അറബിലെ ‘വഹ്ഹദ’ (وَحَّدَ) എന്ന പദത്തിൽ നിന്നാണ് തൗഹീദ് എന്ന പദം ഉടലെടുത്തിരിക്കുന്നത്. ഏകനാക്കുക, ഒറ്റയാക്കുക എന്നെല്ലാമാണ് അതിന്റെ അർത്ഥം. അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ കാര്യങ്ങളിൽ അവൻ യാതൊരു പങ്കുകാരനുമില്ലാത്ത വിധം ഏകനാണെന്നും പ്രഖ്യാപിക്കലാണ് തൗഹീദ്. ഈ ഏകത്വം ഒരാൾ മനസ്സു കൊണ്ട് അംഗീകരിക്കുകയും, അവന്റെ പ്രവർത്തനങ്ങളിലൂടെ ജീവിതത്തിൽ പുലർത്തുകയും ചെയ്താൽ അവൻ തൗഹീദുള്ളവനായി.

‘തൗഹീദ്’ എന്ന പദം നേർക്കുനേരെ ഖുർആനിൽ വന്നിട്ടില്ലെങ്കിലും അതിനോട് ബന്ധമുള്ള, ആ പദഘടനയോട് ചേരുന്ന മറ്റനേകം വാക്കുകൾ ഖുർആനിലും ഹദീഥിലും വന്നതായി കാണാം.

അല്ലാഹുവിന്റെ നാമങ്ങളിലൊന്നായ ‘അൽ-വാഹിദ്’ (الوَاحِدُ) ഉദാഹരണം. തൗഹീദ് എന്ന പദത്തിലെ അക്ഷരങ്ങൾ, അതേ ഘടനയിൽ തന്നെയാണ് അല്ലാഹുവിന്റെ ഈ നാമത്തിലും വന്നിരിക്കുന്നത്. അറബി ഭാഷയിൽ പ്രാഥമിക പരിജ്ഞാനമുള്ളവർക്ക് പോലും ‘വാഹിദ്’ എന്ന പദം പരിചിതമായിരിക്കും. അക്കങ്ങൾ എണ്ണിത്തുടങ്ങുന്നത് വാഹിദിലാണ്; ഒന്ന് എന്നർത്ഥം. ഖുർആനിൽ ധാരാളമിടങ്ങളിൽ ‘വാഹിദ്’ എന്ന അല്ലാഹുവിന്റെ നാമം ആവർത്തിച്ചു വന്നിട്ടുണ്ട്.

وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ 

“നിങ്ങളുടെ ആരാധ്യൻ ഏകആരാധ്യൻ (ഇലാഹുൻ വാഹിദ്) മാത്രമാകുന്നു. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.” (ബഖറ: 163)

أَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ ﴿٣٩﴾

“വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും (വാഹിദ്) സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?” (യൂസുഫ്: 39)

അല്ലാഹുവിന്റെ ഏകത്വം ഏറ്റവും പ്രകടമായി വ്യക്തമാകുന്ന അവന്റെ നാമങ്ങളിലൊന്നാണ് ‘അൽ-വാഹിദ്’. സർവ്വ ലോകങ്ങളുടെയും രക്ഷിതാവ് അല്ലാഹു മാത്രമാണെന്നും, എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങളിലും അവൻ ഏകനാണെന്നും, ആരാധനകൾ സർവ്വവും അവന് മാത്രമേ നൽകാവൂ എന്നും ഈ നാമം അറിയിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുന്ന തൗഹീദീ വിശ്വാസമാണ് വാഹിദ് എന്ന ഈ നാമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കം.

‘അൽ-അഹദ്’ എന്ന നാമവും ഇതേ അർത്ഥത്തിൽ തന്നെ. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറ. ഇഖ്‌ലാസിൽ മാത്രമേ ഈ നാമം വന്നിട്ടുള്ളൂ. മുഹമ്മദ് നബി -ﷺ- യുടെ അരികിൽ വന്നുകൊണ്ട് ‘നിന്റെ രക്ഷിതാവിനെ ഞങ്ങൾക്ക് വിവരിച്ചു നൽകൂ’ എന്ന് ആവശ്യപ്പെട്ട ബഹുദൈവാരാധകർക്ക് മറുപടി നൽകിക്കൊണ്ടാണ് സൂറ. ഇഖ്‌ലാസ് അവതരിക്കുന്നത്. അല്ലാഹുവിനെ വിവരിച്ചു നൽകുന്ന സൂറത് ആരംഭിക്കുന്നത് ‘അഹദ്’ എന്ന അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ടാണ്.

എല്ലാ നിലക്കും അല്ലാഹു ഏകനാണെന്നും, അവന് പങ്കുകാരോ പങ്കാളികളോ സഹായികളോ ഇണയോ പിതാവോ സന്താനമോ ഇല്ലെന്നും, അവനോട് സാദൃശ്യമോ തുല്ല്യതോ സമാനതയോ ഉള്ളവരില്ലെന്നും സംശയലേശമന്യേ ഈ നാമം അറിയിക്കുന്നു. അല്ലാഹുവിന്റെ ഏകത്വം പൂർണ്ണമായി ബോധ്യപ്പെടുത്തുന്ന ഈ നാമം -അൽ അഹദ്- തൗഹീദ് എന്ന പദവുമായി വളരെയധികം ചേർന്നു നിൽക്കുന്നു.

അല്ലാഹുവിന്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന മറ്റൊരു നാമമാണ് ‘അൽ-വിത്‌ർ’. ഒറ്റയായുള്ളവൻ എന്ന അർത്ഥം അറിയിക്കുന്ന ഈ നാമവും അല്ലാഹുവിന്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന നാമമാണ്. ‘വിത്‌ർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തൗഹീദാണ്’ എന്ന് അബുൽ അബ്ബാസ് അൽ-ഖുർത്വുബി -رَحِمَهُ اللَّهُ- പറഞ്ഞതായി കാണാം. അല്ലാഹു അവന്റെ അസ്തിത്വത്തിലും അവന്റെ പൂർണ്ണതയിലും പ്രവർത്തനങ്ങളിലും ഏകനാണെന്നും, അല്ലാഹുവിനെ ഏകനാക്കുന്നത് അവൻ ഇഷ്ടപ്പെടുന്നുവെന്നുമാണ് ഈ നാമത്തിന്റെ അർത്ഥം എന്നും അദ്ദേഹം വിവരിച്ചിട്ടുണ്ട്. (മുഫ്ഹിം: 7/18)

തൗഹീദ് എന്ന പദത്തിലേക്ക് വ്യക്തമായ സൂചനകൾ നൽകുന്ന അനേകം ഹദീഥുകളുമുണ്ട്. നബി -ﷺ- യുടെ പ്രബോധനം ആരംഭിച്ചതും അവസാനിച്ചതുമെല്ലാം തൗഹീദിലായിരുന്നു എന്നതിനാൽ അവിടുത്തെ വാക്കുകളിൽ തൗഹീദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ധാരാളമായി കാണാൻ കഴിയും. ഇസ്‌ലാം കാര്യങ്ങൾ എണ്ണിപ്പറയുന്ന ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീഥ് ഉദാഹരണം.

عَنِ ابْنِ عُمَرَ عَنِ النَّبِيِّ -ﷺ- قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسَةٍ، عَلَى أَنْ يُوَحَّدَ اللَّهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇസ്‌ലാം അഞ്ചു കാര്യങ്ങൾക്ക് മേലാണ് പടുത്തുയർത്തപ്പെട്ടത്. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കപ്പെടുക (തൗഹീദ്), നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ്.” (മുസ്‌ലിം: 16)

ഈ ഹദീഥിൽ അല്ലാഹുവിന്റെ തൗഹീദ് അംഗീകരിക്കുക എന്ന കാര്യമാണ് നബി -ﷺ- ഇസ്‌ലാമിലെ ആദ്യത്തെ സ്തംഭമായി എണ്ണിയത്. ഹദീഥിലെ അറബിപദം ശ്രദ്ധിക്കുക; തൗഹീദ് എന്ന വാക്കിന്റെ ക്രിയാരൂപമാണ് അവിടെ ഉപയോഗിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ ദീനിലെ ഏറ്റവും മഹത്തരമായ വിജ്ഞാനം തൗഹീദാണെന്ന് ഈ തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്താതിരിക്കില്ല.

തൗഹീദ് എന്ന പദവുമായി ബന്ധപ്പെട്ട, ആ വാക്കിന്റെ പദപരമായ അർത്ഥം മനസ്സിലാക്കാൻ സഹായകമാകുന്ന ചില പാഠങ്ങളാണ് ഇത്രയും പറഞ്ഞത്. തൗഹീദ് എന്നത് കൊണ്ടുള്ള ഉദ്ദേശം എന്താണെന്ന് വിശദമായി പഠിക്കാൻ നാമെല്ലാം ശ്രമിക്കേണ്ടതുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: