഹീദിൽ സംഭവിക്കുന്ന പിഴവുകളെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നവർ എത്ര വലിയ അപരാധമായിരിക്കും പ്രവർത്തിക്കുന്നത് എന്ന് ആലോചിച്ചു നോക്കൂ. അല്ലാഹു തന്നെ സൃഷ്ടിച്ചതിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നവൻ അല്ലാഹുവോട് ചെയ്യുന്ന ധിക്കാരത്തിന്റെ ഗൗരവം എത്ര വലുതായിരിക്കും?!

ശൈഖ് അബ്ദുൽ റസാഖ് അൽ ബദ്‌ർ -حَفِظَهُ اللَّهُ- പറയുന്നു: “സർവ്വ സൃഷ്ടികളുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം തൗഹീദാകുന്നു. അത് പൂർത്തീകരിക്കുന്നതിന് വേണ്ടിയാകുന്നു അവരെയെല്ലാം അല്ലാഹു പടച്ചത്… അത് ഒരാൾ ഉപേക്ഷിക്കുക എന്നത് തന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ അവഗണിക്കലാകുന്നു.” (ഫിഖ്‌ഹുൽ അദ്ഇയ്യ: 1/120)

അല്ലാഹു നാമേവരെയും തൗഹീദ് പഠിക്കുന്നവരും പ്രാവർത്തികമാക്കുന്നവരും, അതിൽ തന്നെ മരണപ്പെടുന്നവരുമാക്കി അനുഗ്രഹിക്കട്ടെ. (ആമീൻ)

തൗഹീദും നബിമാരുടെ പ്രബോധനവും

ധാരാളം നബിമാരും റസൂലുകളും മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയും മഹത്വവുമുള്ളവരായിരുന്നു അവരെല്ലാം. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ളവരും അവനോട് ഏറ്റവും സാമീപ്യമുള്ളവരുമാണ് നബിമാരായി നിയോഗിക്കപ്പെടുക. ജനങ്ങളിൽ ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമകളും, ഏറ്റവും ശുദ്ധമായ പ്രവർത്തനങ്ങളും അവർക്കാണുള്ളത്.

എന്തിനായിരുന്നു ഈ നബിമാരെല്ലാം നിയോഗിക്കപ്പെട്ടത്?!

അവരെയെല്ലാം അല്ലാഹു നിയോഗിച്ചതിന്റെ പിന്നിലെ ഏറ്റവും പ്രധാനലക്ഷ്യം തൗഹീദ് ജനങ്ങൾക്ക് എത്തിച്ചു നൽകുക എന്നതായിരുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവന് പുറമെയുള്ള ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കണം എന്നും ജനങ്ങളോട് കൽപ്പിക്കാതെ ഒരു നബിയും ഈ ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടിട്ടില്ല.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീർച്ചയായും എല്ലാ ജനതയിലേക്കും നാം റസൂലുകളെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, (അവന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാ) ത്വാഗൂതുകളെയും ഉപേക്ഷിക്കൂ എന്ന് ബോധനം നൽകിക്കൊണ്ട്.” (നഹ്‌ൽ: 36)

ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “എല്ലാ ജനതകളുടെയും മേൽ അല്ലാഹു തന്റെ (തൗഹീദിന്റെ) തെളിവുകൾ സ്ഥാപിച്ചിരിക്കുന്നു എന്ന് ഈ ആയത്ത് അറിയിക്കുന്നു. മുൻകാലക്കാരോ പിൽക്കാലക്കാരോ ആയ ഒരു ജനതയിലും അല്ലാഹു റസൂലുകളെ നിയോഗിക്കാതിരുന്നിട്ടില്ല. അവരുടെയെല്ലാം ക്ഷണം ഒരേയൊരു കാര്യത്തിലേക്കായിരുന്നു. അവരുടെയെല്ലാം ദീൻ ഒരേ ദീനായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരു പങ്കുകാരനെയും നിശ്ചയിക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അത്.” (തഫ്സീറുസ്സഅ്ദി: 440)

നബിമാരുടെ ചരിത്രങ്ങളിൽ അല്ലാഹു ആവർത്തിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയതായി കാണാം. എല്ലാ നബിമാരും ഒരു പോലെ അവരുടെ സമൂഹത്തോടായി പറഞ്ഞത് ഈ വാക്കാണ്:

يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ

“എന്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ മറ്റൊരു ആരാധ്യൻ നിങ്ങൾക്കില്ല.” (മുഅ്മിനൂൻ: 32)

യാതൊരു മാറ്റവുമില്ലാതെ പല നബിമാരും തങ്ങളുടെ സമൂഹങ്ങളോട് ഇതേ വാക്കുകൾ പറഞ്ഞതായി കാണാൻ കഴിയും. നൂഹ് (അഅ്റാഫ്: 59, മുഅ്മിനൂൻ: 23), ഹൂദ് (അഅ്റാഫ്: 65, ഹൂദ്: 50), സ്വാലിഹ് (അഅ്റാഫ്: 73, ഹൂദ്: 61), ശുഐബ് (അഅ്റാഫ്: 85, ഹൂദ്: 84) എന്നിവർ ഇതേ കാര്യം തന്നെയാണ് തങ്ങളുടെ സമൂഹത്തോട് ഓർമ്മപ്പെടുത്തിയത്.

ഈ നബിമാരുടെയെല്ലാം ജനതകളിലേക്ക് നോക്കിയാൽ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അനേകം തകർച്ചകളും മൂല്യച്ചുതികളും അവരിൽ നിലനിന്നിരുന്നതായി കാണാൻ കഴിയും. പക്ഷേ അതെല്ലാം അവർക്കിടയിൽ ഉണ്ടായിട്ടും ആ നബിമാരുടെ പ്രബോധനത്തിന്റെ അടിത്തറ തൗഹീദിലായിരുന്നു നിലകൊണ്ടത്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നായിരുന്നു അവർ തങ്ങളുടെ ജനതയോട് ആവർത്തിച്ചത്.

നബി -ﷺ- യെ നോക്കൂ! മക്കയിൽ വ്യഭിചാരവും മദ്യാസക്തിയും കൊള്ളയും അർത്ഥമില്ലാത്ത യുദ്ധങ്ങളും ഗോത്രപ്പോരുകളും അതിന്റെ പേരിലുള്ള രക്തച്ചൊരിച്ചിലും വ്യാപകമായിരുന്നില്ലേ?! പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നവർ വരെ ആ സമൂഹത്തിൽ നിലനിന്നിരുന്നില്ലേ?! എന്നാൽ അവിടുന്ന് ആദ്യം സംസാരിച്ചത് ഈ പറഞ്ഞ എന്തെങ്കിലുമൊരു കാര്യത്തെ കുറിച്ചായിരുന്നോ?! മദ്യപിക്കരുതെന്നോ വ്യഭിചരിക്കരുതെന്നോ പരസ്പരം രക്തം ചിന്തരുതെന്നോ ആയിരുന്നോ നബി -ﷺ- യുടെ ആദ്യത്തെ കൽപ്പന?!

അല്ല! അവിടുന്ന് മക്കയിൽ എഴുന്നേറ്റു നിന്ന് തൗഹീദ് പറഞ്ഞു. വിഗ്രഹങ്ങളെയും മരണപ്പെട്ടവരെയും നബിമാരെയും സ്വാലിഹീങ്ങളെയും വിളിച്ചു പ്രാർത്ഥിക്കരുതെന്നും, അല്ലാഹുവിനോട് മാത്രം സഹായം തേടണമെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും ആവർത്തിച്ചു കൊണ്ടേയിരുന്നു. സ്രഷ്ടാവായ അല്ലാഹുവുമായി ആ ജനങ്ങളുടെ ഹൃദയം അടുക്കുകയും, പരലോകത്തെ കുറിച്ചുള്ള വിശ്വാസം അവരുടെ ഹൃദയത്തിൽ രൂഢമൂലമാവുകയും ചെയ്തപ്പോൾ ബാക്കിയെല്ലാ പുഴുക്കുത്തുകളും എടുത്തു നീക്കുക എളുപ്പമായി.

നബി -ﷺ- തന്റെ അനുചരന്മാർക്കും ഇതേ മാർഗം തന്നെയാണ് ഉപദേശിച്ചു നൽകിയത്.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ -ﷺ- لَمَّا بَعَثَ مُعَاذًا عَلَى اليَمَنِ، قَالَ: «إِنَّكَ تَقْدَمُ عَلَى قَوْمٍ أَهْلِ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ عِبَادَةُ اللَّهِ، فَإِذَا عَرَفُوا اللَّهَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ…»

മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പ്രബോധകനായി നിയോഗിച്ചയക്കുമ്പോൾ നബി -ﷺ- പറഞ്ഞു: “ഹേ മുആദ്! വേദക്കാരുടെ സമൂഹത്തിലേക്കാണ് നീ പോകുന്നത്. അതിനാല്‍ നീ ആദ്യം അവരെ ക്ഷണിക്കേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കായിരിക്കണം. അതവര്‍ മനസ്സിലാക്കിയാല്‍ രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം അവരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക…” (ബുഖാരി: 1458, മുസ്‌ലിം: 19)

യമനിൽ അക്കാലത്ത് ഏറ്റവും കൂടുതലുണ്ടായിരുന്ന വേദക്കാർ യഹൂദരാണ്. ഇസ്‌ലാമിന്റെ ശരിയായ മാർഗത്തോട് അനേകം വിഷയങ്ങളിൽ എതിരു നിൽക്കുന്നുണ്ട് അവരുടെ മതം. മുസ്‌ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരുമാണ് യഹൂദർ. എന്നാൽ നബി -ﷺ- മുആദിനോട് ആദ്യം തന്നെ അവരുടെ ശത്രുതയെ മയപ്പെടുത്താനോ, അവരുടെ മറ്റ് തിന്മകളെ തിരുത്താനോ ഒന്നുമല്ല ഉപദേശിക്കുന്നത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് കൽപ്പിക്കാനും, അവനല്ലാത്തവർക്ക് ആരാധനകൾ നൽകുക എന്ന ശിർക് വിലക്കാനുമാണ്.

വിഗ്രഹങ്ങളും ജാറങ്ങളും മഖ്‌ബറകളും ആൾദൈവങ്ങളും മൃഗങ്ങളും പക്ഷികളുമെന്നിങ്ങനെ ബഹുദൈവാരാധന അതിന്റെ സർവ്വ രൂപങ്ങളോടെയും നിലനിൽക്കുന്ന നമ്മുടേതു പോലുള്ള നാടുകളിൽ തൗഹീദാണ് ആദ്യവും അവസാനവുമായി പറഞ്ഞു കൊണ്ടേയിരിക്കേണ്ടത് എന്നതിൽ സംശയമില്ല. തൗഹീദ് പഠിപ്പിക്കുകയും വിശദീകരിച്ചു നൽകുകയും ചെയ്യുക എന്നതിൽ നിന്ന് ഇസ്‌ലാമിക പ്രബോധകന്മാർ അകന്നു പോവുകയും, ഏവർക്കും സ്വീകാര്യമായ -ദാനധർമ്മവും കാരുണ്യവും സഹകരണവും പോലുള്ള- നന്മകൾ കൽപ്പിക്കാനും, സമൂഹം മോശമാണെന്ന് പൊതുവെ മനസ്സിലാക്കിയ -മദ്യപാനവും വ്യഭിചാരവും മോഷണവും പോലുള്ള- തിന്മകളിൽ നിന്ന് വിലക്കാനും മാത്രമായി തങ്ങളുടെ ശേഷിയും സമയവും അവർ മാറ്റിവെക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യവരിയിൽ, ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വിഷയം തൗഹീദാണ് എന്നത് അതിന്റെ പ്രാധാന്യവും മഹത്വവും സംശയലേശമന്യേ ബോധ്യപ്പെടുത്തുന്നു. അല്ലാഹു നമ്മെ തൗഹീദിലേക്ക് ക്ഷണിക്കുകയും, ശിർകിൽ നിന്ന് തടയുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രബോധകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. (ആമീൻ)

തൗഹീദും മരണവേളയും

മനുഷ്യൻ ഇഹലോകത്ത് നിന്ന് വിടപറയുന്ന, പരലോകത്തിലേക്ക് കാലെടുത്തു വെക്കുന്ന നിർണായകമായ ഘട്ടമാണ് മരണം. ജനിച്ചവർക്കാർക്കും മരണത്തിൽ നിന്ന് രക്ഷയില്ല. അതിൽ നിന്ന് ഓടിയൊളിക്കാൻ സാധിക്കുന്ന ഒരാളും തന്നെയില്ല. എത്രയെല്ലാം സുരക്ഷിതമായ കോട്ടയിൽ പോയൊളിച്ചാലും മരണത്തിന്റെ ദൂതൻ എല്ലാവരുടെ അടുക്കലും വന്നെത്തും.

എന്നാൽ നമ്മുടെ മരണവേള എപ്രകാരമായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! മരണത്തെ മുഖാമുഖം നേരിടുമ്പോൾ നമ്മുടെ മനസ്സ് എപ്രകാരമായിരിക്കും എന്നതിനെ കുറിച്ച്… പ്രിയപ്പെട്ടവരും കുടുബവും ചുറ്റുപാടും നിന്നെ നോക്കിനിൽക്കെ -അല്ലെങ്കിൽ ഏകാന്തമായി- മരണത്തെ വരിക്കാൻ തയ്യാറാകുന്ന വേളയിൽ നിന്റെ ഹൃദയം ഏതവസ്ഥയിലായിരിക്കും?! മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാച് ഏറ്റവും ശക്തമായി അവനെ വഴിപിഴപ്പിക്കാൻ ശ്രമിച്ചേക്കാവുന്ന സമയമാണ് മരണവേള. ആ സന്ദർഭത്തിൽ എന്തായിരിക്കും നമ്മുടെ സ്ഥിതി?

മരണവേളയിൽ പിശാചിന്റെ കുതന്ത്രങ്ങളിൽ അകപ്പെട്ടു പോകുന്നതിൽ നിന്ന് രക്ഷതേടാൻ നബി -ﷺ- നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നബി -ﷺ- യുടെ സുദീർഘമായ പ്രാർത്ഥനയിലെ ഒരു ഭാഗം ഇപ്രകാരമാണ്:

عَنْ أَبِي الْيَسَرِ أَنَّ رَسُولَ اللَّهِ -ﷺ- كَانَ يَدْعُو: «اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ»

അബുൽ യസർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! മരണവേളയിൽ പിശാച് എന്നെ പരാജയപ്പെടുത്തുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.” (അബൂദാവൂദ്: 1552, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ആരെയെങ്കിലും മരണവേളയിൽ പിശാച് കീഴ്പ്പെടുത്തുകയും, അവന്റെ ബുദ്ധിയും ദീനും നശിപ്പിക്കുകയും, അല്ലാഹുവിനെ കുറിച്ച് മോശം വിചാരവും, അവന്റെ വിധിയിൽ നിരാശയും അമർഷവും വെച്ചു പുലർത്തുന്ന അവസ്ഥയിലാക്കുകയും ചെയ്താൽ അതാണ് യഥാർത്ഥ പരാജയം. എല്ലാ നിസ്കാരങ്ങളിലും മരണവേളയിലെ പരീക്ഷണത്തിൽ നിന്ന് രക്ഷതേടാൻ നബി -ﷺ- നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്നത് തന്നെ മരണവേളയിലെ പ്രയാസത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും (നിസ്കാരത്തിൽ) തശഹ്ഹുദ് ചൊല്ലിയാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിച്ചു കൊണ്ട് ഇപ്രകാരം പറയട്ടെ: അല്ലാഹുവേ! നരകത്തിന്റെ ശിക്ഷയിൽ നിന്നും, ഖബറിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണത്തിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.” (മുസ്‌ലിം: 588)

മരണവേളയിൽ ചിലർക്ക് സംഭവിച്ചേക്കാവുന്ന അനിശ്ചിതത്വത്തെ കുറിച്ച് ഈ ഹദീഥുകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ സന്ദർഭത്തിൽ മനസ്സിന് ഏറ്റവും സ്ഥൈര്യം നൽകുകയും, നാവിനെ ഉറപ്പിച്ചു നിർത്തുകയും, നമ്മെ ഇസ്‌ലാമിന്റെ വഴിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്ന മഹത്തരമായ ഒരു പ്രവർത്തനമുണ്ട്; അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കുക എന്ന തൗഹീദാണത്.

അല്ലാഹു മാത്രമാണ് എന്റെ രക്ഷിതാവ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തൗഹീദിൽ ഉറച്ചു നിലകൊണ്ടവരുടെ മരണവേളയെ കുറിച്ച് അല്ലാഹു അറിയിച്ചതു നോക്കൂ.

إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾

“ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരെനിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.” (ഫുസ്സ്വിലത്: 30)

ആയത്ത് ശ്രദ്ധിച്ചു വായിക്കുക! ശാന്തവും മനോഹരവുമായ മരണം ലഭിക്കാൻ രണ്ട് കാര്യങ്ങളാണ് അല്ലാഹു ഈ ആയത്തിൽ എണ്ണിപ്പറഞ്ഞത്. (1) അല്ലാഹുവാണ് എന്റെ റബ്ബ് എന്ന് പറയുക. (2) പിന്നീട് വളവുകളോ വ്യതിചലനങ്ങളോ ഇല്ലാതെ നേരെ നിലകൊള്ളുക. ഈ രണ്ട് കാര്യങ്ങളും നബി -ﷺ- യുടെ ഹദീഥുകളിലും ഏറെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ قَالَ: قُلْتُ: يَا رَسُولَ اللَّهِ، قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا بَعْدَكَ، قَالَ: «قُلْ: آمَنْتُ بِاللَّهِ، ثُمَّ اسْتَقِمْ»

സുഫ്‌യാൻ ബ്നു അബ്ദില്ല അസ്സഖഫി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! താങ്കൾക്ക് ശേഷം മറ്റാരോടും ചോദിക്കേണ്ടതില്ലാത്ത വിധം, ഇസ്‌ലാമിന്റെ കാര്യത്തിൽ എനിക്കൊരു വാക്ക് താങ്കൾ പറഞ്ഞു തരിക.” നബി -ﷺ- പറഞ്ഞു: “ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുക. ശേഷം നേരെനിലകൊള്ളുക.” (അഹ്മദ്: 15416, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

‘ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു’, ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്നീ വാക്കുകളെല്ലാം തൗഹീദീ വിശ്വാസം അറിയിക്കുന്ന പദങ്ങൾ മാത്രമാണ്. കേവലം അല്ലാഹു ഉണ്ടെന്നോ, അല്ലാഹുവാണ് എന്നെ സൃഷ്ടിച്ചതെന്നോ ഉള്ള വിശ്വാസമല്ല ഈ വാക്കുകൾ കൊണ്ടൊന്നും ഉദ്ദേശിക്കുന്നത്. മറിച്ച്, ഞാൻ എന്റെ സർവ്വ ആരാധനകളും നൽകുന്ന, ഏകനായ എന്റെ ആരാധ്യൻ അല്ലാഹു മാത്രമാണ് എന്നാണ് ഈ പറഞ്ഞതിന്റെയെല്ലാം ഉദ്ദേശം.

ഇതു കൊണ്ടെല്ലാമാണ് മരണത്തിന്റെ അടയാളങ്ങൾ ഒരാളിൽ കണ്ടുതുടങ്ങിയാൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്നറിയിക്കുന്ന, തൗഹീദിന്റെ വചനം അയാൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ടേയിരിക്കണം എന്ന് നബി -ﷺ- പഠിപ്പിച്ചത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ»

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിൽ മരണം ആസന്നമായവർക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക.” (മുസ്‌ലിം: 916)

അവസാനമായി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വാക്ക് ഉച്ചരിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ സ്വർഗത്തിലാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ مُعَاذِ بْنِ جَبَلٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ»

മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (അബൂദാവൂദ്: 3116, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ലാ ഇലാഹ ഇല്ലല്ലാഹ് നാവ് കൊണ്ട് ചൊല്ലാൻ സാധിക്കുക എന്നത് നല്ല അന്ത്യത്തിന്റെ അടയാളമാണ്. അങ്ങനെ മരണപ്പെട്ടവർക്ക് സ്വർഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്. എന്നാൽ -പ്രത്യേകം ശ്രദ്ധിക്കുക!- ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ചൊല്ലാതെ മരണപ്പെട്ടാലും, ഒരാൾ തൗഹീദ് പാലിച്ചു കൊണ്ടാണ് ജീവിതം നയിച്ചതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. നബി -ﷺ- യുടെ ഹദീഥുകളിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

عَنْ أَبِي ذَرٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَتَانِي آتٍ مِنْ رَبِّي، فَأَخْبَرَنِي أَنَّهُ: مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ» قُلْتُ: وَإِنْ زَنَى وَإِنْ سَرَقَ؟ قَالَ: «وَإِنْ زَنَى وَإِنْ سَرَقَ»

അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ റബ്ബിൽ നിന്നുള്ള ഒരു ദൂതൻ എന്റെയരികിൽ വരികയും, ‘അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ എന്റെ ഉമ്മത്തിൽ നിന്ന് മരണപ്പെട്ടവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്’ എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു.” ഞാൻ (അബൂദർ) ചോദിച്ചു: “അവൻ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും ചെയ്താലും?” നബി -ﷺ- പറഞ്ഞു: “അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും (ശിർക് ചെയ്തില്ലെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്).” (ബുഖാരി: 1237, മുസ്‌ലിം: 94)

മുൻപ് പലതവണ വിശദീകരിച്ചതു പോലെ, ഒരാളുടെ ജീവിതത്തിൽ പല തിന്മകളുമുണ്ടെങ്കിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു കൊണ്ടാണ് അയാൾ മരിച്ചതെങ്കിൽ അല്ലാഹു അവന്റെ തിന്മകൾ ഒന്നല്ലെങ്കിൽ പൊറുത്തു നൽകുന്നതാണ്. അല്ലെങ്കിൽ ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ അവനെ നരകത്തിൽ ശിക്ഷിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.

തൗഹീദിന്റെ പ്രാധാന്യവും മഹത്വവും ഈ തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇപ്രകാരം തൗഹീദ് പാലിച്ചവരുടെ അടുക്കൽ മരണവേളയിൽ മലക്കുകൾ വന്നെത്തുന്ന രൂപം നബി -ﷺ- വിശദമായി വിവരിച്ചു നൽകിയത് കൂടി ഇവിടെ നൽകട്ടെ.

عَنِ الْبَرَاءِ بْنِ عَازِبٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ الْعَبْدَ الْمُؤْمِنَ إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا وَإِقْبَالٍ مِنَ الْآخِرَةِ، نَزَلَ إِلَيْهِ مَلَائِكَةٌ مِنَ السَّمَاءِ بِيضُ الْوُجُوهِ، كَأَنَّ وُجُوهَهُمُ الشَّمْسُ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ، حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ، ثُمَّ يَجِيءُ مَلَكُ الْمَوْتِ، عَلَيْهِ السَّلَامُ، حَتَّى يَجْلِسَ عِنْدَ رَأْسِهِ، فَيَقُولُ: أَيَّتُهَا النَّفْسُ الطَّيِّبَةُ، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ» قَالَ: «فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ، فَيَأْخُذُهَا»

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “(അല്ലാഹുവിൽ) വിശ്വസിച്ച ഒരു അടിമ ഇഹലോകത്ത് നിന്ന് വേർപിരിയുകയും, പരലോകത്തിലേക്ക് പുറപ്പെടുകയും ചെയ്യുന്ന വേളയിൽ അയാളുടെ അരികിൽ ആകാശത്ത് നിന്നുള്ള, വെളുത്ത മുഖമുള്ള മലക്കുകൾ ഇറങ്ങിവരും. അവരുടെ മുഖങ്ങൾ സൂര്യനെ പോലെയുണ്ടായിരിക്കും. സ്വർഗത്തിൽ നിന്നുള്ള കഫൻ പുടവകളും, സ്വർഗത്തിൽ നിന്നുള്ള സുഗന്ധവും അവരോടൊപ്പം ഉണ്ടായിരിക്കും. അങ്ങനെ അദ്ദേഹത്തിന്റെ കണ്ണെത്തുന്ന ദൂരത്ത് അവർ വന്നിരിക്കുന്നതാണ്.

ശേഷം മലകുൽ മൗത് (മരണത്തിന്റെ മലക്) വരികയും, അയാളുടെ തലഭാഗത്തായി ഇരിക്കുകയും ചെയ്യും. അദ്ദേഹം പറയും: പരിശുദ്ധമായ ആത്മാവേ! അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും തൃപ്തിയിലേക്കും മടങ്ങിക്കൊള്ളുക.” നബി -ﷺ- പറയുന്നു: “ഒരു പാത്രത്തിൽ നിന്ന് വെള്ളം ഒഴുകിവരുന്നത് പോലെ ആ ആത്മാവ് പുറത്തു വരുന്നതാണ്. അങ്ങനെ അദ്ദേഹം ആ ആത്മാവിനെ പിടിക്കുന്നതാണ്.” (അഹ്മദ്: 18534)

നബി -ﷺ- സന്തോഷവാർത്ത അറിയിച്ച, വിശ്വാസികളായ ദാസന്മാർക്ക് ലഭിക്കുന്ന മനോഹരമായ അന്ത്യം അല്ലാഹു നമുക്കേവർക്കും നൽകി അനുഗ്രഹിക്കട്ടെ. തൗഹീദിൽ ജീവിക്കാനും, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉച്ചരിച്ചു കൊണ്ട് മരണം വരിക്കാനും അവൻ നമുക്കേവർക്കും തൗഫീഖ് നൽകട്ടെ. (ആമീൻ)

തൗഹീദും നിർഭയത്വവും

ഇസ്‌ലാം നിർഭയത്വം നൽകുന്ന മതമാണ്. മനസ്സും ശരീരവും വീടും കുടുംബവും നാടും ചുറ്റുപാടും നിർഭയത്വമുള്ളതാവുക എന്നത് ഈ ദീനിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇസ്‌ലാമിലെ ഒന്നാമത്തെ അടിത്തറയായ, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവന് പുറമെയുള്ള ആരാധ്യന്മാരെ തള്ളിക്കളയുകയും ചെയ്യുന്ന തൗഹീദീ വിശ്വാസമാകട്ടെ, നിർഭയത്വം ലഭിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയും. തൗഹീദ് പാലിക്കുന്ന ഹൃദയത്തിൽ നിർഭയത്വമുണ്ടായിരിക്കും. തൗഹീദിൽ നിലകൊള്ളുന്ന കുടുംബം നിർഭയരായിരിക്കും. തൗഹീദ് പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന നാടും നിർഭയത്വത്തിന്റെ കേന്ദ്രമായിരിക്കും.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“(അല്ലാഹുവിൽ) മാത്രം വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അതിക്രമം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അൻആം: 82)

നിർഭയത്വം ലഭിക്കാൻ വേണ്ട രണ്ട് നിബന്ധനകളാണ് അല്ലാഹു ഈ ആയത്തിൽ അറിയിച്ചിരിക്കുന്നത്. ഒന്ന്: അല്ലാഹുവിൽ മാത്രം വിശ്വസിക്കുക. അതായത്, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, എല്ലാ ഇബാദതുകളും അവന് മാത്രം സമർപ്പിക്കുകയും ചെയ്യുക. രണ്ട്: അല്ലാഹുവിലുള്ള വിശ്വാസത്തിൽ അതിക്രമം കലർത്താതിരിക്കുക. പൊതുവെ എല്ലാ തിന്മകൾക്കും അതിക്രമം എന്ന് പറയാറുണ്ടെങ്കിലും ഈ ആയത്തിലെ പ്രഥമ ഉദ്ദേശം ഏറ്റവും വലിയ അതിക്രമമായ ശിർകാണ്. നബി -ﷺ- യുടെ ഹദീഥിൽ അക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.

عَنْ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ: لَمَّا نَزَلَتْ هَذِهِ الآيَةُ: «الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ» شَقَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللَّهِ -ﷺ-، وَقَالُوا: أَيُّنَا لَمْ يَلْبِسْ إِيمَانَهُ بِظُلْمٍ؟ فَقَالَ رَسُولُ اللَّهِ -ﷺ-: «إِنَّهُ لَيْسَ بِذَاكَ، أَلاَ تَسْمَعُ إِلَى قَوْلِ لُقْمَانَ لِابْنِهِ: «إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ»

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: (സൂറ. അൻആമിലെ 82 ാമത്തെ ആയത്ത്) അവതരിച്ചപ്പോൾ സ്വഹാബികൾക്ക് അത് വളരെ പ്രയാസമുള്ളതായി തോന്നി. അവർ പറഞ്ഞു: തങ്ങളുടെ വിശ്വാസത്തിൽ അതിക്രമം കലർത്താത്തവരായി ഞങ്ങളിൽ ആരാണുള്ളത്?” നബി -ﷺ- പറഞ്ഞു: “ആ അതിക്രമമല്ല ഇവിടെ ഉദ്ദേശം. ലുഖ്മാൻ തന്റെ മകനോട് പറഞ്ഞത് നീ കേട്ടിട്ടില്ലേ?! തീർച്ചയായും ശിർകാകുന്നു ഏറ്റവും വലിയ അതിക്രമം.” (ബുഖാരി: 4776)

ഈ രണ്ട് നിബന്ധനകൾ -അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും, അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്- ഒരാൾ പാലിക്കുന്നതോടെ അവന് നിർഭയത്വം ലഭിക്കുന്നതാണ് എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. ഈ പറയപ്പെട്ട നിർഭയത്വം വ്യക്തിയിലും, സമൂഹത്തിലും ഉണ്ടാകുന്നതാണ്. ഇഹലോകത്തും, മരണശേഷം ഖബർ ജീവിതത്തിലും, പരലോകത്തിലും അത് നിലനിൽക്കുന്നതാണ്.

തൗഹീദ് ഒരാളുടെ മനസ്സിന് നൽകുന്ന നിർഭയത്വത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ! ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് മാത്രം ഹൃദയവും മനസ്സും ബന്ധിച്ച ഒരു വ്യക്തിക്കുണ്ടാകുന്ന സ്വസ്ഥതയും ശാന്തിയും സമാധാനവും വിവരണാതീതമാണ്. അല്ലാഹു പറഞ്ഞതു നോക്കു:

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ﴿٢٨﴾

“(അല്ലാഹുവിൽ) വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവർ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌.” (റഅ്ദ്: 28)

തൗഹീദുള്ളവനിൽ സമാധാനമുണ്ടാക്കുന്നത് അവന്റെ സ്രഷ്ടാവും രക്ഷാധികാരിയുമായ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാണ്. അതിലാണ് അവന്റെ മനസ്സ് ശാന്തമാകുന്നത്. എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവന്റെ അവസ്ഥയോ? അവന് അല്ലാഹുവിനെ കുറിച്ച് മാത്രം പറഞ്ഞു കേൾക്കുന്നത് മനസ്സിന് പ്രയാസവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കുക. ‘നിങ്ങൾക്ക് അല്ലാഹു മാത്രമേയുള്ളോ’ എന്നായിരിക്കും അവൻ അതൃപ്തിയോടെ ചോദിക്കുക. ബഹുദൈവാരാധന കടന്നുകൂടിയവന്റെ ഹൃദയത്തിലെ ഈ അവസ്ഥയെ കുറിച്ച് അല്ലാഹു അറിയിച്ചിട്ടുണ്ട്.

وَإِذَا ذُكِرَ اللَّـهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾

“അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ടരാകുന്നു.” (സുമർ: 45)

തൗഹീദ് വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനമാണിത്. അപ്പോൾ തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്ന അനേകം വ്യക്തികൾ കൂടിച്ചേർന്നുണ്ടാകുന്ന സമൂഹമോ; അവരുടെ കാര്യവും വ്യത്യസ്തമല്ല. സമാധാനവും നിർഭയത്വവും അല്ലാഹു അവരുടെ മനസ്സിൽ ഇറക്കി നൽകുകയും, എല്ലാ പ്രയാസങ്ങളിൽ നിന്നും അവൻ അവരെ സംരക്ഷിക്കുകയും ചെയ്യും. അവരുടെ ശത്രുക്കളുടെ -അല്ലാഹുവിൽ പങ്കുചേർത്തവരുടെ- ഹൃദയങ്ങളിൽ അവൻ ഭയവും ഭീതിയും നിറക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞത് നോക്കൂ:

بَلِ اللَّـهُ مَوْلَاكُمْ ۖ وَهُوَ خَيْرُ النَّاصِرِينَ ﴿١٥٠﴾ سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّـهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا ۖ

“അല്ല, അല്ലാഹുവാകുന്നു നിങ്ങളുടെ രക്ഷാധികാരി. അവനാകുന്നു ഏറ്റവും നല്ല സഹായി. അല്ലാഹു യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് പങ്കുചേര്‍ത്തതിന്റെ ഫലമായി, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം!” (ആലു ഇംറാൻ: 150-151)

അല്ലാഹു അവനിൽ വിശ്വസിച്ചവരെ സംരക്ഷിക്കുമെന്നും, അവനിൽ പങ്കുചേർത്തതിനാൽ അവരുടെ ശത്രുക്കളുടെ ഹൃദയങ്ങളിൽ ഭയം നിറക്കുമെന്നും എത്ര വ്യക്തമായാണ് നമ്മെ അറിയിച്ചിരിക്കുന്നത്. പീഢനങ്ങളും പ്രയാസങ്ങളും വർദ്ധിക്കുകയും, നാനാഭാഗങ്ങളിൽ മുസ്‌ലിമീങ്ങൾ അക്രമിക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ ഈ ആയത്തിനെ കുറിച്ച് നാം കൂടുതലായി ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ നിർഭയത്വം നഷ്ടപ്പെട്ടതിന്റെ കാരണം തൗഹീദിൽ നാം വരുത്തിയ കുറവാണെന്നും, നമ്മുടെ ശത്രുക്കളുടെ ഹൃദയങ്ങളിലുള്ള ഭയം നീങ്ങിയത് നമ്മുടെ കുറവു കൊണ്ട് തന്നെയാണെന്നുമുള്ള യാഥാർഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

തൗഹീദ് കൊണ്ട് ലഭിക്കുന്ന നിർഭയത്വം ദുനിയാവിലേക്ക് മാത്രമുള്ളതല്ല. മരണവേളയിലും, ഖബറിലെ ചോദ്യങ്ങളുടെ സന്ദർഭത്തിലും, ഉയിർത്തെഴുന്നേൽപ്പിന്റെ നാളിലുമെല്ലാം ഈ നിർഭയത്വം അല്ലാഹു ഓരോ മുസ്‌ലിമിനും നൽകുന്നതാണ്. അവന്റെ തൗഹീദിന്റെ ശക്തിയും ഉറപ്പും അനുസരിച്ച് അവന് ലഭിക്കുന്ന നിർഭയത്വത്തിന്റെ അളവും വർദ്ധിക്കുന്നതാണ്. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന തിന്മ സംഭവിച്ചാലാകട്ടെ, ആ നിർഭയത്വം പൂർണ്ണമായും നശിക്കുകയും, അവന്റെ ശിക്ഷയും ശാപവും അത്തരക്കാരെ ബാധിക്കുകയും ചെയ്യും.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തന്റെ ജനതയോട് ചോദിച്ച ചോദ്യം ഏറെ പ്രസക്തം തന്നെ.

وَكَيْفَ أَخَافُ مَا أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِاللَّـهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَانًا ۚ فَأَيُّ الْفَرِيقَيْنِ أَحَقُّ بِالْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴿٨١﴾

“നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു തെളിവും അവതരിപ്പിച്ചു നൽകിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.” (അൻആം: 81)

അല്ലാഹു തൗഹീദ് പാലിക്കുകയും, അതിൽ തന്നെ ജീവിച്ചു മരിക്കുകയും ചെയ്യുന്നവരിൽ നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ. ശിർകിന്റെ ചെറുതും വലുതുമായ എല്ലാ ശാഖകളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment