മനുഷ്യൻ ഇഹലോകത്ത് നിന്ന് വിടപറയുന്ന, പരലോകത്തിലേക്ക് കാലെടുത്തു വെക്കുന്ന നിർണായകമായ ഘട്ടമാണ് മരണം. ജനിച്ചവർക്കാർക്കും മരണത്തിൽ നിന്ന് രക്ഷയില്ല. അതിൽ നിന്ന് ഓടിയൊളിക്കാൻ സാധിക്കുന്ന ഒരാളും തന്നെയില്ല. എത്രയെല്ലാം സുരക്ഷിതമായ കോട്ടയിൽ പോയൊളിച്ചാലും മരണത്തിന്റെ ദൂതൻ എല്ലാവരുടെ അടുക്കലും വന്നെത്തും.

എന്നാൽ നമ്മുടെ മരണവേള എപ്രകാരമായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?! മരണത്തെ മുഖാമുഖം നേരിടുമ്പോൾ നമ്മുടെ മനസ്സ് എപ്രകാരമായിരിക്കും എന്നതിനെ കുറിച്ച്… പ്രിയപ്പെട്ടവരും കുടുബവും ചുറ്റുപാടും നിന്നെ നോക്കിനിൽക്കെ -അല്ലെങ്കിൽ ഏകാന്തമായി- മരണത്തെ വരിക്കാൻ തയ്യാറാകുന്ന വേളയിൽ നിന്റെ ഹൃദയം ഏതവസ്ഥയിലായിരിക്കും?! മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ പിശാച് ഏറ്റവും ശക്തമായി അവനെ വഴിപിഴപ്പിക്കാൻ ശ്രമിച്ചേക്കാവുന്ന സമയമാണ് മരണവേള. ആ സന്ദർഭത്തിൽ എന്തായിരിക്കും നമ്മുടെ സ്ഥിതി?

മരണവേളയിൽ പിശാചിന്റെ കുതന്ത്രങ്ങളിൽ അകപ്പെട്ടു പോകുന്നതിൽ നിന്ന് രക്ഷതേടാൻ നബി -ﷺ- നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നബി -ﷺ- യുടെ സുദീർഘമായ പ്രാർത്ഥനയിലെ ഒരു ഭാഗം ഇപ്രകാരമാണ്:

عَنْ أَبِي الْيَسَرِ أَنَّ رَسُولَ اللَّهِ -ﷺ- كَانَ يَدْعُو: «اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ»

അബുൽ യസർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! മരണവേളയിൽ പിശാച് എന്നെ പരാജയപ്പെടുത്തുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.” (അബൂദാവൂദ്: 1552, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ആരെയെങ്കിലും മരണവേളയിൽ പിശാച് കീഴ്പ്പെടുത്തുകയും, അവന്റെ ബുദ്ധിയും ദീനും നശിപ്പിക്കുകയും, അല്ലാഹുവിനെ കുറിച്ച് മോശം വിചാരവും, അവന്റെ വിധിയിൽ നിരാശയും അമർഷവും വെച്ചു പുലർത്തുന്ന അവസ്ഥയിലാക്കുകയും ചെയ്താൽ അതാണ് യഥാർത്ഥ പരാജയം. എല്ലാ നിസ്കാരങ്ങളിലും മരണവേളയിലെ പരീക്ഷണത്തിൽ നിന്ന് രക്ഷതേടാൻ നബി -ﷺ- നമ്മോട് കൽപ്പിച്ചിരിക്കുന്നു എന്നത് തന്നെ മരണവേളയിലെ പ്രയാസത്തിന്റെ കാഠിന്യം ബോധ്യപ്പെടുത്തുന്നതാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും (നിസ്കാരത്തിൽ) തശഹ്ഹുദ് ചൊല്ലിയാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിച്ചു കൊണ്ട് ഇപ്രകാരം പറയട്ടെ: അല്ലാഹുവേ! നരകത്തിന്റെ ശിക്ഷയിൽ നിന്നും, ഖബറിലെ ശിക്ഷയിൽ നിന്നും, ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണത്തിൽ നിന്നും, മസീഹുദ്ദജ്ജാലിന്റെ പരീക്ഷണത്തിലെ തിന്മയിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.” (മുസ്‌ലിം: 588)

മരണവേളയിൽ ചിലർക്ക് സംഭവിച്ചേക്കാവുന്ന അനിശ്ചിതത്വത്തെ കുറിച്ച് ഈ ഹദീഥുകൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ സന്ദർഭത്തിൽ മനസ്സിന് ഏറ്റവും സ്ഥൈര്യം നൽകുകയും, നാവിനെ ഉറപ്പിച്ചു നിർത്തുകയും, നമ്മെ ഇസ്‌ലാമിന്റെ വഴിയിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്ന മഹത്തരമായ ഒരു പ്രവർത്തനമുണ്ട്; അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ ഉറച്ചു നിൽക്കുക എന്ന തൗഹീദാണത്.

അല്ലാഹു മാത്രമാണ് എന്റെ രക്ഷിതാവ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് തൗഹീദിൽ ഉറച്ചു നിലകൊണ്ടവരുടെ മരണവേളയെ കുറിച്ച് അല്ലാഹു അറിയിച്ചതു നോക്കൂ.

إِنَّ الَّذِينَ قَالُوا رَبُّنَا اللَّـهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُونَ ﴿٣٠﴾

“ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരെനിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക.” (ഫുസ്സ്വിലത്: 30)

ആയത്ത് ശ്രദ്ധിച്ചു വായിക്കുക! ശാന്തവും മനോഹരവുമായ മരണം ലഭിക്കാൻ രണ്ട് കാര്യങ്ങളാണ് അല്ലാഹു ഈ ആയത്തിൽ എണ്ണിപ്പറഞ്ഞത്. (1) അല്ലാഹുവാണ് എന്റെ റബ്ബ് എന്ന് പറയുക. (2) പിന്നീട് വളവുകളോ വ്യതിചലനങ്ങളോ ഇല്ലാതെ നേരെ നിലകൊള്ളുക. ഈ രണ്ട് കാര്യങ്ങളും നബി -ﷺ- യുടെ ഹദീഥുകളിലും ഏറെ പ്രാധാന്യത്തോടെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ قَالَ: قُلْتُ: يَا رَسُولَ اللَّهِ، قُلْ لِي فِي الْإِسْلَامِ قَوْلًا لَا أَسْأَلُ عَنْهُ أَحَدًا بَعْدَكَ، قَالَ: «قُلْ: آمَنْتُ بِاللَّهِ، ثُمَّ اسْتَقِمْ»

സുഫ്‌യാൻ ബ്നു അബ്ദില്ല അസ്സഖഫി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! താങ്കൾക്ക് ശേഷം മറ്റാരോടും ചോദിക്കേണ്ടതില്ലാത്ത വിധം, ഇസ്‌ലാമിന്റെ കാര്യത്തിൽ എനിക്കൊരു വാക്ക് താങ്കൾ പറഞ്ഞു തരിക.” നബി -ﷺ- പറഞ്ഞു: “ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുക. ശേഷം നേരെനിലകൊള്ളുക.” (അഹ്മദ്: 15416, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

‘ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു’, ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്നീ വാക്കുകളെല്ലാം തൗഹീദീ വിശ്വാസം അറിയിക്കുന്ന പദങ്ങൾ മാത്രമാണ്. കേവലം അല്ലാഹു ഉണ്ടെന്നോ, അല്ലാഹുവാണ് എന്നെ സൃഷ്ടിച്ചതെന്നോ ഉള്ള വിശ്വാസമല്ല ഈ വാക്കുകൾ കൊണ്ടൊന്നും ഉദ്ദേശിക്കുന്നത്. മറിച്ച്, ഞാൻ എന്റെ സർവ്വ ആരാധനകളും നൽകുന്ന, ഏകനായ എന്റെ ആരാധ്യൻ അല്ലാഹു മാത്രമാണ് എന്നാണ് ഈ പറഞ്ഞതിന്റെയെല്ലാം ഉദ്ദേശം.

ഇതു കൊണ്ടെല്ലാമാണ് മരണത്തിന്റെ അടയാളങ്ങൾ ഒരാളിൽ കണ്ടുതുടങ്ങിയാൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ എന്നറിയിക്കുന്ന, തൗഹീദിന്റെ വചനം അയാൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ടേയിരിക്കണം എന്ന് നബി -ﷺ- പഠിപ്പിച്ചത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ»

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിൽ മരണം ആസന്നമായവർക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലിക്കൊടുക്കുക.” (മുസ്‌ലിം: 916)

അവസാനമായി ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വാക്ക് ഉച്ചരിച്ചു കൊണ്ട് മരണപ്പെട്ടാൽ അവൻ സ്വർഗത്തിലാണ് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്.

عَنْ مُعَاذِ بْنِ جَبَلٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ»

മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരുടെയെങ്കിലും അവസാനത്തെ വാക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.” (അബൂദാവൂദ്: 3116, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

ലാ ഇലാഹ ഇല്ലല്ലാഹ് നാവ് കൊണ്ട് ചൊല്ലാൻ സാധിക്കുക എന്നത് നല്ല അന്ത്യത്തിന്റെ അടയാളമാണ്. അങ്ങനെ മരണപ്പെട്ടവർക്ക് സ്വർഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതുമാണ്. എന്നാൽ -പ്രത്യേകം ശ്രദ്ധിക്കുക!- ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് ചൊല്ലാതെ മരണപ്പെട്ടാലും, ഒരാൾ തൗഹീദ് പാലിച്ചു കൊണ്ടാണ് ജീവിതം നയിച്ചതെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. നബി -ﷺ- യുടെ ഹദീഥുകളിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

عَنْ أَبِي ذَرٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «أَتَانِي آتٍ مِنْ رَبِّي، فَأَخْبَرَنِي أَنَّهُ: مَنْ مَاتَ مِنْ أُمَّتِي لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ» قُلْتُ: وَإِنْ زَنَى وَإِنْ سَرَقَ؟ قَالَ: «وَإِنْ زَنَى وَإِنْ سَرَقَ»

അബൂ ദർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ റബ്ബിൽ നിന്നുള്ള ഒരു ദൂതൻ എന്റെയരികിൽ വരികയും, ‘അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെ എന്റെ ഉമ്മത്തിൽ നിന്ന് മരണപ്പെട്ടവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്’ എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു.” ഞാൻ (അബൂദർ) ചോദിച്ചു: “അവൻ വ്യഭിചരിക്കുകയും മോഷ്ടിക്കുകയും ചെയ്താലും?” നബി -ﷺ- പറഞ്ഞു: “അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും (ശിർക് ചെയ്തില്ലെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്).” (ബുഖാരി: 1237, മുസ്‌ലിം: 94)

മുൻപ് പലതവണ വിശദീകരിച്ചതു പോലെ, ഒരാളുടെ ജീവിതത്തിൽ പല തിന്മകളുമുണ്ടെങ്കിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചു കൊണ്ടാണ് അയാൾ മരിച്ചതെങ്കിൽ അല്ലാഹു അവന്റെ തിന്മകൾ ഒന്നല്ലെങ്കിൽ പൊറുത്തു നൽകുന്നതാണ്. അല്ലെങ്കിൽ ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കുന്നത് വരെ അവനെ നരകത്തിൽ ശിക്ഷിക്കുകയും, ശേഷം സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്.

തൗഹീദിന്റെ പ്രാധാന്യവും മഹത്വവും ഈ തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇപ്രകാരം തൗഹീദ് പാലിച്ചവരുടെ അടുക്കൽ മരണവേളയിൽ മലക്കുകൾ വന്നെത്തുന്ന രൂപം നബി -ﷺ- വിശദമായി വിവരിച്ചു നൽകിയത് കൂടി ഇവിടെ നൽകട്ടെ.

عَنِ الْبَرَاءِ بْنِ عَازِبٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ الْعَبْدَ الْمُؤْمِنَ إِذَا كَانَ فِي انْقِطَاعٍ مِنَ الدُّنْيَا وَإِقْبَالٍ مِنَ الْآخِرَةِ، نَزَلَ إِلَيْهِ مَلَائِكَةٌ مِنَ السَّمَاءِ بِيضُ الْوُجُوهِ، كَأَنَّ وُجُوهَهُمُ الشَّمْسُ، مَعَهُمْ كَفَنٌ مِنْ أَكْفَانِ الْجَنَّةِ، وَحَنُوطٌ مِنْ حَنُوطِ الْجَنَّةِ، حَتَّى يَجْلِسُوا مِنْهُ مَدَّ الْبَصَرِ، ثُمَّ يَجِيءُ مَلَكُ الْمَوْتِ، عَلَيْهِ السَّلَامُ، حَتَّى يَجْلِسَ عِنْدَ رَأْسِهِ، فَيَقُولُ: أَيَّتُهَا النَّفْسُ الطَّيِّبَةُ، اخْرُجِي إِلَى مَغْفِرَةٍ مِنَ اللَّهِ وَرِضْوَانٍ» قَالَ: «فَتَخْرُجُ تَسِيلُ كَمَا تَسِيلُ الْقَطْرَةُ مِنْ فِي السِّقَاءِ، فَيَأْخُذُهَا»

ബറാഅ് ബ്നു ആസിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “(അല്ലാഹുവിൽ) വിശ്വസിച്ച ഒരു അടിമ ഇഹലോകത്ത് നിന്ന് വേർപിരിയുകയും, പരലോകത്തിലേക്ക് പുറപ്പെടുകയും ചെയ്യുന്ന വേളയിൽ അയാളുടെ അരികിൽ ആകാശത്ത് നിന്നുള്ള, വെളുത്ത മുഖമുള്ള മലക്കുകൾ ഇറങ്ങിവരും. അവരുടെ മുഖങ്ങൾ സൂര്യനെ പോലെയുണ്ടായിരിക്കും. സ്വർഗത്തിൽ നിന്നുള്ള കഫൻ പുടവകളും, സ്വർഗത്തിൽ നിന്നുള്ള സുഗന്ധവും അവരോടൊപ്പം ഉണ്ടായിരിക്കും. അങ്ങനെ അദ്ദേഹത്തിന്റെ കണ്ണെത്തുന്ന ദൂരത്ത് അവർ വന്നിരിക്കുന്നതാണ്.

ശേഷം മലകുൽ മൗത് (മരണത്തിന്റെ മലക്) വരികയും, അയാളുടെ തലഭാഗത്തായി ഇരിക്കുകയും ചെയ്യും. അദ്ദേഹം പറയും: പരിശുദ്ധമായ ആത്മാവേ! അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും തൃപ്തിയിലേക്കും മടങ്ങിക്കൊള്ളുക.” നബി -ﷺ- പറയുന്നു: “ഒരു പാത്രത്തിൽ നിന്ന് വെള്ളം ഒഴുകിവരുന്നത് പോലെ ആ ആത്മാവ് പുറത്തു വരുന്നതാണ്. അങ്ങനെ അദ്ദേഹം ആ ആത്മാവിനെ പിടിക്കുന്നതാണ്.” (അഹ്മദ്: 18534)

നബി -ﷺ- സന്തോഷവാർത്ത അറിയിച്ച, വിശ്വാസികളായ ദാസന്മാർക്ക് ലഭിക്കുന്ന മനോഹരമായ അന്ത്യം അല്ലാഹു നമുക്കേവർക്കും നൽകി അനുഗ്രഹിക്കട്ടെ. തൗഹീദിൽ ജീവിക്കാനും, ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉച്ചരിച്ചു കൊണ്ട് മരണം വരിക്കാനും അവൻ നമുക്കേവർക്കും തൗഫീഖ് നൽകട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: