ധാരാളം നബിമാരും റസൂലുകളും മനുഷ്യരിലേക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയും മഹത്വവുമുള്ളവരായിരുന്നു അവരെല്ലാം. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ളവരും അവനോട് ഏറ്റവും സാമീപ്യമുള്ളവരുമാണ് നബിമാരായി നിയോഗിക്കപ്പെടുക. ജനങ്ങളിൽ ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമകളും, ഏറ്റവും ശുദ്ധമായ പ്രവർത്തനങ്ങളും അവർക്കാണുള്ളത്.

എന്തിനായിരുന്നു ഈ നബിമാരെല്ലാം നിയോഗിക്കപ്പെട്ടത്?!

അവരെയെല്ലാം അല്ലാഹു നിയോഗിച്ചതിന്റെ പിന്നിലെ ഏറ്റവും പ്രധാനലക്ഷ്യം തൗഹീദ് ജനങ്ങൾക്ക് എത്തിച്ചു നൽകുക എന്നതായിരുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, അവന് പുറമെയുള്ള ആരാധ്യവസ്തുക്കളെ ഉപേക്ഷിക്കണം എന്നും ജനങ്ങളോട് കൽപ്പിക്കാതെ ഒരു നബിയും ഈ ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ടിട്ടില്ല.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീർച്ചയായും എല്ലാ ജനതയിലേക്കും നാം റസൂലുകളെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, (അവന് പുറമെ ആരാധിക്കപ്പെടുന്ന എല്ലാ) ത്വാഗൂതുകളെയും ഉപേക്ഷിക്കൂ എന്ന് ബോധനം നൽകിക്കൊണ്ട്.” (നഹ്‌ൽ: 36)

ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “എല്ലാ ജനതകളുടെയും മേൽ അല്ലാഹു തന്റെ (തൗഹീദിന്റെ) തെളിവുകൾ സ്ഥാപിച്ചിരിക്കുന്നു എന്ന് ഈ ആയത്ത് അറിയിക്കുന്നു. മുൻകാലക്കാരോ പിൽക്കാലക്കാരോ ആയ ഒരു ജനതയിലും അല്ലാഹു റസൂലുകളെ നിയോഗിക്കാതിരുന്നിട്ടില്ല. അവരുടെയെല്ലാം ക്ഷണം ഒരേയൊരു കാര്യത്തിലേക്കായിരുന്നു. അവരുടെയെല്ലാം ദീൻ ഒരേ ദീനായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒരു പങ്കുകാരനെയും നിശ്ചയിക്കാതിരിക്കുകയും ചെയ്യുക എന്നതായിരുന്നു അത്.” (തഫ്സീറുസ്സഅ്ദി: 440)

നബിമാരുടെ ചരിത്രങ്ങളിൽ അല്ലാഹു ആവർത്തിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയതായി കാണാം. എല്ലാ നബിമാരും ഒരു പോലെ അവരുടെ സമൂഹത്തോടായി പറഞ്ഞത് ഈ വാക്കാണ്:

يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ

“എന്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ മറ്റൊരു ആരാധ്യൻ നിങ്ങൾക്കില്ല.” (മുഅ്മിനൂൻ: 32)

യാതൊരു മാറ്റവുമില്ലാതെ പല നബിമാരും തങ്ങളുടെ സമൂഹങ്ങളോട് ഇതേ വാക്കുകൾ പറഞ്ഞതായി കാണാൻ കഴിയും. നൂഹ് (അഅ്റാഫ്: 59, മുഅ്മിനൂൻ: 23), ഹൂദ് (അഅ്റാഫ്: 65, ഹൂദ്: 50), സ്വാലിഹ് (അഅ്റാഫ്: 73, ഹൂദ്: 61), ശുഐബ് (അഅ്റാഫ്: 85, ഹൂദ്: 84) എന്നിവർ ഇതേ കാര്യം തന്നെയാണ് തങ്ങളുടെ സമൂഹത്തോട് ഓർമ്മപ്പെടുത്തിയത്.

ഈ നബിമാരുടെയെല്ലാം ജനതകളിലേക്ക് നോക്കിയാൽ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അനേകം തകർച്ചകളും മൂല്യച്ചുതികളും അവരിൽ നിലനിന്നിരുന്നതായി കാണാൻ കഴിയും. പക്ഷേ അതെല്ലാം അവർക്കിടയിൽ ഉണ്ടായിട്ടും ആ നബിമാരുടെ പ്രബോധനത്തിന്റെ അടിത്തറ തൗഹീദിലായിരുന്നു നിലകൊണ്ടത്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നായിരുന്നു അവർ തങ്ങളുടെ ജനതയോട് ആവർത്തിച്ചത്.

നബി -ﷺ- യെ നോക്കൂ! മക്കയിൽ വ്യഭിചാരവും മദ്യാസക്തിയും കൊള്ളയും അർത്ഥമില്ലാത്ത യുദ്ധങ്ങളും ഗോത്രപ്പോരുകളും അതിന്റെ പേരിലുള്ള രക്തച്ചൊരിച്ചിലും വ്യാപകമായിരുന്നില്ലേ?! പിഞ്ചുകുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്നവർ വരെ ആ സമൂഹത്തിൽ നിലനിന്നിരുന്നില്ലേ?! എന്നാൽ അവിടുന്ന് ആദ്യം സംസാരിച്ചത് ഈ പറഞ്ഞ എന്തെങ്കിലുമൊരു കാര്യത്തെ കുറിച്ചായിരുന്നോ?! മദ്യപിക്കരുതെന്നോ വ്യഭിചരിക്കരുതെന്നോ പരസ്പരം രക്തം ചിന്തരുതെന്നോ ആയിരുന്നോ നബി -ﷺ- യുടെ ആദ്യത്തെ കൽപ്പന?!

അല്ല! അവിടുന്ന് മക്കയിൽ എഴുന്നേറ്റു നിന്ന് തൗഹീദ് പറഞ്ഞു. വിഗ്രഹങ്ങളെയും മരണപ്പെട്ടവരെയും നബിമാരെയും സ്വാലിഹീങ്ങളെയും വിളിച്ചു പ്രാർത്ഥിക്കരുതെന്നും, അല്ലാഹുവിനോട് മാത്രം സഹായം തേടണമെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും ആവർത്തിച്ചു കൊണ്ടേയിരുന്നു. സ്രഷ്ടാവായ അല്ലാഹുവുമായി ആ ജനങ്ങളുടെ ഹൃദയം അടുക്കുകയും, പരലോകത്തെ കുറിച്ചുള്ള വിശ്വാസം അവരുടെ ഹൃദയത്തിൽ രൂഢമൂലമാവുകയും ചെയ്തപ്പോൾ ബാക്കിയെല്ലാ പുഴുക്കുത്തുകളും എടുത്തു നീക്കുക എളുപ്പമായി.

നബി -ﷺ- തന്റെ അനുചരന്മാർക്കും ഇതേ മാർഗം തന്നെയാണ് ഉപദേശിച്ചു നൽകിയത്.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَنَّ رَسُولَ اللَّهِ -ﷺ- لَمَّا بَعَثَ مُعَاذًا عَلَى اليَمَنِ، قَالَ: «إِنَّكَ تَقْدَمُ عَلَى قَوْمٍ أَهْلِ كِتَابٍ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ عِبَادَةُ اللَّهِ، فَإِذَا عَرَفُوا اللَّهَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي يَوْمِهِمْ وَلَيْلَتِهِمْ…»

മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പ്രബോധകനായി നിയോഗിച്ചയക്കുമ്പോൾ നബി -ﷺ- പറഞ്ഞു: “ഹേ മുആദ്! വേദക്കാരുടെ സമൂഹത്തിലേക്കാണ് നീ പോകുന്നത്. അതിനാല്‍ നീ ആദ്യം അവരെ ക്ഷണിക്കേണ്ടത് അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കായിരിക്കണം. അതവര്‍ മനസ്സിലാക്കിയാല്‍ രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം അവരുടെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക…” (ബുഖാരി: 1458, മുസ്‌ലിം: 19)

യമനിൽ അക്കാലത്ത് ഏറ്റവും കൂടുതലുണ്ടായിരുന്ന വേദക്കാർ യഹൂദരാണ്. ഇസ്‌ലാമിന്റെ ശരിയായ മാർഗത്തോട് അനേകം വിഷയങ്ങളിൽ എതിരു നിൽക്കുന്നുണ്ട് അവരുടെ മതം. മുസ്‌ലിംകളോട് കടുത്ത ശത്രുത പുലർത്തുന്നവരുമാണ് യഹൂദർ. എന്നാൽ നബി -ﷺ- മുആദിനോട് ആദ്യം തന്നെ അവരുടെ ശത്രുതയെ മയപ്പെടുത്താനോ, അവരുടെ മറ്റ് തിന്മകളെ തിരുത്താനോ ഒന്നുമല്ല ഉപദേശിക്കുന്നത്. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് കൽപ്പിക്കാനും, അവനല്ലാത്തവർക്ക് ആരാധനകൾ നൽകുക എന്ന ശിർക് വിലക്കാനുമാണ്.

വിഗ്രഹങ്ങളും ജാറങ്ങളും മഖ്‌ബറകളും ആൾദൈവങ്ങളും മൃഗങ്ങളും പക്ഷികളുമെന്നിങ്ങനെ ബഹുദൈവാരാധന അതിന്റെ സർവ്വ രൂപങ്ങളോടെയും നിലനിൽക്കുന്ന നമ്മുടേതു പോലുള്ള നാടുകളിൽ തൗഹീദാണ് ആദ്യവും അവസാനവുമായി പറഞ്ഞു കൊണ്ടേയിരിക്കേണ്ടത് എന്നതിൽ സംശയമില്ല. തൗഹീദ് പഠിപ്പിക്കുകയും വിശദീകരിച്ചു നൽകുകയും ചെയ്യുക എന്നതിൽ നിന്ന് ഇസ്‌ലാമിക പ്രബോധകന്മാർ അകന്നു പോവുകയും, ഏവർക്കും സ്വീകാര്യമായ -ദാനധർമ്മവും കാരുണ്യവും സഹകരണവും പോലുള്ള- നന്മകൾ കൽപ്പിക്കാനും, സമൂഹം മോശമാണെന്ന് പൊതുവെ മനസ്സിലാക്കിയ -മദ്യപാനവും വ്യഭിചാരവും മോഷണവും പോലുള്ള- തിന്മകളിൽ നിന്ന് വിലക്കാനും മാത്രമായി തങ്ങളുടെ ശേഷിയും സമയവും അവർ മാറ്റിവെക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ആദ്യവരിയിൽ, ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന വിഷയം തൗഹീദാണ് എന്നത് അതിന്റെ പ്രാധാന്യവും മഹത്വവും സംശയലേശമന്യേ ബോധ്യപ്പെടുത്തുന്നു. അല്ലാഹു നമ്മെ തൗഹീദിലേക്ക് ക്ഷണിക്കുകയും, ശിർകിൽ നിന്ന് തടയുകയും ചെയ്യുന്ന ഇസ്‌ലാമിക പ്രബോധകരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: