അല്ലാഹുവാണ് നാമേവരെയും സൃഷ്ടിച്ചത്. അവനാണ് നമുക്ക് ഉപജീവനം നൽകുകയും, സർവ്വ അനുഗ്രഹങ്ങളും നമ്മുടെ മേൽ വർഷിക്കുകയും ചെയ്തവൻ. അവന്റെ കാരുണ്യത്തിന്റെയും ഔദാര്യത്തിന്റെയും വിശാലതയിൽ അകപ്പെടാത്ത ഒന്നും നമ്മുടെ സ്വന്തം ശരീരങ്ങളിലോ ചുറ്റുപാടുകളിലോ ഇല്ല. അവനോടുള്ള നമ്മുടെ ബാധ്യതയേക്കാൾ മഹത്തരവും ഗൗരവമേറിയതുമായ മറ്റൊരു ബാധ്യതയും ആരോടും നമുക്കില്ല തന്നെ.

എന്താണ് അല്ലാഹുവിനോടുള്ള നമ്മുടെ ഏറ്റവും വലിയ ബാധ്യത? സംശയമില്ല, അവനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്ന തൗഹീദാണ് ഏറ്റവും വലിയ കടമയും ബാധ്യതയും. അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശമാണത്.

عَنْ مُعَاذٍ، قَالَ: كُنْتُ رِدْفَ النَّبِيِّ -ﷺ- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا»

മുആദു ബ്നു ജബല്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഉഫൈര്‍ എന്ന് പേരുള്ള ഒരു കഴുതപ്പുറത്ത് നബി-ﷺ-യുടെ സഹയാത്രികനായിരുന്നു ഞാൻ. അവിടുന്ന് എന്നോട് ചോദിച്ചു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്നും, അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശം എന്താണെന്നും നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.”

അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവനെ മാത്രം അവര്‍ ആരാധിക്കുകയും, അവനില്‍ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അടിമകള്‍ക്ക് അല്ലാഹുവിന്റെ മേലുള്ള അവകാശമാകട്ടെ, അവനിൽ ഒന്നിനെയും പങ്കുചേർക്കാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ്.” (ബുഖാരി: 128, മുസ്‌ലിം: 30)

മഹത്തരമായ ഈ ഹദീഥിൽ സുപ്രധാനമായ രണ്ട് കാര്യങ്ങളെ കുറിച്ച് പഠിപ്പിക്കുന്നു.

ഒന്ന്: അല്ലാഹുവിന് അവന്റെ അടിമകൾക്ക് മേലുള്ള അവകാശം.

അല്ലാഹുവിനെ മാത്രം ആരാധിക്കുക; അവനുള്ള ആരാധനയിൽ ഒരാളെയും പങ്കുചേർക്കാതിരിക്കുക എന്ന കടമയേക്കാൾ വലിയ മറ്റൊരു കാര്യവുമില്ല. ഏറ്റവും വലിയ അവകാശം ഇതാകുന്നു. അതിനേക്കാൾ വലിയ ഒരു അവകാശവും ഒരാൾക്കും മറ്റൊരാളുടെയും മേലില്ല. ജന്മം നൽകിയ മാതാപിതാക്കൾക്കോ, വിജ്ഞാനം പകർന്നു നൽകിയ അധ്യാപകർക്കോ പോലുമില്ല. അവരോടുള്ള കടപ്പാടുകളും ബാധ്യതകളും ആകാശം മുട്ടെ ഉയർന്നതാണെങ്കിലും അല്ലാഹുവിനോടുള്ള ബാധ്യതയോളം അതൊന്നും എത്തുകയില്ല.

ഈ മഹത്തരമായ ബാധ്യതക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കൽപ്പിക്കുന്നത് മാതാപിതാക്കളാണെങ്കിൽ പോലും അവരെ അനുസരിക്കരുതെന്നാണ് അല്ലാഹു അറിയിച്ചത്:

وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ

“നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കണമെന്ന് അവര്‍ ഇരുവരും (മാതാപിതാക്കൾ) നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ അനുസരിക്കരുത്‌.” (ലുഖ്മാൻ: 15)

മാതാപിതാക്കൾ കൽപ്പിച്ചാൽ പോലും അല്ലാഹുവിൽ പങ്കുചേർക്കുക എന്ന -തൗഹീദിന് വിരുദ്ധമായ- പ്രവൃത്തി ഒരു മുസ്‌ലിമിൽ നിന്നുണ്ടാകരുത്. എന്തിനധികം! അല്ലാഹുവിനോടുള്ള ഈ ബാധ്യതയുടെ കാര്യത്തിൽ സ്വന്തം ശരീരം പോലും അവന്റെ കണ്ണിൽ നിസ്സാരമായിരിക്കണം. താൻ ക്രൂരമായി വേദനിപ്പിക്കപ്പെടും എന്ന് ബോധ്യപ്പെട്ടാൽ പോലും അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഈ കടമ ഹൃദയം കൊണ്ട് ധിക്കരിക്കാൻ അനുവാദമില്ല.

عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …»

അബുദ്ദര്‍ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് നല്‍കി: ‘നീ അല്ലാഹുവില്‍ ഒരിക്കലും പങ്കു ചേര്‍ക്കരുത്; നിന്റെ (ശരീരം) കഷ്ണങ്ങളാക്കപ്പെട്ടാലും, നിന്നെ കത്തിച്ചു കളഞ്ഞാലും.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ഹദീഥിൽ പരാമർശിക്കപ്പെട്ട രണ്ടാമത്തെ വിഷയം: അടിമകൾക്ക് അല്ലാഹുവിൽ നിന്നുള്ള അവകാശമാണ്.

അല്ലാഹു അവന്റെ ദാസന്മാർക്ക് കനിഞ്ഞരുളിയ ഔദാര്യമാണ് ‘അല്ലാഹുവിൽ നിന്ന് അടിമകൾക്കുള്ള അവകാശം’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ അല്ലാഹുവിന്റെ മേൽ അടിമകൾക്ക് സ്വയം യാതൊരു അവകാശവുമില്ല. അവന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനോ, അല്ലാഹുവിന്റെ കൽപ്പനകൾക്ക് എതിരു നിൽക്കാനോ മനുഷ്യന് സാധിക്കുകയേ ഇല്ല. അവന്റെ അനുമതിയില്ലാതെ മറ്റൊരാൾക്ക് വേണ്ടി ശുപാർശ നടത്താൻ പോലും ഒരാൾക്കും കഴിയില്ല; അത് അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട റസൂലോ, അവനോട് ഏറ്റവും സാമീപ്യമുള്ള മലക്കോ ആണെങ്കിൽ പോലും.

അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനിൽ പങ്കുചേർക്കാതിരിക്കുകയും ചെയ്തവർക്ക് അല്ലാഹു നൽകിയ അവകാശമെന്താണ്?! അവരെ അവൻ ശിക്ഷിക്കുകയില്ലെന്നതാണ് ആ മഹത്തരമായ അവകാശം. തൗഹീദുള്ളവർ ഒരിക്കലും നരകത്തിൽ ശാശ്വതരാവുകയില്ല. തൗഹീദിന് വിരുദ്ധമായ ശിർകും കുഫ്റും ഒഴിച്ചു നിർത്തിയാൽ, അതിൽ താഴെയുള്ള തിന്മകൾ ആർക്കെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലാഹു ഉദ്ദേശിച്ചാൽ അവൻ അവ പൊറുത്തു നൽകും. അല്ലെങ്കിൽ ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ നരകത്തിൽ ശിക്ഷിക്കുകയും, അതിന് ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും.

ഇത്രയും പറഞ്ഞതിൽ നിന്ന് തൗഹീദിന്റെ മഹത്വവും, അതിനുള്ള പ്രതിഫലത്തിന്റെ വിശാലതയും ബോധ്യപ്പെടും. അതോടൊപ്പം തൗഹീദിന് വിരുദ്ധമായ ശിർകിന്റെ ഗൗരവവും, അതിനുള്ള ശിക്ഷയുടെ കാഠിന്യവും കൂടി മനസ്സിലാക്കാൻ കഴിയും. തൗഹീദുള്ളവർ നരകത്തിൽ ശാശ്വതരാവില്ല എന്നതിൽ നിന്ന് തൗഹീദില്ലാത്തവർ -ശിർക് ചെയ്തവർ- നരകത്തിൽ ശാശ്വതരായിരിക്കും എന്ന് മനസ്സിലാക്കാമല്ലോ?!

إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ

“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.” (മാഇദ: 72)

അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റുന്നവരും, തൗഹീദിൽ അടിയുറച്ചു നിലകൊള്ളുന്നവരുമാക്കി അല്ലാഹു നമ്മെ ജീവിപ്പിക്കുകയും, അതിൽ തന്നെ നമ്മെ മരിപ്പിക്കുകയും ചെയ്യട്ടെ. (ആമീൻ).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: