വിശുദ്ധ ഖുർആനിലെ ചില സൂറതുകൾ തൗഹീദിന്റെ മൂന്നിനങ്ങളിലേക്കും സൂചന നൽകുന്നതായുണ്ട്. അല്ലാഹു മാത്രമാണ് എന്റെ റബ്ബ്, അല്ലാഹു മാത്രമാണ് എന്റെ ഇലാഹ്, അല്ലാഹുവിന് മാത്രം പ്രത്യേകമായ നാമങ്ങളും ഗുണവിശേഷണങ്ങളുമുണ്ട് എന്നറിയിക്കുന്ന തൗഹീദിന്റെ ഈ മൂന്ന് അടിസ്ഥാനങ്ങൾ അവയിൽ കാണാൻ കഴിയും.

ഉദാഹരണമെന്നോണം ഖുർആനിലെ ആദ്യത്തെ സൂറതായ ഫാതിഹഃയും, അവസാനത്തെ സൂറതായ സൂറ. നാസും ഇവിടെ ചെറുവിശദീകരണത്തോടൊപ്പം നൽകാം. എന്നാൽ പ്രത്യേകം ഓർക്കുക; ഈ സൂറതുകളിൽ മാത്രമല്ല, മറിച്ച് ഖുർആനിലെ മിക്കവാറുമെല്ലാ സൂറതുകളിലും തൗഹീദിന്റെ മൂന്നിനങ്ങളിലേക്കും സൂചന നൽകുന്ന തെളിവുകൾ കണ്ടെത്താൻ കഴിയും. ഇവിടെ നാം നൽകുന്നത് അതിലെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്.

1- സൂറ. ഫാതിഹഃ.

ഖുർആനിന്റെ പ്രാരംഭം സൂറ. ഫാതിഹയാണ്. തൗറാതിലോ ഇഞ്ചീലിലോ സബൂറിലോ ഖുർആനിലോ ഫാതിഹയെ പോലെ ഒരു സൂറത് അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. ഖുർആനിലെ ഏറ്റവും മഹത്തരമായ സൂറതായ ഫാതിഹ ഇസ്‌ലാമിലെ അനേകം അടിസ്ഥാനങ്ങളിലേക്ക് സൂചന നൽകുന്നതിനൊപ്പം തൗഹീദിന്റെ മൂന്ന് ഇനങ്ങളിലേക്കും വ്യക്തമായ സൂചന നൽകുന്നുണ്ട്.

തൗഹീദിന്റെ ആദ്യത്തെ ഭാഗമായ ‘റുബൂബിയ്യ’തിലെ തൗഹീദ് ഫാതിഹയുടെ ആദ്യത്തെ ആയത്തിൽ [1] തന്നെയുണ്ട്.

الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾

“ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനാകുന്നു സർവ്വസ്തുതികളും.” (ഫാതിഹ: 2)

ലോകങ്ങളുടെ റബ്ബാണ് അല്ലാഹു എന്ന വാക്ക് സർവ്വ പ്രപഞ്ചത്തെയും സൃഷ്ടിച്ചവനും, അവയെ നിയന്ത്രിക്കുന്നവനും, അവയെ ഉടമപ്പെടുത്തിയവനും അല്ലാഹു മാത്രമാണെന്ന് അറിയിക്കുന്നു. റുബൂബിയ്യതിലെ തൗഹീദ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇതേ കാര്യമാണ്.

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾

“നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.” (ഫാതിഹഃ: 5)

ഫാതിഹയുടെ മദ്ധത്തിലുള്ള ഈ ആയത്ത് തൗഹീദിന്റെ അടിസ്ഥാനം ഏറ്റവും ശക്തമായി ബോധ്യപ്പെടുത്തുന്ന ആയത്താണ്. തൗഹീദിന്റെ രണ്ടാമത്തെ ഭാഗമായ ഉലൂഹിയ്യതിലെ തൗഹീദാണ് ഈ ആയത്തിൽ പ്രകടമായി കാണാൻ കഴിയുക. അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധ്യൻ എന്ന അടിത്തറയാണ് ഈ ആയത്തിൽ സ്ഥാപിക്കപ്പെടുന്നത്.

‘അല്ലാഹുവേ! നിന്നെ മാത്രമേ ഞാൻ ആരാധിക്കൂ’ എന്ന് അല്ലാഹുവുമായി കരാർ ചെയ്ത ഒരടിമ എങ്ങനെയാണ് ഇബാദതുകളുടെ ഒരു കണികയെങ്കിലും അല്ലാഹുവല്ലാത്തവർക്ക് നൽകുക! തന്റെ രക്ഷിതാവുമായി നിത്യവും -എല്ലാ നിസ്കാരങ്ങളിലും- ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ കരാർ അവൻ ലംഘിക്കുന്നെങ്കിൽ അതിനേക്കാൾ വലിയ അപരാധം മറ്റെന്താണുള്ളത്?!

‘അല്ലാഹുവേ! നിന്നോട് മാത്രമേ ഞങ്ങൾ സഹായം തേടുകയുള്ളൂ’ എന്ന കരാറും തൗഹീദിന്റെ അടിത്തറ തന്നെയാണ് ഊട്ടിയുറപ്പിക്കുന്നത്. എനിക്കോ മറ്റേതെങ്കിലും സൃഷ്ടികൾക്കോ യാതൊരു കഴിവും ശക്തിയുമില്ലെന്നും, സർവ്വ ശക്തിയും കഴിവുമുള്ളത് അല്ലാഹുവിന് മാത്രമാണെന്നും സത്യസന്ധമായി വിശ്വസിക്കുന്ന ഒരു മുസ്‌ലിം അല്ലാഹു അല്ലാത്തവരുടെ കാൽക്കൽ അഭയം തേടിച്ചെല്ലുകയോ, അവനല്ലാത്തവരോട് സഹായം ചോദിക്കുകയോ ചെയ്യുന്നത് സങ്കൽപ്പിക്കാൻ കഴിയുമോ?!

الرَّحْمَـٰنِ الرَّحِيمِ ﴿٣﴾

“സർവ്വ വിശാലമായ കാരുണ്യമുള്ളവനും (റഹ്മാൻ), അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം).” (ഫാതിഹഃ: 3)

അല്ലാഹു സർവ്വവിശാലമായ കാരുണ്യമുള്ളവനാണെന്ന് അറിയിക്കുന്നു ‘റഹ്മാൻ’ എന്ന അവന്റെ നാമം. അവന്റെ കാരുണ്യത്തിന് അറ്റമോ അവസാനമോ ഇല്ല. ആ കാരുണ്യം വലയം ചെയ്യാത്ത ഒരു കണിക പോലും പ്രപഞ്ചത്തിൽ എവിടെയുമില്ല. ‘റഹീം’ എന്ന നാമമാകട്ടെ, അല്ലാഹു സൃഷ്ടികൾക്ക് മേൽ ചൊരിഞ്ഞ അവന്റെ അനുഗ്രഹത്തെ അറിയിക്കുന്നു. അവനോളം കാരുണ്യം ചൊരിഞ്ഞ ഒരാളുമില്ല; അവന്റെ കാരുണ്യത്തിൽ നിന്നത്രെ വന്യമൃഗങ്ങൾ അവയുടെ കുഞ്ഞിനെ ലാളിക്കുന്നതും സ്നേഹിക്കുന്നതും. അല്ലാഹുവിന്റെ അസ്തിത്വപരമായ വിശേഷണവും, പ്രവൃത്തിപരമായ വിശേഷണവും ഈ ആയത്ത് ഉൾക്കൊണ്ടിരിക്കുന്നു. [2] അസ്മാഉ വ സ്വിഫാതിൽ അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിന്റെ മൂന്നാമത്തെ ഭാഗം ഈ ആയത്തിൽ ഉൾക്കൊണ്ടിരിക്കുന്നു.

2- സൂറ. നാസ്.

വിശുദ്ധ ഖുർആനിലെ അവസാനത്തെ അദ്ധ്യായമാണ് സൂറ. നാസ്. ഖുർആനിലെ ആദ്യത്തെ അദ്ധ്യായം തൗഹീദിന്റെ മൂന്ന് അടിസ്ഥാനങ്ങളും ഉൾക്കൊണ്ടതു പോലെ, അവസാനത്തെ അദ്ധ്യായവും അവയിലേക്ക് സൂചന നൽകിയിരിക്കുന്നു.

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾

“പറയുക! ജനങ്ങളുടെ റബ്ബിനെ കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. ജനങ്ങളുടെ രാജാവിനെ കൊണ്ട്. ജനങ്ങളുടെ ആരാധ്യനെ കൊണ്ട്.” (നാസ്: 1-3)

അല്ലാഹുവിന്റെ റബ്ബ് എന്ന നാമമാണ് ഒന്നാമത്തെ ആയത്തിൽ പരാമർശിക്കപ്പെട്ടത്. റുബൂബിയ്യത് എന്ന പദവുമായി നേരിട്ടു ബന്ധമുള്ള വാക്കാണത്. രണ്ടാമത്തെ ആയത്തിൽ ഇലാഹ് എന്ന പദം വന്നിരിക്കുന്നു; ഉലൂഹിയ്യതിലെ തൗഹീദിലേക്ക് അത് സൂചന നൽകുന്നു. അല്ലാഹുവിന്റെ മൂന്ന് നാമങ്ങൾ -റബ്ബ്, ഇലാഹ്, മലിക്- എന്നിവ അവന്റെ നാമഗുണവിശേഷണങ്ങളിലേക്കുള്ള സൂചന നൽകുന്നു; അവ തൗഹീദിന്റെ മൂന്നാമത്തെ അടിസ്ഥാനത്തെയും അറിയിക്കുന്നു.

തൗഹീദിന്റെ തെളിവുകൾ ബോധ്യപ്പെടുത്തുന്ന തെളിവുകളിൽ ചിലത് മാത്രമാണ് ഈ പറഞ്ഞതെല്ലാം. അല്ലാഹുവിന്റെ ഏകത്വം വിശദീകരിക്കുന്ന ആയത്തുകൾ കാണാതെ ഖുർആനിലെ ഒരു ഏടും മറിച്ചു പോവുക സാധ്യമല്ല. തൗഹീദിന്റെ മഹത്വവും പ്രാധാന്യവും അവയെല്ലാം നമ്മെ ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.

അല്ലാഹുവിന്റെ തൗഹീദ് പാലിക്കുന്നവരും, അതിന് വേണ്ടി പോരാടുന്നവരും, ആ മാർഗത്തിലേക്ക് ക്ഷണിക്കുന്നവരും, തൗഹീദിന്റെ വഴിയിൽ മരണം വരിക്കുകയും ചെയ്യുന്നവരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തട്ടെ. (ആമീൻ)

[1] ഫാതിഹയിലെ ആദ്യത്തെ ആയത്ത് ഏതാണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. ബിസ്മിയിലാണ് ഫാതിഹഃ ആരംഭിക്കുന്നതെന്ന് അഭിപ്രായപ്പെട്ടവർ ധാരാളം പേരുണ്ട്; നമ്മുടെ പക്കലുള്ള മുസ്വ ഹഫുകളിൽ ഈ അഭിപ്രായപ്രകാരമാണ് എണ്ണം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അൽഹ്മദുലില്ലാഹ് എന്ന ആയത്ത് മുതലാണ് ഫാതിഹഃ ആരംഭിക്കുന്നത് എന്നാണ് ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നത്. അതു കൊണ്ടാണ് ഹംദിന്റെ ആയത്തിനെ ആദ്യത്തെ ആയത്ത് എന്ന് വിശേഷിപ്പിച്ചത്.

[2] അല്ലാഹുവിന്റെ അസ്തിത്വപരമായ വിശേഷണവും, പ്രവൃത്തിപരമായ വിശേഷണവും എന്താണെന്ന് കഴിഞ്ഞ ലക്കത്തിൽ സൂചന നൽകിയിരുന്നു. കൂടുതൽ വിശദീകരണങ്ങൾ പിന്നീട് വായിക്കാം. ഇൻശാ അല്ലാഹ്.

[/mks_toggle]
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: